രാജസേനന്റെ സംവിധാനത്തില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ബയോപിക്, അഭയ കേസ് വീണ്ടും സ്‌ക്രീനില്‍

രാജസേനന്റെ സംവിധാനത്തില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ബയോപിക്, അഭയ കേസ് വീണ്ടും സ്‌ക്രീനില്‍

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. രാജസേനനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഭയാ കേസില്‍ ജനകീയ കൂട്ടായ്മകളിലൂടെയും നിയമപോരാട്ടത്തിലൂടെയും നിരന്തര ഇടപെടല്‍ നടത്തിയ ജോമോന്റെ ജീവിതത്തെയാണ് രാജസേനന്‍ ചലച്ചിത്ര രൂപത്തില്‍ ആവിഷ്‌കരിക്കുന്നത്. അഭയ കേസിലെ ഇടപെടലുകളായിരിക്കും പ്രധാന പ്രമേയം. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയില്‍ സമ്മത കരാറിലെത്തിയതായി ജോമോന്‍ പുത്തന്‍പുരക്കല്‍.

1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ സമിതിയും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉള്‍പ്പെടെയുള്ളവരും നടത്തിയ ഇടപെടലുകള്‍ കേസില്‍ നിര്‍ണ്ണായകമായി. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

അഭയ കേസ് ആധാരമാക്കി ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. എ.കെ സാജന്റെയും എ.കെ സന്തോഷിന്റെയും തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തത്. സുരേഷ് ഗോപിയായിരുന്നു നായകന്‍. സംഗീതയാണ് അഭയയെ മാതൃകയാക്കി സൃഷ്ടിച്ച കേന്ദ്രകഥാപാത്രമായ സിസ്റ്റര്‍ അഭയയുടെ റോളിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in