രണ്ടാം പോരിനൊരുങ്ങി ജോക്കർ, ഒപ്പം ഹാർലി ക്വിന്നും, ജോക്കർ: ഫോളി എ ഡ്യൂക്സ് ട്രെയ്‌ലർ പുറത്ത്

രണ്ടാം പോരിനൊരുങ്ങി ജോക്കർ, ഒപ്പം ഹാർലി ക്വിന്നും, ജോക്കർ: ഫോളി എ ഡ്യൂക്സ് ട്രെയ്‌ലർ പുറത്ത്
Published on

ജോക്വിന്‍ ഫീനിക്സിനെ നായകനാക്കി ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ജോക്കർ: ഫോളി എ ഡ്യൂക്സിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തുവിട്ടു. അമേരിക്കൻ പാട്ടെഴുത്തുകാരിയും ഗായികയുമായ ലേഡി ഗാഗ ചിത്രത്തിൽ ഹാർലി ക്വിൻ എന്ന കഥാപാത്രമായെത്തുന്നു . 2019 ൽ റിലീസായ ജോക്കറിന്റെ ആദ്യഭാഗം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന R റേറ്റഡ് ചിത്രമായി മാറിയിരുന്നു. ഇപ്പോഴിതാ ജോക്കറിന്റെ രണ്ടാം അധ്യായവും ബോക്സ് ഓഫിസിലേക്കെത്തുകയാണ്. മാനസിക അഭയകേന്ദ്രത്തിനുള്ളിൽ വച്ച് കണ്ടുമുട്ടുന്ന ജോക്കറിൻ്റെയും ഹാർലി ക്വിന്നിൻ്റെയും ബന്ധത്തിന്റെ തുടക്കവും അതിനുശേഷം ഉണ്ടാവുന്ന സന്ദർഭങ്ങളുമാണ് ട്രെയ്‌ലറിലുള്ളത് . വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സും ഡി സി കോമിക്‌സും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒക്ടോബർ 4 ന് തിയറ്ററുകളിലെത്തും.

ആദ്യ ഭാഗം പോലെ തന്നെ ഒരു സൈക്കോളജിക്കൽ മ്യൂസിക്കൽ ത്രില്ലർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കാതെറിന്‍ കീനര്‍, ബ്രെന്‍ഡന്‍ ഗ്ലീസണ്‍, സാസി ബീറ്റ്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2022 ജൂണിലാണ് ടോഡ് ഫിലിപ്പ് ജോക്കറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ജോക്കറിന്റെ ആദ്യ ഭാഗമൊരുക്കിയ ടോഡ് ഫിലിപ്സും സ്‌കോട് സില്‍വറും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ആര്‍തര്‍ ഫ്ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ഗോഥം സിറ്റിയിൽ കോമാളി വേഷം കെട്ടുന്ന സാധാരണക്കാരനും ദരിദ്രനുമായ ആർതർ ഫ്ലെക്ക് സൂപ്പർ വില്ലനായ ജോക്കറായി തീരുന്നതാണ് ഒന്നാം ഭാഗത്തിന്റെ കഥ .

Related Stories

No stories found.
logo
The Cue
www.thecue.in