വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫിന് വിജയം; ആഹ്‌ളാദം പങ്കിട്ട് ജോജു ജോര്‍ജും

വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫിന് വിജയം; ആഹ്‌ളാദം പങ്കിട്ട് ജോജു ജോര്‍ജും

ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയം കൈവരിച്ചതിന്റെ ആഘോഷ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വിനായകനും ഒപ്പം നടന്‍ ജോജു ജോര്‍ജും ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ജോജുവും ആഘോഷത്തില്‍ പങ്കാളിയായത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ലാല്‍ ജോസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ജോജു ജോര്‍ജ്. അതിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന വിനായകനെ താരം കണ്ടത്. സുഹൃത്ത് എന്ന നിലയിലാണ് വിനായകനൊപ്പം താന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നതെന്ന് ജോജു റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

'ഷൂട്ടിങ്ങിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയി. ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നു. ഇനിയെന്നെ ഒന്ന് ജീവിക്കാന്‍ അനുവദിക്കണം.' - ജോജു ജോര്‍ജ്

കൗണ്‍സിലറായിരുന്ന സിപിഐഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്. സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പിഡി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in