'എനിക്ക് കാശുണ്ടെടാ, അത് പണിയെടുത്ത് ഉണ്ടാക്കിയതാ', ഇന്ധന വില കൂടിയതിന് റോഡില്‍ നിന്നിട്ടെന്ത് കാര്യം, സമരത്തിനെതിരെ ജോജു ജോര്‍ജ്

'എനിക്ക് കാശുണ്ടെടാ, അത് പണിയെടുത്ത് ഉണ്ടാക്കിയതാ', ഇന്ധന വില കൂടിയതിന് റോഡില്‍ നിന്നിട്ടെന്ത് കാര്യം, സമരത്തിനെതിരെ ജോജു ജോര്‍ജ്

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ പ്രതിഷേധമറിയിച്ച്് നടന്‍ ജോജു ജോര്‍ജ്. ഡീസലിന് വില കൂടിയതിന് റോഡില്‍ പ്രതിഷേധം നടത്തിയട്ട് എന്താണ് കാര്യം. ആളുകളെ ബുദ്ധിമുട്ടിച്ചിട്ടാവരുത് സമരമെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

'ഞാനൊരു സിനിമാ നടനല്ലെങ്കില്‍ സാധാരണക്കാരനായ ഒരു വ്യക്തിയാണ്. ഞാന്‍ എന്റെ ഒരു ജോലിക്ക് പോകുന്ന മനുഷ്യനാണ്. നമ്മുടെ നാട് ഭരിക്കേണ്ടവര്‍ ഇത്ര മണിക്കൂറുകളോളം വണ്ടി തടയുന്നത് എന്ത് പരിപാടിയാണ്. ഇങ്ങനെ ഒരു പ്രവൃത്തി ഇനി മേലില്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കരുത്. പുറത്തുനിന്നുള്ള ആളുകള്‍ കണ്ടാല്‍ നാണക്കേട് അല്ലെ ഇത്. ഡീസലിന് വില കൂടിയതിന് ഈ റോഡില്‍ പ്രതിഷേധം നടത്തിയട്ട് എന്താണ് കാര്യം. ചേട്ട ഞാനല്ല വില കൂട്ടിയത് എന്ന് പറഞ്ഞാല്‍ മതിയോ? ഇന്ധന വില കൂടിയത് പ്രശനം തന്നെയാണ്. അതില്‍ പ്രതിഷേധിക്കണം. പക്ഷെ ആളുകളെ ബുദ്ധിമുട്ടിച്ചിട്ടാവരുത്. പ്രതിഷേധിക്കേണ്ടത് സ്വയം ഉപദ്രവിച്ചുകൊണ്ടാണോ?'- ജോജു ജോര്‍ജ്

വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം. ഇതുവഴി യാത്ര ചെയ്യവെയാണ് ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. മണിക്കൂറുകളോളം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെതിരെ ജോജു വിമര്‍ശനം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ താരം സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ഒടുവില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജുമായി തട്ടിക്കയറുകയും ചെയ്തിരുന്നു. സമരം ചെയ്യുന്ന സ്ത്രീകളോട് ജോജു ജോര്‍ജ് മദ്യപിച്ച് മോശമായി പെരുമാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു. പ്രതിഷേധമറിയിച്ച് തിരിച്ച് കാറില്‍ കയറിയ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in