'സിനിമ നടനായാല്‍ പ്രതികരിക്കാന്‍ പാടില്ലേ?'; കോണ്‍ഗ്രസ് നേതാക്കള്‍ അപ്പനെയും അമ്മയെയും തെറി വിളിച്ചുവെന്ന് ജോജു ജോര്‍ജ്

'സിനിമ നടനായാല്‍ പ്രതികരിക്കാന്‍ പാടില്ലേ?'; കോണ്‍ഗ്രസ് നേതാക്കള്‍ അപ്പനെയും അമ്മയെയും തെറി വിളിച്ചുവെന്ന് ജോജു ജോര്‍ജ്
Published on

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരം തെറ്റായ പ്രവൃത്തിയെന്ന അഭിപ്രായത്തില്‍ ഉറച്ച് നിന്ന് ജോജു ജോര്‍ജ്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണത്തിന് പിന്നാലെ ജോജു വൈദ്യ പരിശോധനക്ക് വിധേയനായിരുന്നു. അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് റോഡ് ഉപരോധിച്ചത് തെറ്റാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് ജോജു വ്യക്തമാക്കിയത്.

ജോജുവിന്റെ വാക്കുകള്‍: 'ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരായി ചെയ്ത പ്രവൃത്തിയല്ല. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോ തെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയായിരുന്നു. ഇവിടെ ഹൈക്കോടതി വിധി പ്രകാരം റോഡ് ഉപരോധിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ സമരം ചെയ്യുന്നവരോട് ഇത് പോക്രിത്തരമാണെന്ന് പറഞ്ഞു. പക്ഷെ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ പാര്‍ട്ടിക്കോ എതിരായല്ല പറഞ്ഞത്. അതിന് ശേഷം ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എനിക്കെതിരെ പരാതി നല്‍കി. ഞാന്‍ മദ്യപിച്ചിരുന്ന ആള് തന്നെയാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. എന്നെ അവിടെ നിന്ന് പൊലീസാണ് രക്ഷിച്ചത്. പ്രതികരിച്ചതില്‍ എനിക്ക് അവിടുന്ന പണി കിട്ടി. എന്റെ വണ്ടി തല്ലി തകര്‍ത്തു.

ഞാന്‍ റോഡില്‍ നിന്ന് വാഹനം തടഞ്ഞവരോടാണ് പോയി സംസാരിച്ചത്. പക്ഷെ എന്റെ അച്ഛനെയും അമ്മയെയും പച്ച തെറി വിളിച്ചത് കോണ്‍ഗ്രസിന്റെ നേതാക്കളാണ്. അവര്‍ക്കെന്നെ തെറി വിളിക്കാം ഇടിക്കാം. കാരണം ഞാനാണ് അവരോട് സംസാരിച്ചത്. എന്നാല്‍ എന്റെ അച്ഛനും അമ്മയും എന്താണ് അവരോട് ചെയ്തത്. അവര്‍ ചെയ്തത് ശരിയല്ലെന്നതില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഞാന്‍ സിനിമ നടനാണെന്നത് മാറ്റി വെക്കാം. എനിക്ക് പകരം ആ വണ്ടിയിലുണ്ടായ മറ്റാരെങ്കിലും ആണ് ഇത് പറഞ്ഞിരുന്നെങ്കിലോ?

സിനിമ നടനായതിനാല്‍ പ്രതികരിക്കാന്‍ പാടില്ലെന്നുണ്ടോ? ഞാന്‍ സഹികെട്ടിട്ടാണ് പോയി പറഞ്ഞത്. ഇത് ഒരിക്കലും രാഷ്ട്രീയവത്കരിക്കരുത്. ഇതിന്റെ പേരില്‍ ഒരു മാധ്യമങ്ങളും ഇനി എന്നെ വിളിക്കരുത്. ഇത് ഒരു ഷോക്ക് വേണ്ടി ഞാന്‍ ചെയ്തതല്ല. ഷോ കാണിക്കാനാണ് ഞാന്‍ സിനിമ നടനായത്. അപ്പോ അതില്‍ കൂടുതല്‍ ഷോ കാണിക്കാനില്ലല്ലോ. എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും എതിര്‍പ്പില്ല. ഞാന്‍ ആ റോഡ് ഉപരോധിച്ച് സമരം നടത്തിയവരോടുള്ള പ്രതിഷേധമാണ് അറിയിച്ചത്.'

തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in