'പൂച്ച അനുസരിക്കുന്ന പോലെ മമ്മൂട്ടി അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്', കെജി ജോര്‍ജ്ജിനെക്കുറിച്ച് ജോണ്‍പോള്‍

'പൂച്ച അനുസരിക്കുന്ന പോലെ മമ്മൂട്ടി അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്', കെജി ജോര്‍ജ്ജിനെക്കുറിച്ച് ജോണ്‍പോള്‍

മലയാളത്തിലെ മാസ്‌റ്റേഴ്‌സിൽ ഒന്നാം പേരുകാരനായ കെ ജി ജോർജ്ജ് സിനിമകൾക്കൊപ്പം കൊവിഡ് ലോക്ക് ഡൗൺ കാലത്തും ചർച്ചയാണ്. കെ ജി ജോർജ്ജിന്റെ സാന്നിധ്യത്തിൽ തിരക്കഥാകൃത്തും ആത്മമിത്രവുമായ ജോൺ പോൾ അദ്ദേഹത്തിന്റെ സംവിധാന ശൈലിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തേവര സേക്രഡ് ഹാർട്ട് കോളജിൽ 'ഗുരുവന്ദനം' എന്ന പേരിൽ നടന്ന ചലച്ചിത്ര സംവാദം യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന് പിന്നാലെയാണ് കെ ജി ജോർജ്ജും സിനിമകളും വീണ്ടും ചർച്ചയായിരിക്കുന്നത്.

കഥാപാത്രങ്ങളിൽ നിന്ന് മികച്ച അഭിനയം ചോദിച്ചുവാങ്ങുന്ന സംവിധായകനായിരുന്നു കെ ജി ജോർജ്ജ്. 1988ൽ 'മറ്റൊരാൾ' എന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹവുമൊത്തുണ്ടായ അനുഭവം വിവരിക്കുകയാണ് ജോൺ പോൾ. അന്ന് കെ ജി ജോർജ്ജ് തീരുമാനിച്ചിരുന്ന ഒരു രം​ഗം മറ്റൊരു രീതിയിൽ ചെയ്തുകൂടേ എന്ന് നായകനായ മമ്മൂട്ടി ചോദിച്ചിരുന്നു. മമ്മൂട്ടി പറഞ്ഞ ആശയം ജോർജ്ജ് നിരസിക്കുകയും ദേഷ്യപ്പെട്ട് മാറ്റി നിർത്തുകയും ചെയ്തു. മമ്മൂട്ടി അന്ന് പൂച്ചയെ പോലെ അദ്ദേഹം പറഞ്ഞതെല്ലാം അനുസരിച്ചിരുന്നയായി താനിന്നും ഒർക്കുന്നു എന്ന് ജോൺ പോൾ പറയുന്നു.

ജോൺ പോളിന്റെ വാക്കുകൾ:

'മറ്റൊരാൾ' എന്ന ചിത്രത്തിൽ ഒരു രം​ഗമുണ്ട്. കരമന ജനാർദ്ധനൻ നായർ സീമയെ വല്ലാതെ ദേഹോപദ്രവം ഏൽപ്പിക്കുന്നിടത്തേയ്ക്ക് മമ്മൂട്ടി കടന്നുവരുന്നു. മമ്മൂട്ടി പിടിച്ചുമാറ്റി ജനാർദ്ധനൻ നായരേയും കൂട്ടിക്കൊണ്ട് കടന്നുപോകുന്നു. എല്ലാ വിറങ്ങലിപ്പോടും കൂടി സീമയുടെ കഥാപാത്രം ഭിത്തിയിൽ ചാരി നിലത്തേയ്ക്ക് ഊർന്നിരിക്കുന്നു. ജോർജ്ജ് ഇത് ലൈറ്റ്അപ് ചെയ്ത് ഷോട്ട് ഡിവൈഡ് ചെയ്ത് എല്ലാം കഴിയുമ്പോഴാണ് മമ്മൂട്ടി വരുന്നത്. മമ്മൂട്ടി അതിനകം ഉയർന്ന് പ്രതിഷ്ട നേടിക്കഴിഞ്ഞ താരമായി മാറിയിരുന്നു. ഷോട്ടിന്റെ ഒരു പൊസിഷൻ കണ്ട് കഴിഞ്ഞപ്പേൾ മമ്മൂട്ടി പറഞ്ഞു, 'ജോർജ്ജ് സാറേ നമുക്കിത് ഇങ്ങനെ എടുത്താലോ? നടന്നുവരുമ്പോൾ ഇവിടുത്തെ ശബ്ദം കേട്ടിട്ട് ഞാൻ അങ്ങോട്ട് നോക്കുന്നു. എന്റെ സബ്ജക്ടീവിൽ ഇവര് പിടീം വലീം നടത്തുന്നത് കാണുന്നു. ഞാൻ ഓടിവന്ന് പിടിച്ചുമാറ്റുന്നു. എന്നിട്ട് ഞാൻ ജനാർദ്ധനൻ നായരേയും കൊണ്ട് നടന്ന്, മെല്ലെ പുറകോട്ടു തിരിഞ്ഞുനോക്കുമ്പോൾ എന്റെ സബ്ജക്ടീവിൽ സീമ ഊർന്ന് താഴേയ്ക്ക് ഇരിക്കുന്നത് കാണുന്നു. രണ്ടും ഒന്നാണ്.' അപ്പൊ ജോർജ് പറഞ്ഞു, 'അതേ മമ്മൂട്ടി, ഇതങ്ങനെയും എടുക്കാം, പക്ഷെ ഇത് ഞാൻ എടുക്കുന്ന സിനിമയാണ്, ഞാൻ ഉദ്ധേശിക്കുന്ന രീതിയിൽ തന്നെ എടുക്കണം. ​ഗോ ആന്റ് സ്റ്റാന്റ് ഇൻ യുവർ പൊസിഷൻ.' പൂച്ച അനുസരിക്കുന്നപോലെ മമ്മൂട്ടി അത് അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in