മമ്മൂട്ടിയുടെ സമ്മതമില്ലായിരുന്നുവെങ്കിൽ രേഖാചിത്രം സംഭവിക്കുമായിരുന്നില്ലെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ. ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വന്നതിന് പിന്നാലെ സിനിമയിൽ മമ്മൂട്ടിയുണ്ടോ എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂക്കയുടെ പിന്തുണ കൊണ്ടാണ് തങ്ങൾക്ക് ഈ ചിത്രവുമായി മുന്നോട്ട് പോകാൻ സാധിച്ചതെന്നും അസാധ്യമെന്ന് തനിക്ക് തോന്നിയൊരു കാര്യത്തെ ഏറ്റെടുക്കാൻ പ്രേരകമായതിന് മമ്മൂക്കയോട് നന്ദിയുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ജോഫിൻ ടി ചാക്കോ പറഞ്ഞത്.
ജോഫിൻ ടി ചാക്കോ പറഞ്ഞത്:
മമ്മൂക്ക, നിങ്ങളുടെ ഒരു 'യെസ്' ഇല്ലായിരുന്നുവെങ്കിൽ രേഖാചിത്രം സംഭവിക്കുമായിരുന്നില്ല. താങ്കളുടെ പിന്തുണയാണ് ഞങ്ങളെ ഒരോ ചുവടും മുന്നോട്ടേക്ക് നയിച്ചത്. വ്യക്തിപരമായി തന്നെ എനിക്ക് അസാധ്യമെന്ന് തോന്നിയ ഒരു കാര്യം ഏറ്റെടുക്കാനുള്ള ഉത്തേജനവും പ്രേരകശക്തിയും ആയതിന് നന്ദി. എല്ലാറ്റിനുമുപരിയായി, ഈ സിനിമയുടെ ഭാഗമായതിന് ഞങ്ങൾ നന്ദി പറയുന്നു
ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസേഴ്സ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.