
മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്ത് കരിയർ തുടങ്ങണം എന്നുള്ളത് മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആരുടെയും ആഗ്രമാണെന്ന് കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസ്. അതിനെ സാധൂകരിക്കും വിധമുള്ള വലിയൊരു ചരിത്രം നമുക്ക് മുന്നിലുണ്ട്. അദ്ദേഹം ചാൻസ് കൊടുത്ത് വളർന്നു വലുതായവരും ശ്രമങ്ങൾ നടത്തി പൊലിഞ്ഞു പോയവരും. ആലോചനയുടെ തുടക്കത്തിൽ മമ്മൂട്ടി മനസിൽ ഉണ്ടായിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തിന് ഇഷ്ടപ്പെടാൻ സാധ്യതയുള്ള പലതും കഥയിലുണ്ട് എന്ന് തിരിച്ചറിയുകയും ചെയ്തതാണെന്നും ജിതിൻ കെ ജോസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ജിതിൻ കെ ജോസിന്റെ വാക്കുകൾ
മലയാളത്തില്‍ സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന യുവ സംവിധായകരുടെയെല്ലാം ഒരു അൾടിമേറ്റ് എയിമാണ് മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്ത് തുടങ്ങുക എന്നത്. കാരണം, അദ്ദേഹത്തിന് അങ്ങനൊരു വലിയ ഹിസ്റ്ററി നമുക്ക് മുന്നിലുണ്ട്, അങ്ങനെ വന്ന് സക്സസ്ഫുള്ളായിട്ടുള്ള ഒരുപാട് ആളുകൾ നമുക്ക് മുന്നിലുണ്ട്. അതുപോലെ, ശ്രമിച്ചിട്ട് എത്താത്തവരും കാണും. ഒരു സ്വപ്നമായിരുന്നു, പക്ഷെ, റിയലിസ്റ്റിക്കലി പോസിബിളായ ഒരു സംഗതിയായി മനസിലേക്ക് കയറിയിട്ടില്ലായിരുന്നു. കഥയെഴുതി, അത് ഡെവലപ്പ് ചെയ്ത് മുന്നോട്ട് പോകുന്ന ഒരു ഓർഗാനിക്ക് പ്രോസസാണല്ലോ സിനിമ. അപ്പോൾ തുടക്കത്തിൽ തന്നെ ആർക്കായിരിക്കും ഇത് സൂട്ട് ആവുക എന്ന് നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കില്ല.
ഡെവലപ്പ്മെന്റ് സ്റ്റേജിൽ ഈ കഥാപാത്രം വലുതായപ്പോൾ അത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നൊരു തോന്നൽ പതുക്കെ പതുക്കെ മനസിലേക്ക് കയറൻ തുടങ്ങിയത്. രണ്ട് പേർക്ക് പ്രാധാന്യമുള്ള കഥയായതുകൊണ്ട് ആദ്യം അപ്രോച്ച് ചെയ്തത് പൃഥ്വിരാജിനെയായിരുന്നു. മനസിൽ അപ്പോഴും അപ്പുറത്ത് മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ എന്നൊരു തോന്നൽ പ്രകടമായി നിലനിൽക്കുന്നുണ്ടെങ്കിലും പൃഥ്വിയോട് അത് പറഞ്ഞില്ല. പക്ഷെ, കഥ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, മമ്മൂക്കയെ കിട്ടിയാൽ നന്നായിരിക്കുമെന്ന്. അങ്ങനെ അദ്ദേഹത്തിലെത്തി, കഥ കേട്ടു, സംശയങ്ങൾ ചോദിച്ചു, പിരിയുമ്പോൾ ഓക്കെയാണ് എന്നൊരു ടോണിൽ അവസാനിപ്പിച്ചു.