'ഏയ് ബനാനെ ഒരു പൂ തരാമോ' എന്നെഴുതുന്നതിൽ എന്താണ് തെറ്റ്? കൊച്ചുകുട്ടികൾ എഴുതുന്ന പാട്ടാണെന്ന് പറയുന്നതിൽ കാര്യമില്ല: ജിസ് ജോയ്

'ഏയ് ബനാനെ ഒരു പൂ തരാമോ' എന്നെഴുതുന്നതിൽ എന്താണ് തെറ്റ്? കൊച്ചുകുട്ടികൾ എഴുതുന്ന പാട്ടാണെന്ന് പറയുന്നതിൽ കാര്യമില്ല: ജിസ് ജോയ്
Published on

'ഏയ് ബനാനെ ഒരു പൂ തരാമോ' എന്ന പാട്ടിനെതിരെയുള്ള വിമർശനത്തിൽ പ്രതികരണവുമായി സംവിധായകൻ ജിസ് ജോയ്. മാറ്റങ്ങൾ നാട്ടിലും പ്രകൃതിയിലും ടെക്നോളജിയിലും എല്ലാം മാറിക്കൊണ്ടേയിരിക്കും. അത് ഭാഷയിലും വരും. ഏ ബനാനെ ഒരു പൂ തരാമോ എന്നത് കൊച്ചുകുട്ടികൾ എഴുതുന്ന പാട്ടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്ക് ആവശ്യമെങ്കിൽ അങ്ങനെ എഴുതുക എന്നുള്ളത് മാത്രമാണുള്ളത്. മറ്റ് തരത്തിലുള്ള പാട്ടുകൾ ഒരു വശത്തുണ്ടല്ലോ. ആരാധികേ പോലുള്ള ഗാനങ്ങളും ഈ തലമുറയിലാണുള്ളതെന്ന് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞു.

ഗാനനിരൂപകൻ ടിപി ശാസ്തമംഗലം പാട്ടിനെ വിമർശിച്ചുകൊണ്ട് മുന്നോട്ടു വന്നത് വലിയ ചർച്ചയായിരുന്നു. പി ഭാസ്കരന്റെ ജന്മശദാബ്ധിയോടനുബന്ധിച്ചാണ് വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളിലെ പാട്ടുകളെ നിരൂപകൻ വിമർശിച്ചത്. 'ഹേയ് ബനാനേ ഒരു പൂ തരാമോ തുടങ്ങിയ പാട്ടുകൾ നഴ്സറി കുട്ടികൾക്ക് വരെ എഴുതാമെന്നും ഈ പാട്ടെഴുതിയവരൊക്കെ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറ് വട്ടം തൊഴണം എന്നുമായിരുന്നു വിമർശനം.

ജിസ് ജോയ് പറഞ്ഞത്:

അടിപൊളി എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നുണ്ട്. 50 വർഷത്തിന് മുൻപുള്ള ഒരാൾ ഈ വാക്കൊന്നും ഉപയോഗിച്ചിട്ട് പോലും ഉണ്ടാകില്ല. നമ്മുടെ മുൻപുള്ള തലമുറ ഫ്ലൈഓവർ എന്ന സംഭവം കണ്ടിട്ടേ ഉണ്ടാകില്ലല്ലോ. കടത്ത് വഴി പുഴ കടന്നിരുന്നവർ ഇന്ന് പാലം വഴി പോകുന്നു. മാറ്റങ്ങൾ നാട്ടിലും പ്രകൃതിയിലും ടെക്നോളജിയിലും എല്ലാം മാറിക്കൊണ്ടേയിരിക്കും. അത് ഭാഷയിലും വരും. ഏ ബനാനെ ഒരു പൂ തരാമോ എന്നത് കൊച്ചുകുട്ടികൾ എഴുതുന്ന പാട്ടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആ സിനിമയ്ക്ക് അതാണ് വേണ്ടതെങ്കിൽ അതെഴുതുക എന്നതാണ്. അത്രേയേയുള്ളു. അതിൽ മറ്റൊരു വർത്തമാനത്തിന്റെ കാര്യമില്ല. മറ്റ് തരത്തിലുള്ള പാട്ടുകൾ ഒരു വശത്തുണ്ടല്ലോ.

ആയിരം പാദസരങ്ങൾ കിലുങ്ങി, സന്യാസിനി പോലെയുള്ള പാട്ടുകൾ ഉണ്ടല്ലോ. അത്തരം സിനിമകൾക്ക് അങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകട്ടെ. ആരാധികേ എന്ന പാട്ട് ഈ കാലഘട്ടത്തിൽ ഉണ്ടായതാണല്ലോ. ഒരു സിനിമയ്ക്ക് അനുയോജ്യമായ പാട്ടുണ്ടായാൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം. രണ്ടരമണിക്കൂർ ആളുകൾ ടിക്കറ്റ് എടുത്തു വന്നിരിക്കുകയാണ്. അവിടെ ആളുകളെ ത്രസിപ്പിക്കാൻ ചെയ്യുന്ന ഒരു സംഭവമാണ് സിനിമ. അവരുടെ ശ്രദ്ധയെ പിടിച്ചു പറ്റാൻ സഭ്യമായ ഭാഷയിൽ നിങ്ങൾക്കെന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാം എന്നുള്ളതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in