'നമ്മൾ വെറും അഭിനേതാക്കൾ മാത്രം' ; സ്‌ക്രീനിൽ രാഷ്ട്രീയക്കാരനെ അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ ഉപദേശത്തെക്കുറിച്ച് ജീവ

'നമ്മൾ വെറും അഭിനേതാക്കൾ മാത്രം' ; സ്‌ക്രീനിൽ രാഷ്ട്രീയക്കാരനെ അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ ഉപദേശത്തെക്കുറിച്ച് ജീവ

മമ്മൂട്ടിയെ നായകനാക്കി വൈ എസ് രാജശേഖർ റെഡ്ഡിയുടെ ജീവിതം പറഞ്ഞ ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം യാത്ര 2 വിൽ മമ്മൂട്ടിയുടെ മകനായെത്തുന്നത് തമിഴ് താരം ജീവയാണ്. 2001ൽ ആനന്ദം എന്ന സിനിമ ചെയ്യുമ്പോഴാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും പിന്നീട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം യാത്ര 2 വിന്റെ സെറ്റിലാണ് അദ്ദേഹത്തെ കാണുന്നതെന്നും ജീവ പറയുന്നു. ഒരു പൊളിറ്റിക്കൽ ലീഡറായ വൈഎസ്ആറിന്റെ ജീവിതം തിരശ്ശീലയിൽ അവതരിപ്പിച്ചപ്പോൾ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്ന ജീവയുടെ ചോദ്യത്തിന് നമ്മൾ അഭിനേതാക്കളാണെന്നും നമ്മൾ അവരെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നു എന്നതിന്റെ അർഥം നമ്മൾ അവരെ പിന്തുണയ്ക്കുന്നു എന്നോ അവരുടെ രാഷ്രട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നെന്നോ അല്ലെന്നും മമ്മൂട്ടി പറഞ്ഞെന്ന് ജീവ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീവയുടെ പ്രതികണം.

ജീവ പറഞ്ഞത്:

ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് 2001ൽ ആനന്ദം എന്ന സിനിമ ചെയ്യുമ്പോഴാണ്. അതിന് ശേഷം രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം യാത്ര 2 വിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞാൻ അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു. വളരെ രസകരമായ സമയമായിരുന്നു അത്. ഞാൻ അദ്ദേഹത്തോട് ചോ​ദിച്ചു. സാർ നിങ്ങൾ യാത്രയുടെ ആദ്യ ഭാ​ഗത്തിൽ വൈ എസ് രാജശേഖർ റെഡ്ഡിയായി അഭിനയിച്ചു. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾ നേരിട്ടിരുന്നോ എന്ന്. എന്ത് പ്രശ്നം? നമ്മൾ വെറും അഭിനേതാക്കൾ മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം പറഞ്ഞ കാര്യം എന്നെ തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നതിനാൽ ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അദ്ദേഹം ഇതുകൂടി പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ നമ്മൾ വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്കാണ് നീങ്ങുന്നത്, നമ്മൾ അവരെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നു എന്ന് കരുതി നമ്മൾ അവരെ സപ്പോർട്ട് ചെയ്യുന്നു എന്നോ അല്ലെങ്കിൽ അവരുടെ പൊളിറ്റിക്കൽ പാർട്ടിയെ നമ്മൾ സപ്പോർട്ട് ചെയ്യുന്നു എന്നോ അതിന് അർഥമില്ല. നിങ്ങൾ ഒരു തമിഴനാണ്, ഒരു നടനും കൂടിയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ലോകം എന്നത് ഒരു വേദിയാണ്.

ചിത്രത്തിൽ വൈ എസ് രാജശേഖർ റെഡ്ഡിയുടെ മകനും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയെയാണ് ജീവ അവതരിപ്പിക്കുന്നത്. മ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര രണ്ടാം ഭാഗവും ഉണ്ടാകുമായിരുന്നില്ല. ഈ അവസരത്തിന് താൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും എന്നും മമ്മൂട്ടി സാർ സെറ്റിലെത്തി ആ റോളിന് ജീവൻ നൽകിയത് കണ്ടപ്പോൾ ഒരു ദേജാവു അനുഭവമായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ മഹി വി രാഘവ് മുമ്പ് പറഞ്ഞിരുന്നു. ശിവ മേക്കയാണ് സഹനിർമ്മാതാവ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത് സെൽവ കുമാർ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in