
മേനേ പ്യാർ കിയാ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകനും നടനുമായ ജിയോ ബേബി.മുഴുവൻ ചെറുപ്പക്കാർ മാത്രമുള്ള സിനിമയായതിനാൽ സെറ്റിലേക്ക് ആദ്യം വരുമ്പോൾ ചെറിയ ഭയമുണ്ടായിരുന്നു. എന്നാൽ അഞ്ച്-പത്ത് നിമിഷങ്ങൾക്കുള്ളിൽ അത് മാറുകയും പിന്നീട് അങ്ങോട് സെറ്റ് രസകരമായി മാറുകയും ചെയ്തുവെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ജിയോ ബേബിയുടെ വാക്കുകൾ
മേനേ പ്യാർ കിയ എന്ന സിനിമയിൽ വ്യത്യസ്തമായൊരു വേഷമാണ്. നല്ല വൈബ് തന്ത എന്ന് വേണമെങ്കിൽ പറയാം. തന്ത വൈബല്ല. സത്യം പറഞ്ഞാൽ, ഇത്തരത്തിലുള്ള സിനിമകൾ ചെയ്യണം എന്നാണ് എന്റെയും ആഗ്രഹം. പക്ഷെ, എഴുതിപ്പോകുന്നത് മറ്റൊന്നാകുന്നു എന്ന് മാത്രം. എന്റർടൈനറുകൾ ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ജഗതി ശ്രീകുമാർ പുലിവാൽ കല്യാണത്തിൽ ടി ഷർട്ടും പാന്റുമിട്ട് വന്നിരിക്കുന്ന പോലെയായിരുന്നു ആദ്യമൊക്കെ. പക്ഷെ, പിന്നീട് ശരിയായി. കുട്ടികളുടെ പ്രായത്തിനോട് ചേർന്ന് നിൽക്കുന്ന നല്ലൊരു തന്തയായാണ് മേനേ പ്യാർ കിയാ എന്ന സിനിമയിൽ എത്തുന്നത്.
ഈ സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ എനിക്കും ഭയങ്കര പേടിയായിരുന്നു. എല്ലാവരും ചെറുപ്പക്കാർ ആണല്ലോ. ഇവരോടൊക്കെ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്നും ഇവർക്ക് നമ്മളെ മനസ്സിലാകുമോ എന്നുമെല്ലാം സംശയമായിരുന്നു. ആദ്യത്തെ അഞ്ച്-പത്ത് മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും മസിൽ പിടുത്തം ഉണ്ടായിരുന്നു. എന്നാൽ അത് കഴിഞ്ഞ് എല്ലാം മാറി. സെറ്റും ഭയങ്കര രസമായിരുന്നു.