മേനേ പ്യാർ കിയയിൽ തന്ത വൈബല്ല, ഞാനൊരു 'വൈബ് തന്ത': ജിയോ ബേബി

മേനേ പ്യാർ കിയയിൽ തന്ത വൈബല്ല, ഞാനൊരു 'വൈബ് തന്ത': ജിയോ ബേബി

Published on

മേനേ പ്യാർ കിയാ എന്ന സിനിമയിൽ താൻ ഒരു വൈബ് തന്തയായാണ് അഭിനയിക്കുന്നത് എന്ന് സംവിധായകനും നടനുമായ ജിയോ ബേബി. ക്ലീഷേ അച്ഛൻ വേഷങ്ങളെ പൊളിച്ചെഴുതുന്ന കഥാപാത്രമാണ് തനിക്ക് ഈ സിനിമയിൽ. ഇത്തരത്തിലുള്ള സിനിമകൾ ചെയ്യാനാണ് തനിക്ക് എപ്പോഴും ആ​ഗ്രഹമെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജിയോ ബേബിയുടെ വാക്കുകൾ

മേനേ പ്യാർ കിയ എന്ന സിനിമയിൽ വ്യത്യസ്തമായൊരു വേഷമാണ്. നല്ല വൈബ് തന്ത എന്ന് വേണമെങ്കിൽ പറയാം. തന്ത വൈബല്ല. സത്യം പറഞ്ഞാൽ, ഇത്തരത്തിലുള്ള സിനിമകൾ ചെയ്യണം എന്നാണ് എന്റെയും ആ​ഗ്രഹം. പക്ഷെ, എഴുതിപ്പോകുന്നത് മറ്റൊന്നാകുന്നു എന്ന് മാത്രം. എന്റർടൈനറുകൾ ചെയ്യണമെന്ന് എപ്പോഴും ആ​ഗ്രഹിക്കാറുണ്ട്. ജ​ഗതി ശ്രീകുമാർ പുലിവാൽ കല്യാണത്തിൽ ടി ഷർട്ടും പാന്റുമിട്ട് വന്നിരിക്കുന്ന പോലെയായിരുന്നു ആദ്യമൊക്കെ. പക്ഷെ, പിന്നീട് ശരിയായി. കുട്ടികളുടെ പ്രായത്തിനോട് ചേർന്ന് നിൽക്കുന്ന നല്ലൊരു തന്തയായാണ് മേനേ പ്യാർ കിയാ എന്ന സിനിമയിൽ എത്തുന്നത്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിച്ച റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന സിനിമയാണ് മേനേ പ്യാർ കിയാ. നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.

logo
The Cue
www.thecue.in