സെൽവരാഘവൻ മുതൽ ജീത്തു ജോസഫ് വരെ; മമ്മൂട്ടിയുടെ ഭ്രമയുഗത്തെ പ്രകീർത്തിച്ച് സിനിമ പ്രവർത്തകർ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഭ്രമയുഗം തീർച്ചയായും തിയറ്ററിൽ കണ്ടിരിക്കേണ്ട ചിത്രമാണ് എന്ന് ജീത്തു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറയുന്നു. തീർത്തും പുതുതായ ഒരു സിനിമാറ്റിക് എക്സ്പീരിൻസാണ് ഭ്രമയുഗമെന്ന് പറഞ്ഞ ജീത്തു ജോസഫ് മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനത്തെക്കുറിച്ചും എടുത്ത് പറഞ്ഞിട്ടുണ്ട്. സംവിധായകൻ രാഹുൽ സദാശിവനും സിനിമയുടെ ടെക്നീഷ്യൻസിനും കയ്യടിയും നൽകുന്നുണ്ട് ജീത്തു ജോസഫ്.
കഴിഞ്ഞ ദിവസം നടൻ ജയസൂര്യയും ഭ്രമയുഗത്തെ അഭിന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. തീർച്ചയായും കാണേണ്ടുന്ന അഭിനയഭ്രമമെന്നാണ് ചിത്രത്തെക്കുറിച്ച് ജയസൂര്യ അഭിപ്രായപ്പെട്ടത്. ഭ്രമയുഗത്തിന്റെ റിലീസിന് ശേഷം വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ ഭ്രമയുഗത്തിലെ ഒരു സ്റ്റിൽ മമ്മൂട്ടി പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ തമിഴ് സംവിധായകൻ സെൽവരാഘവൻ ഞാൻ നിങ്ങളുടെ കടുത്ത ആരാധകനാണ് എന്നെഴുതി.
ലോകമെമ്പാടുമായി 7.65 കോടി രൂപയാണ് ഇതിനകം ഭ്രമയുഗം നേടിയത്. കേരളത്തിൽ മാത്രം ഭ്രമയുഗത്തിന് അധികമായ 110 ലേറ്റ് നെെറ്റ് ഷോകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടത്.
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനുമാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്നൊരു കഥയാണ് ഭ്രമയുഗത്തിന്റേത്.