പുറമേ മനോഹരമായ ചിരിയും അകമേ ദേഷ്യം സൂക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ആസിഫില്‍ സേഫാണ്: ജീത്തു ജോസഫ്

പുറമേ മനോഹരമായ ചിരിയും അകമേ ദേഷ്യം സൂക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ആസിഫില്‍ സേഫാണ്: ജീത്തു ജോസഫ്
Published on

പുറമേ മനോഹരമായ ചിരിയും അകമേ ഈ​ഗോയും ദേഷ്യവും സൂക്ഷിക്കുന്ന കഥാപാത്രം ചെയ്യാൻ ആസിഫ് അലിക്ക് പ്രത്യേക കഴിവാണ് എന്ന് സംവിധായകൻ ജീത്തു ജോസഫ്. ആ ക്വാളിറ്റിയാണ് ആസിഫിലേക്ക് കൂമൻ എത്തിക്കാൻ കാരണമായതും. ഉയരെയിലെ കഥാപാത്രം അതിന് വലിയൊരു ഉദാഹരണമാണെന്നും അത്തരം കഥാപാത്രങ്ങൾ ഇക്കാലത്ത് ആര് ചെയ്യാൻ തയ്യാറാകുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജീത്തു ജോസഫിന്റെ വാക്കുകൾ

മിറാഷിന്റെ ഷൂട്ടിന് വേണ്ടി കോഴിക്കോട്, കോയമ്പത്തൂർ, നാ​ഗർകോവിൽ എന്നീ സ്ഥലങ്ങളിൽ പോയതിന് ശേഷം മലയാറ്റൂരായിരുന്നു അതിന്റെ അവസാന ഷെഡ്യൂൾ. പാക്കപ്പ് വീഡിയോയിൽ ആസിഫ് അലി നനഞ്ഞ് ഷർട്ടെല്ലാം ഒട്ടി നിൽക്കുന്നത്, ആ സമയം നല്ല മഴ ആയതുകൊണ്ടും കുറച്ച് ഓട്ടവും ബഹളവും ആയിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത് എന്നത് കൊണ്ടുമാണ്. പക്ഷെ, അത് ക്ലൈമാക്സ് ഒന്നും ആയിരുന്നില്ല.

ഇതുവരെയും സംവിധായകർ എക്സ്പ്ലോയിറ്റ് ചെയ്യാത്ത ഒരു നടനാണ് ആസിഫ് അലി. ഇപ്പോഴാണ് ഓരോരുത്തർ അത് എക്സ്പ്ലോയിറ്റ് ചെയ്ത് തുടങ്ങിയത്. ആ പൊട്ടൻഷ്യൽ നമ്മളും കൂടുതൽ ഉപയോ​ഗിക്കണം. ചെറുപ്പക്കാർക്ക് പറ്റുന്ന കഥാപാത്രം വന്നാൽ മാത്രമേ എനിക്ക് ആസിഫിലേക്ക് എത്താൻ പറ്റുമായിരുന്നുള്ളൂ. അത്തരം കഥകൾ കയ്യിൽ ഉണ്ടായിരുന്നില്ല. അത്രയും കാലം ലാൽ സാറിന്റെ പടങ്ങളുടെ പാറ്റേണിൽ വരുന്ന സിനിമകളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് കൂമൻ വരുന്നത്. പുറമേ വളരെ മനോഹരമായി ചിരിക്കുകയും എന്നാൽ അകമേ ഈ​ഗോയും കലിപ്പും വയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ആസിഫ് നല്ല ഭം​ഗിയായി കൈകാര്യം ചെയ്യും. അതാണ് കൂമനിലേക്ക് ആസിഫിനെ അടുപ്പിക്കാൻ കാരണം. ഉയരെയിലെ കഥാപാത്രം അതിന് വലിയ ഉദാഹരണമാണ്. കൂമന്റെ കഥ കേൾക്കാൻ ആസിഫ് വീട്ടിലേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചതും ഉയരെയെക്കുറിച്ചായിരുന്നു. എത്രപേർ അത്തരമൊരു കഥാപാത്രം ചെയ്യും ഇന്നത്തെ കാലത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in