രാജുവൊക്കെ ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെ ഡയലോഗ് പഠിച്ച് പറയും; ജയസൂര്യ

രാജുവൊക്കെ ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെ ഡയലോഗ് പഠിച്ച് പറയും; ജയസൂര്യ

ക്ലാസ്സ്‌മേറ്റ്‌സിലെ കഥാപാത്രം താൻ നന്നായി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ലെന്ന് ജയസൂര്യ ദ ക്യു 85mmൽ പറഞ്ഞു. സ്ക്രിപ്റ്റിന്റെ ഗുണംകൊണ്ടാണ് ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടതെന്നും ജയസൂര്യ പറഞ്ഞു. ക്ലാസ്സ്‌മേറ്റ്സിലെ കഥാപാത്രത്തിന് സതീശൻ കഞ്ഞിക്കുഴി എന്ന പേരിട്ടത് താനാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

EPIC

ജയസൂര്യയുടെ വാക്കുകൾ

ക്ലാസ്സ്മേറ്റ്സ് ചെയ്യുന്ന സമയത്ത് എനിക്ക് നല്ല ഓർമയുണ്ട് സതീശൻ, വേറെ എന്തോ ആയിരുന്നു ഇയാളുടെ മുഴുവൻ പേര്. ഞാനാണ് കഞ്ഞിക്കുഴി എന്ന പേരിട്ടത്. കോട്ടയം നസീറിന്റെ മിമിക്രി ട്രൂപ്പിലൊക്കെ പോയി കോട്ടയത്ത് ഒരുപാട് സ്ഥലങ്ങൾ എനിക്കറിയാം. അങ്ങനെയാണ് കഞ്ഞിക്കുഴി എന്ന പേരിടുന്നത്. സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട് കോളേജിൽ പഠിക്കുന്ന ചേട്ടന്മാർ വരുന്നതൊക്കെ കാണാറുണ്ട്. മുണ്ടൊക്കെ മടക്കിക്കുത്തി നിൽക്കുന്ന ചേട്ടന്മാർ. അവരുടെയൊക്കെ ചില മാനറിസംസ് ഞാൻ സതീശൻ കഞ്ഞിക്കുഴിയിൽ കൊണ്ട് വന്നു. ക്ലാസ്സ്മേറ്റ്സിന്റെ സ്ക്രിപ്റ്റിന്റെ ഗുണംകൊണ്ടാണ് എന്റെ കാരക്ടർ എല്ലാവർക്കും ഇഷ്ടമായത്. അല്ലാതെ ഞാൻ നന്നായി ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നീട്ടില്ല. കാരണം ഞാൻ നല്ല ഉഴപ്പനായിരുന്നു. ഞാൻ വിചാരിച്ചത് ആ പടം കാൻ ഫെസ്റ്റിവലിന് പോകുമെന്നാണ്. അത്രയധികം ഫിലിം കാൻ ഞാൻ കഴിച്ചിട്ടുണ്ട്. രാജീവേട്ടനായിരുന്നു സിനിമയുടെ കാമറ.

അതിനകത്തൊരു സീനുണ്ട്, കാവ്യാ, രാജു, ഇന്ദ്രനൊക്കെ ക്ലാസ്റൂമിൽ നിൽക്കുമ്പോൾ ഞാൻ അവിടേക്ക് കയറി വന്ന്, 'ആരാ ആരാ താരയെ പഠിക്കാൻ സമ്മതിക്കാത്തത്' എന്ന ഡയലോഗ് പറയുന്നത്. എന്റമ്മേ എത്ര ടേക്ക് പോയതാണെന്ന് അറിയുമോ ആ ഷോട്ട്. പത്തും പന്ത്രണ്ടും ടേക്ക് പോയി ആ ഷോട്ട്. ഒന്നും രണ്ടും ഷോട്ടോക്കെ ആകുമ്പോൾ നമ്മൾ കോൺഷ്യസ് ആകും. ഞാൻ ഓരോ തവണ വന്ന് ഡയലോഗ് പറയും, അത് തെറ്റി പോവും. കൂടെ നിക്കുന്ന രാജുവും ഇന്ദ്രനുമൊക്കെ സമാധാനിപ്പിക്കുമെങ്കിലും അതൊക്കെ എനിക്ക് ടെൻഷനാണ്. ഞാൻ കുറെ ആലോചിച്ചു എന്തുകൊണ്ടാണ് എനിക്ക് പറ്റാത്തതെന്ന്. രാജുവൊക്കെ ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെ വായിച്ചിട്ട് ഡയലോഗ് പറയും. എനിക്കാണെങ്കിൽ ഒന്നും തലയിൽ കേറുന്നില്ല.

ഞാൻ അന്ന് രാത്രി ഒരു ബുക്ക് വായിച്ചു. ആ ബുക്കിലെ ഒരു വരി ഇങ്ങനെയായിരുന്നു, 'ഒരു തീപ്പട്ടി കൊള്ളിയെടുത്തിട്ട് ഒരുപാട് വെയിലുള്ളൊരു ഗ്രൗണ്ടിൽ നിങ്ങൾ എത്ര നേരം നിന്നാലും ആ തീപ്പട്ടി കൊള്ളി കത്തില്ല. നേരെ മറിച്ച് ഒരു ലെൻസ് അതിലേക്ക് ചേർത്തു പിടിച്ചാൽ ഒരു മിനിറ്റ് കൊണ്ട് അത് കത്തുന്നത് കാണാം.' ഫോക്കസാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്റെ ഫോക്കസ് ഇല്ലായ്മ വളരെ പ്രശ്നമാണെന്ന് എനിക്കന്ന് മനസിലായി. അതെല്ലാം മാറ്റി കുറച്ചുകൂടെ പഠിച്ചു തുടങ്ങിയപ്പോഴാണ് എല്ലാം ശരിയായത്.

Related Stories

No stories found.
logo
The Cue
www.thecue.in