'10 മണി വരെ ഞാനായിരിക്കും മികച്ച നടന്‍ പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും'; സ്വപാനത്തിൽ അവാർഡ് കിട്ടേണ്ടതായിരുന്നു എന്ന് ജയറാം

'10 മണി വരെ ഞാനായിരിക്കും മികച്ച നടന്‍ പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും'; സ്വപാനത്തിൽ അവാർഡ് കിട്ടേണ്ടതായിരുന്നു എന്ന് ജയറാം

മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കാത്തതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ജയറാം. സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുന്ന സമയം മാധ്യമങ്ങളെല്ലാം ലെെവായി സംപ്രേക്ഷണം ചെയ്യുന്നതിനായി വാനുമായി വീട്ടിൽ വന്നിട്ടുണ്ട് എന്നും എന്നാൽ പത്ത് മണി വരെ ഞാനായിരിക്കും മികച്ച നടൻ എങ്കിൽ പതിനൊന്ന് മണിയാവുമ്പോൾ അത് മാറുമെന്നും കാലങ്ങളായി അങ്ങനെ തന്നെയാണ് അത് സംഭവിക്കാറുള്ളതെന്നും ജയറാം പറയുന്നു. സംസ്ഥാന അവാർഡ് കിട്ടിയിട്ടില്ല എന്നതിൽ വിഷമമുണ്ട്. ജീവിതാവസാനം വരെ അതുണ്ടായിരിക്കും. എന്നാൽ തെന്നാലി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജയറാം മനോരമ ന്യുസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജയറാം പറഞ്ഞത്:

മാധ്യമങ്ങള്‍ക്കാണ് ഏറ്റവും വേഗത്തില്‍ വാര്‍ത്തകള്‍ ലഭിക്കുന്നത്. ലൈവായി സംപ്രേക്ഷണം ചെയ്യാനായി ഒ.ബി വാനുമായി മാധ്യമങ്ങള്‍ എന്‍റെ വീട്ടിലേക്ക് വന്ന സമയമുണ്ട്. ഉറപ്പായും എനിക്കു കിട്ടില്ല എന്നാണ് അവരോട് പറഞ്ഞത്. ഞങ്ങള്‍ക്ക് നേരത്തെ വിവരം കിട്ടും, ജയറാമിന് തന്നെയാണ് എന്ന് അവര്‍ പറഞ്ഞു. ഇതിന് മുമ്പും പല സിനിമകള്‍ വന്നപ്പോഴും കാലത്ത് പത്ത് മണി വരെ ഞാനായിരിക്കും മികച്ച നടന്‍. 11 മണിക്ക് പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും. അതുകൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കണ്ട, പൊയ്ക്കോളൂ എന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞത് പോലെ തന്നെ പ്രഖ്യാപിച്ചപ്പോള്‍ വേറെ ആള്‍ക്കായിരുന്നു. ഇത് കാലങ്ങളായി സംഭവിക്കുന്നതാണ്. എനിക്ക് അതില്‍ പുതുമയില്ല. പത്ത് പേര്‍ ഒരു മേശക്ക് ചുറ്റും ഇരുന്നു തീരുമാനിക്കുന്ന കാര്യമല്ലേ. അവര്‍ക്ക് ജയറാമിനെ വേണ്ട എന്നു തോന്നിയാല്‍ തീര്‍ന്നു. ചെയ്യാവുന്ന നല്ലതൊക്കെ ചെയ്തിട്ടുണ്ട്. കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. അത് നടന്നിട്ടില്ല, അതിൽ പിന്നെ എന്താ പറയുക? പിന്നെ ഞാന്‍ സന്തോഷിക്കുന്ന ഒരു കാര്യം എന്താണെന്നാൽ. വെറുമൊരു കോമഡി പടമാണ് തെനാലി. വെറും തമാശ സിനിമയാണ്. ആ തെന്നാലി എന്ന സിനിമയില്‍ കമല്‍ സാറിന്‍റെ കൂടെ അഭിനയിച്ചതിന് തമിഴ്നാട് സര്‍ക്കാരിന്‍റെ സംസ്ഥാന അവാര്‍ഡ് എനിക്ക് കിട്ടി. അതൊരു വലിയ ബഹുമാനമായി കരുതുന്നു. സംസ്ഥാന അവാർഡ് കിട്ടിയിട്ടില്ല എന്നല്ല കിട്ടിയിട്ടുണ്ട്, മികച്ച നടൻ കിട്ടിയിട്ടില്ല. വിഷമം എന്തായാലും ഉണ്ട്. അത് മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ജീവിതാവസാനം വരെയുണ്ടാവും. ഇനിയും അതിന് അവസരങ്ങൾ ഉണ്ടാകാം കിട്ടാം.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത സോപാനം എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാതെ പോയതിന്റെ കാരണമായി അന്ന് ജൂറിയിലോ മറ്റോ പറഞ്ഞ് കേട്ടത് കൂടുതൽ അഭിനയിച്ചു എന്നണെല്ലോ എന്ന ചോദ്യത്തിനും ജയറാം പ്രതികരിച്ചു.

തൃത്താല കേശവൻ എന്ന് പറയുന്ന മഹാനായ ഒരു ചെണ്ടക്കാരനെയാണ് ഞാൻ സ്വപാനം എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒരോ കാര്യങ്ങളും ചോദിച്ച് അറിഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിന്റെ ജീവിതവും മനസ്സിലാക്കി അങ്ങനെയാണ് ഞാൻ അത് ചെയ്തത്. ഷാജി സാറിനെ പോലുള്ള ഒരാൾ ഒരുപാട് ​ഗവേഷണം നടത്തിയതിന് ശേഷം ചെയ്ത സിനിമയാണ് അത്. അതിൽ അദ്ദേഹത്തെ പോലെ ഒരു ഡയറക്ടറുടെ മുന്നിൽ ഒരിക്കലും ഞാൻ കൂടുതലായി അഭിനയിക്കില്ല. അദ്ദേഹം പറഞ്ഞു തന്ന ഓരോ മൊമെന്റാണ് ‍ഞാൻ അതിൽ ചെയ്തിരിക്കുന്നത്. തൃത്താല കേശവൻ ആരാണ് എന്ന് അറിയുന്നവരാണ് ജൂറിയിൽ ഇരുന്നിരുന്നത് എങ്കിൽ ഒരു പക്ഷേ തീർച്ചയായും എനിക്ക് അവാർഡ് കിട്ടേണ്ടതായിരുന്നു. ജയറാം പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in