അഞ്ചോ ആറോ മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് കരുതി, വർഷങ്ങൾക്കിപ്പുറം 'വിലായത്ത് ബുദ്ധ' വരുന്നു: ജയൻ നമ്പ്യാർ അഭിമുഖം

അഞ്ചോ ആറോ മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് കരുതി, വർഷങ്ങൾക്കിപ്പുറം 'വിലായത്ത് ബുദ്ധ' വരുന്നു: ജയൻ നമ്പ്യാർ അഭിമുഖം
Published on

പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ജി.ആർ. ഇന്ദുഗോപന്റെ അതേപേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് സംവിധായകൻ സച്ചിയുടെ ശിഷ്യൻ ജയൻ നമ്പ്യാരാണ്. 2021ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം നാല് വർഷങ്ങൾക്കിപ്പുറം റിലീസിന് ഒരുങ്ങുമ്പോൾ ഏവരും വലിയ പ്രതീക്ഷയിൽ തന്നെയാണ്. ഈ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു സംവിധായകൻ ജയൻ നമ്പ്യാർ.

2021ൽ പ്രഖ്യാപിക്കപ്പെട്ട സിനിമ

അഞ്ചോ ആറോ മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് കരുതിയാണല്ലോ സിനിമകൾ ചെയ്യുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇത്രയധികം വർഷം സിനിമ നീണ്ടുപോയി. ഇപ്പോഴും മനസ്സിൽ സന്തോഷം മാത്രമേയുള്ളൂ. സിനിമയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചാൽ മാത്രമേ ഇത്രയധികം വർഷത്തെ പ്രയത്നത്തിന് അർത്ഥമുണ്ടാവുകയുള്ളൂ. ടീസർ പോലെ സിനിമയും പ്രേക്ഷകർ സ്വീകരിക്കണം എന്ന് മാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം.

നാല് വർഷത്തോളം ഒരു സിനിമയ്ക്ക് പിന്നാലെയുള്ള യാത്ര

വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിന് അപ്പുറമുള്ള യാത്രയായിരുന്നു അത്. ഈ കാലയളവിലെ പെയിനും നിസ്സാരമായിരുന്നില്ല. ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെ നമ്മുടെ ചിന്ത ഈ സിനിമയെക്കുറിച്ച് മാത്രമാണ്. കാലങ്ങൾ മാറും തോറും നമ്മൾ മനസ്സിൽ കണ്ടത് പലതും മറ്റു സിനിമകളിൽ വരുന്ന അവസ്ഥയുണ്ടാകും. അപ്പോഴൊക്കെ ചെറിയ വേദന തോന്നാം. എങ്കിലും വ്യത്യസ്തമായ ഒരു കഥയുണ്ട് ഈ സിനിമയിൽ. അതിനാൽ പ്രേക്ഷകർ സിനിമയെ അംഗീകരിക്കും എന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിച്ചത്.

'സച്ചി' എന്ന പേര് നൽകുന്ന ഉത്തരവാദിത്തം

സച്ചിയേട്ടൻ ഒരു ലെജൻഡ് ആണ്... അതിൽ ഒരു സംശയവുമില്ല. അദ്ദേഹത്തെ ഏറെ അടുത്ത് നിന്ന് കണ്ട വ്യക്തിയാണ് ഞാൻ. എനിക്ക് 'ഏറ്റവും പ്രിയപ്പെട്ടവൻ' എന്ന് തന്നെ പറയാം. അനാർക്കലി മുതൽ അദ്ദേഹത്തിനൊപ്പം അഞ്ചരിച്ച ആളാണ് ഞാൻ. സച്ചിയേട്ടൻ എന്ന എഴുത്തുകാരനെ എന്നും നമുക്ക് മിസ്സ് ചെയ്യും. എനിക്ക് വേണ്ടി ഒരു സിനിമ ചെയ്യുവാൻ പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് അദ്ദേഹം നമ്മളെ വിട്ടുപോവുന്നത്. ആദ്യ സിനിമ എന്നെ വെച്ച് ചെയ്താൽ മതി' എന്ന് രാജുവേട്ടൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ധൈര്യത്തിലാണ് ഈ സിനിമയിലേക്ക് ഞാൻ കടക്കുന്നത്. ഒരു കാര്യം പറയട്ടെ... ഈ ചിത്രം എന്നിലേക്ക് വരികയായിരുന്നു. ജയൻ ഈ സിനിമ ചെയ്യണമെന്ന് ഇന്ദു ചേട്ടനും സന്ദീപേട്ടനും പറയുകയായിരുന്നു.

എനിക്ക് വ്യക്തമായി അറിയാം സച്ചിയേട്ടൻ എന്ന പേര് നൽകുന്ന ഉത്തരവാദിത്തം എന്തെന്ന്. സച്ചിയേട്ടനേക്കാൾ മുകളിൽ എത്തിക്കുവാൻ ഒരാളെക്കൊണ്ടും കഴിയില്ല. അത് തിരിച്ചറിയണം. എന്നാൽ അതിനൊപ്പം എത്തിക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം.

ജി.ആർ. ഇന്ദുഗോപന്റെ പുസ്തകം സിനിമയാകുമ്പോൾ

നല്ല തിരക്കഥകളെ വിഷ്വലി മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ജോലി. ഇന്ദു ചേട്ടന്റെ കഥകളുടെ ഡെപ്തും കഥാപരിസരവും കഥാപാത്ര രൂപീകരണവുമെല്ലാം നമുക്ക് ഗുണകരമാണ്. ഇന്ദു ചേട്ടന്റെ പുസ്തകങ്ങൾ വായിക്കുന്ന ഓരോരുത്തരും അതിൽ നിന്ന് ഓരോ രീതിയിലുള്ള സിനിമയാകും കാണുക. ഞാൻ വായിച്ചപ്പോൾ കണ്ട സിനിമ എന്താണോ അതായിരിക്കും വിലായത്ത് ബുദ്ധയിലൂടെ ചെയ്യാൻ ഞാൻ ശ്രമിച്ചത്.

സിനിമാറ്റിക് ഫ്രീഡം ഉണ്ട്

പുസ്തകത്തിൽ നിന്ന് സിനിമയിലേക്ക് വരുമ്പോൾ ചെറിയ ചില വ്യത്യാസങ്ങളുണ്ടാകും. ഞാൻ ആ സിനിമാറ്റിക് ഫ്രീഡം സ്വീകരിച്ചിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. 'ജയൻ മുന്നിൽ നിന്ന് നയിച്ചോളൂ, ഞാൻ ഒപ്പമുണ്ട്' എന്നാണ് ഇന്ദുച്ചേട്ടൻ പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്തുണയും ഇഷ്ടവും ഈ സിനിമയ്‌ക്കൊപ്പമുണ്ട്.

പൃഥ്വിരാജിന്റെ 'ഡബിൾ മോഹനൻ'

ഞാൻ മറയൂര് ഭാഗത്ത് പോകുമ്പോൾ, അവിടെ ഇത്തരം ഡബിൾ മോഹനൻമാരെ പലവട്ടം കണ്ടിട്ടുണ്ട്. അവരെല്ലാം സാധാരണക്കാരാണ്. ഞാൻ മറയൂര് ഭാഗത്ത് വെച്ച് റിട്ടയേർഡ് ആയ ഡബിൾ മോഹനൻമാരെ പോലും കണ്ടിട്ടുണ്ട്. അവരെയൊക്കെ പോലെ ഒരു സാധാരണക്കാരനായ വ്യക്തിയാണ് നമ്മുടെ കഥയിലെ നായകൻ. അയാൾ അമാനുഷികനല്ല, ആ രീതിയിലാണ് രാജുവേട്ടനെ നമ്മൾ മനസ്സിൽ കണ്ടത്.

പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നു

വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെയാണ് എമ്പുരാന്റെ പോസ്റ്റ് പ്രൊഡക്ഷനും നടന്നത്. ആ സമയം രാജുവേട്ടൻ അനുഭവിച്ചിരുന്ന പ്രെഷർ എന്താണെന്ന് ഞാനും കണ്ടതാണ്. 'ഇനി സിനിമ സംവിധാനം ചെയ്യുമ്പോൾ ഞാൻ വേറെ ചിത്രത്തിൽ അഭിനയിക്കില്ല' എന്ന് അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വിലായത്ത് ബുദ്ധയ്ക്ക് വേണ്ടി ഒരുപാട് സഹകരിച്ചിട്ടുണ്ട്.

ടീസറിൽ കണ്ടതിന് അപ്പുറമുള്ള ഷമ്മി തിലകന്റെ കഥാപാത്രം

ഷമ്മി ചേട്ടൻ ഭാസ്കരൻ മാഷ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രകടനങ്ങളെ പ്രേക്ഷകർ ഫ്രഷ് ആയി തന്നെ സിനിമയിൽ എക്സ്പീരിയൻസ് ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കഥാപാത്രമാണ് ഈ സിനിമയെ മുൻപോട്ട് നയിക്കുന്നത്. അതിനാലാണ് ഷമ്മി ചേട്ടന്റെ കഥാപാത്രത്തെ ടീസറിൽ അധികം കാണിക്കാതിരുന്നത്. അദ്ദേഹം അതിഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. അതെല്ലാം പ്രേക്ഷകർ സിനിമയിൽ തന്നെ എക്സ്പീരിയൻസ് ചെയ്യട്ടെ.

ടീസറിലെ 'പുഷ്പ' റഫറൻസ്

നമ്മൾ ഈ സിനിമ ആലോചിക്കുമ്പോൾ പുഷ്പ 1 പോലും വന്നിട്ടില്ല. എന്നാൽ ഈ കാലയളവിൽ പുഷ്പ 1,2 വന്നു വലിയ വിജയമായി മാറി. പ്രേക്ഷകർ നമ്മുടെ ചിത്രത്തെ പുഷ്‌പയുമായി താരതമ്യം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ആ റഫറൻസ് നൽകിയത്. അതുപോലെ നമ്മുടെ നായകൻ ഡബിൾ മോഹനൻ പുഷ്പായൊക്കെ കണ്ടിട്ടുണ്ട്. അയാൾ മറയൂര് ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. എന്നാൽ പുഷ്പ പോലെയൊരു സിനിമയെ അല്ല, ഒരു ഗ്രൗണ്ടണ്ട് ആയ സിനിമയാണ് വിലായത്ത് ബുദ്ധ.

ജേക്സ് ബിജോയി എന്ന സംഗീത സംവിധായകൻ

ജേക്സ് ബിജോയിയിൽ നിന്ന് ഗംഭീരമായ കാര്യങ്ങൾ പ്രതീക്ഷിക്കാം. ഞങ്ങൾ അയ്യപ്പനും കോശിയും മുതൽ ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ്. അന്ന് മുതലുള്ള പരിചയമുണ്ട്. നമ്മുടെ സിനിമയുടെ എഡിറ്റിംഗ് കഴിയുമ്പോൾ അതിന്റെ 50 ശതമാനം മാത്രമേ പൂർത്തിയാവുകയുള്ളൂ. ബാക്കി 50 ശതമാനം ജേക്സിന്റെ കയ്യിലാണ്. സംഗീതം അത്രത്തോളം വലിയ പങ്ക് വഹിക്കുന്നുണ്ട്. അക്കാര്യത്തിൽ ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് ജേക്സ്.

നമ്മൾ അട്ടപ്പാടിയിൽ വെച്ച് കണ്ടെത്തിയതാണ് നഞ്ചമ്മയെ. ഓരോ നാട്ടിലും പോകുമ്പോൾ നമ്മൾ ആ നാട്ടിലെ സംഗീതം അന്വേഷിക്കാറുണ്ട്. അത്തരത്തിലുള്ള അന്വേഷണത്തിലാണ് നഞ്ചമ്മയെ കാണുന്നത്. ആ സംഗീതം മലയാളികൾ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ വിലായത്ത് ബുദ്ധയ്ക്കായി മറയൂരിന്റെ സംഗീതം ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

റിലീസ് ഉടൻ

അടുത്ത മാസത്തോടെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. കുറച്ച് വർക്കുകൾ കൂടി ഉണ്ട്. അത് പൂർത്തിയായ ശേഷം തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in