വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഷമതില്‍ ഉയരുന്നു, അക്രമികളോട് പുച്ഛം: ഹിജാബ് വിവാദത്തില്‍ കമല്‍ ഹാസനും ജാവേദ് അക്തറും

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഷമതില്‍ ഉയരുന്നു, അക്രമികളോട് പുച്ഛം: ഹിജാബ് വിവാദത്തില്‍ കമല്‍ ഹാസനും ജാവേദ് അക്തറും

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ കമല്‍ഹാസനും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും. വിദ്യാര്‍ത്ഥിക്കള്‍ക്കിടയില്‍ മതത്തിന്റെ വിഷമതില്‍ ഉയരുകയാണെന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്. ഒരു കൂട്ടം പെണ്‍കുട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന ഗുണ്ടാസംഘത്തോട് പുച്ഛമാണെന്നാണ് ജാവേദ് അക്തര്‍ പറഞ്ഞത്. ട്വിറ്ററിലായിരുന്നു ഇരുവരുടെയും പ്രതികരണം.

'കര്‍ണാടകയില്‍ നടക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കള്ളം പറയാത്ത വിദ്യാര്‍ഥികള്‍ക്കിടയില്‍ മതത്തിന്റെ വിഷമതില്‍ ഉയരുകയാണ്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നടക്കുന്നത് തമിഴ്‌നാട്ടില്‍ വരരുത്. പുരോഗമന ശക്തികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.' - കമല്‍ ഹാസന്‍

'ഞാനൊരിക്കലും ഹിജാബിനെ അനുകൂലിച്ചിട്ടില്ല. ഞാന്‍ ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാല്‍ അതേ സമയം ഒരു ചെറിയ കൂട്ടം പെണ്‍കുട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ഗുണ്ടാസംഘങ്ങളോട് എനിക്ക് പുച്ഛമല്ലാതെ മറ്റൊന്നുമില്ല, അതും പരാജയപ്പെട്ടു. ഇതാണോ അവരുടെ ആണത്തം എന്ന ആശയം. കഷ്ടം.' - ജാവേദ് അക്തര്‍

കഴിഞ്ഞ ദിവസം ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്ന് വിസമ്മതിച്ചു. ഉചിതമായ സമയത്ത് കോടതി ഇടപെടല്‍ ഉണ്ടാകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

15ാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും അതിനാല്‍ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാല്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ടാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in