തമിഴ് നടൻ വിജയ്യുടെ മകൻ ജേസൺ സഞ്‍ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ സന്ദീപ് കിഷൻ. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തു വിട്ട മോഷൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജേസണിന്റെ ആദ്യ സംവിധാന ചിത്രത്തിൽ സന്ദീപ് കിഷനാണ് നായകനായി എത്തുന്നത്. രണ്ട് മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ജേസൺ തന്നോട് കഥ പറഞ്ഞു തീർത്തതെന്നും അതിനിടെ ഒരു നിമിഷം പോലും അദ്ദേഹം ഇടവേളയെടുത്തില്ലെന്നും സന്ദീപ് പറയുന്നു. രായൻ എന്ന സിനിമയ്ക്ക് മുമ്പേ തന്നെ ജേസണുമായി ഒരുമിച്ച് പ്രവർത്തിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്നും ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് കിഷൻ പറഞ്ഞു.
സന്ദീപ് കിഷൻ പറഞ്ഞത്:
മികച്ച സംവിധായകരുടെ ആദ്യ സിനിമയുടെ ഭാഗമാകാൻ എനിക്ക് എപ്പോഴും അവസരം ലഭിക്കുന്നതിൽ ഞാൻ ഭാഗ്യവാനാണ്. സഞ്ജയെ കാണുമ്പോൾ അദ്ദേഹത്തിന്റെ എളിമയും സ്ക്രിപ്റ്റിലുള്ള എഫർട്ടും കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയിരുന്നു. രണ്ട് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് അദ്ദേഹം തന്നോട് കഥ പറഞ്ഞത്. ഒറ്റ മിനിറ്റ് പോലും ഇടവേള എടുക്കാതെയാണ് അദ്ദേഹം എന്നോട് അന്ന് ആ കഥ മുഴുവൻ പറഞ്ഞത്. 2 മണിക്കൂറും 50 മിനിറ്റും ശ്വാസം എടുക്കാതെ ആർക്കെങ്കിലും ഒരു സ്‌ക്രിപ്റ്റിൻ്റെ ഫ്രെയിം-ടു-ഫ്രെയിം ഇത്ര ആത്മവിശ്വാസത്തോടെ വിവരിക്കാൻ കഴിയുമെങ്കിൽ ആ സിനിമയിൽ എനിക്ക് പ്രവർത്തിക്കണമെന്ന് തോന്നി.
രായൻ സിനിമയുടെ റിലീസിന് മുമ്പേ തന്നെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതും കഠിനാധ്വാനിയുമായ ആളുകളിൽ ഒരാളാണ് ജേസൺ. അദ്ദേഹത്തിന്റെ സ്വപ്നമായ ഈ സിനിമയുടെ ഭാഗമാകുന്നതിൽ എനിക്ക് വളരെ ആവേശമുണ്ട്. സന്ദീപ് പറഞ്ഞു. ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലായി ആയിരിക്കും ഒരുങ്ങുക എന്നും 2025 ജനുവരിയോടെ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസൺ ആദ്യ ചിത്രവുമായി എത്തുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസൺ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. തമൻ എസ് ആണ് ജേസൺ സഞ്ജയ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.