എതിരികളായി വീണ്ടും മുഖാമുഖം, പൃഥ്വിരാജ്-സുരാജ് ചിത്രം 'ജന ഗണ മന' ഏപ്രിലില്‍

എതിരികളായി വീണ്ടും മുഖാമുഖം, പൃഥ്വിരാജ്-സുരാജ് ചിത്രം 'ജന ഗണ മന' ഏപ്രിലില്‍

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ജന ഗണ മന' തിയറ്റര്‍ റിലീസിന്. ക്വീന്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസുമാണ് നിര്‍മ്മാണം.

ഏപ്രില്‍ 28ന് ചിത്രം തിയറ്ററുകളിലെത്തും. ഡ്രൈവിങ് ലൈസന്‍സിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമനയുടെ പ്രൊമോ നേരത്തെ പുറത്തുവന്നിരുന്നു.

ജന ഗണ മന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് കൊവിഡ് ബാധിതനായിരുന്നു. കേരളത്തിലും മംഗലാപുരത്തും ബംഗളൂരുവിലുമായാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഷാരിസ് മുഹമ്മദാണ് തിരക്കഥ.

പൃഥ്വിരാജ് തടവുകാരനായെത്തുന്ന ടീസറാണ് നേരത്തെ പുറത്തുവന്നിരുന്നത്. ''മനസാക്ഷിയുടെ കാര്യത്തില്‍ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല'' എന്ന മഹാത്മഗാന്ധിയുടെ വാചകം തലവാചകമാക്കിയാണ് റിലീസ് തിയതി പുറത്തുവിട്ടത്. പ്രധാനമായും കോടതി മുറിയില്‍ നടക്കുന്ന ചിത്രമാണ് ജനഗണമനയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സുദീപ് ഇളമണ്‍ ക്യാമറ ചെയ്യുന്ന ചിത്രവുമാണ് ജനഗണമന.

സുപ്രിയ മേനോനും, ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവയും അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡും നിര്‍മ്മിക്കുന്നത് ഇതേ ടീമാണ്. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിചേരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗാണ് കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in