'നാവി ഗോത്രത്തിന്റെ നല്ല വശമെ ഞാന്‍ ഇതുവരെ കാണിച്ചിട്ടുള്ളു, അവതാര്‍ 3 അങ്ങനെയാവില്ല'; ജെയിംസ് കാമറൂണ്‍

'നാവി ഗോത്രത്തിന്റെ നല്ല വശമെ ഞാന്‍ ഇതുവരെ കാണിച്ചിട്ടുള്ളു, അവതാര്‍ 3 അങ്ങനെയാവില്ല'; ജെയിംസ് കാമറൂണ്‍
Published on

അവതാര്‍ 3ല്‍ പുതിയ നാവി ഗോത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. കാട്ടിലെയും വെള്ളത്തിലെയും ഗോത്ര വര്‍ഗത്തെ സിനിമയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇനി അഗ്നിയുമായി ബന്ധപ്പെട്ട നാവി ഗോത്ര വര്‍ഗത്തെ ആയിരിക്കും അടുത്ത ഭാഗത്തില്‍ അവതരിപ്പിക്കുക എന്നാണ് ജെയിംസ് കാമറൂണ്‍ പറഞ്ഞത്. ഇവരിലൂടെ നാവി ഗോത്രത്തിന്റെ മറ്റൊരു വശം പ്രേക്ഷകര്‍ക്ക് കാണിച്ച് തരുമെന്നും കാമറൂണ്‍ വ്യക്തമാക്കി. ഒരു ഫ്രെഞ്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ആഷ് പീപ്പള്‍ എന്നായിരിക്കും അഗ്നിയുമായി ബന്ധപ്പെട്ട ഗോത്രത്തെ വിശേഷിപ്പിക്കുക. മറ്റൊരു ആങ്കിളില്‍ നിന്ന് എനിക്ക് നാവി ഗോത്രക്കാരെ കാണിക്കണം എന്നുണ്ട്. അവരുടെ നല്ല വശം മാത്രമെ ഞാന്‍ ഇതുവരെ കാണിച്ചിട്ടുള്ളു. ആദ്യ രണ്ട് ഭാഗങ്ങളിലും മനുഷ്യരാണ് പ്രശ്‌നക്കാര്‍. എന്നാല്‍ മൂന്നാം ഭാഗത്തില്‍ അതിന് വിപരീതമായാണ് ചിത്രീകരിക്കാന്‍ പോകുന്നത്', എന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് വിജയത്തെ കുറിച്ച് എച്ച്.ബി.ഒ മാക്‌സിലെ 'Who Is Talking To Chris Wallace?' എന്ന ടോക്ക് ഷോയില്‍ ജെയിംസ് കാമറൂണ്‍ സംസാരിച്ചിരുന്നു.

ജെയിംസ് കാമറൂണ്‍ പറഞ്ഞത്:

1.5 ബില്യണ്‍ ആണ് അവതാര്‍ 2ന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇനി എന്തായാലും എനിക്ക് ഇതില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സിനിമയുടെ അടുത്ത ഭാഗങ്ങള്‍ എനിക്ക് ചെയ്‌തേ മതിയാകൂ. അടുത്ത് ആറ്-ഏഴ് വര്‍ഷത്തേക്ക് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് അറിയാം.

ഉടനെ തന്നെ ഡിസ്‌നിയുടെ തലപ്പത്ത് ഇരിക്കുന്നവരുമായി ഞങ്ങള്‍ അവതാര്‍ 3യെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതായിരിക്കും. അവതാര്‍ 3 പൂര്‍ണ്ണമായും ചിത്രീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സിനിമ സിജി മാജിക്കിനായുള്ള നീണ്ട പോസ്റ്റ് പ്രൊഡക്ഷനിലാണ്. പിന്നെ അവതാര്‍ 4,5 ഭാഗങ്ങളുടെ തിരക്കഥയെല്ലാം തന്നെ പൂര്‍ത്തിയായതാണ്. 4-ാം ഭാഗം കുറച്ച് ചിത്രീകരിച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in