എച്ച് ഡി പ്രിന്റ് ഇന്റർനെറ്റിൽ; 600 കോടി ക്ലബ്ബിലേക്ക് കടക്കാനിരിക്കേ ജയിലറിന് തിരിച്ചടി

എച്ച് ഡി പ്രിന്റ് ഇന്റർനെറ്റിൽ; 600 കോടി ക്ലബ്ബിലേക്ക് കടക്കാനിരിക്കേ ജയിലറിന് തിരിച്ചടി

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ​രജിനികാന്ത് നായകനായെത്തിയ ജയിലറിന്റെ എച്ച് ഡി പ്രിന്റ് ഇൻർനെറ്റിൽ. ആ​ഗോള ബോക്സ് ഓഫീസിൽ അഞ്ഞൂറ് കോടിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കേയാണ് ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് ഇന്റർനെറ്റിൽ എത്തിയത്. പ്രിന്റ് ചോർന്നത് തിയറ്ററുടമകൾക്കും തിരിച്ചടിയായിരിക്കുകയാണ്. ഇത് സിനിമയുടെ കളക്ഷനെയും ബാധിക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം തിയറ്ററുകളിൽ ഇരുപത് ദിവസം തികയ്ക്കവേയാണ് ഈ തിരിച്ചടി.

പ്രിന്റ് ചോര്‍ന്നതില്‍ നിര്‍മാതാക്കള്‍ക്കെതിരേ ആരാധകരുടെ എതിര്‍പ്പ് ശക്തമാണ്. സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ചിത്രത്തിലെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ പങ്കുവെക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിരവധി പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ(ആര്‍.സി.ബി) ജഴ്‌സി അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിനെതിരേ ടീം അധികൃതര്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കിയതിന് പിറകേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുന്നത്.

'ജയിലർ' എന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിൽ, ഒരു വാടക കൊലയാളി റോയല്‍‌ ചലഞ്ചേര്‍സ് ബെംഗലൂരുവിന്‍റെ ജേഴ്സി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. 'ജയിലർ' ടീമിന് അവരുടെ ജേഴ്‌സി ഉപയോഗിക്കാനുള്ള അനുമതി ഇല്ലെന്നും ഈ രംഗം ആര്‍സിബി ബ്രാൻഡിനെ ബാധിക്കുമെന്നും ഡൽഹി ഹൈക്കോടതിയിൽ ആർസിബി നല്‍കിയ കേസില്‍ പറഞ്ഞിരുന്നു. അടുത്തിടെ ഹര്‍ജി സ്വീകരിച്ച ദില്ലി ഹൈക്കോടതി കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചിരുന്നു. തുടർന്ന് ആര്‍സിബി ബ്രാന്‍റിന് പ്രശ്നം ഉണ്ടാക്കിയ രംഗത്തിലെ ജേഴ്സി മാറ്റണമെന്ന് ഹെെക്കോടതി ഉത്തരവിട്ടിരുന്നു.

മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in