പ്രൊഫസര്‍ അമ്പിളിയായി ജ​ഗതി ശ്രീകുമാർ, അരുൺ ചന്തു ചിത്രം 'വല'യിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ്

പ്രൊഫസര്‍ അമ്പിളിയായി ജ​ഗതി ശ്രീകുമാർ, അരുൺ ചന്തു ചിത്രം 'വല'യിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ്
Published on

സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങി നടൻ ജ​ഗതി ശ്രീകുമാർ. ​ഗ​ഗനചാരി എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'വല' എന്ന ചിത്രത്തിലൂടെയാണ് ജ​ഗതി തിരിച്ചു വരവിനൊരുങ്ങുന്നത്. 2012-ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാതായ ജഗതി ശ്രീകുമാർ പ്രൊഫസർ അമ്പിളി എന്ന മുഴുനീളൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ജ​ഗതിയുടെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

വീല്‍ ചെയറിലിരിക്കുന്ന, പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണടയുമായി, സ്യൂട്ട് ധരിച്ച് അടിമുടി പുതുമയുള്ള ലുക്കാണ് പുറത്തു വിട്ട പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ജ​ഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘പുതിയ വർഷം. പുതിയ തുടക്കങ്ങൾ. ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം. ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല എന്ന കുറിപ്പിനൊപ്പമാണ് ജ​ഗതി ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

2022 ല്‍ സിബിഐ 5 ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നു. ​ഗ​ഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു ഴോണർ പരിചയപ്പെടുത്തിയ സംവിധായകനാണ് അരുൺ ചന്തു. ​ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേഷ്കുമാർ ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയില്‍ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്. അണ്ടർഡോഗ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്‍റ്സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു എന്നിവരാണ് നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in