

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. വിജയം എന്നാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര്. നിവിന്‍ പോളിയുടെ അന്‍പതാമത്തെ ചിത്രം കൂടിയായ വിജയത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് എറണാകുളം പത്മ തിയറ്ററില്‍ വെച്ച് നടന്നു.
റേസിങ് ലോകത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാകും. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിനൊപ്പം സിനീഹോളിക്‌സിന്റെ ബാനറില്‍ ടോണ്‍സണ്‍ ടോണിയും സുനില്‍ രാമാടിയും ചേര്‍ന്നാണ് 'വിജയം' നിര്‍മ്മിക്കുന്നത്. പ്രോജക്ട് ഡിസൈനറും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂട്ടു ശിവാനന്ദനാണ്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് സൂപ്പര്‍ ഹിറ്റ് ആയ ധുരന്ദര്‍, ധുരന്ദര്‍ 2 എന്നീ സിനിമകളുടെയും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിന്റെയും മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ച മലയാളിയായ സ്റ്റീവ് കോട്ടൂര്‍ ആണ്. അല്‍ഫോന്‍സ് പുത്രനെ ട്രോളിക്കൊണ്ട് ആരംഭിക്കുന്ന 'വിജയ'ത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ പിന്നീട് നിവിനും അല്‍ഫോന്‍സും ഒരുമിച്ച് നടത്തുന്ന യാത്രയിലൂടെ മുന്നേറുന്നതാണ് കാണുന്നത്. ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനുമുന്‍പ് ഈ കൂട്ടുകെട്ട് സൃഷ്ടിച്ച സിനിമാറ്റിക് ആഘോഷങ്ങള്‍ പരിഗണിക്കുമ്പോള്‍, നിവിന്‍ പോളിയുടെ അന്‍പതാം ചിത്രം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. 'വിജയ'ത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ അധികം വൈകാതെ പുറത്തു വിടും.