സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന് പിന്നാലെ നടി വിൻസി അലോഷ്യസ് സോഷ്യൽ മീഡിയയിൽ തന്റെ പേര് മാറ്റിയിരുന്നു. പുരസ്കാര നേട്ടത്തിന് പിന്നാലെ നടൻ മമ്മൂട്ടി വിൻ സി എന്ന് അഭിസംബോധന ചെയ്ത് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും അതിനാൽ താൻ പേര് മാറ്റുന്നുവെന്നുമാണ് അന്ന് വിൻസി പറഞ്ഞിരുന്നത്. എന്നാൽ ആ മെസേജ് അയച്ചത് മമ്മൂട്ടിക്ക് ആയിരുന്നില്ല എന്നു പറയുകയാണ് നടി വിൻസി ഇപ്പോൾ. മമ്മൂട്ടിയാണെന്ന് കരുതി മറ്റോർക്കോ ആണ് താൻ ഇത്രകാലം മെസേജ് അയച്ചിരുന്നത് എന്നും മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ മെസേജ് അയച്ച കാര്യം താന്‍ പറഞ്ഞുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിനെ പറ്റി ഒന്നുമറിയില്ലെന്നാണ് പറഞ്ഞതെന്നും വിന്‍ സി പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി വിൻസി.
വിൻ സി പറഞ്ഞത്:
എനിക്ക് അറിയാവുന്ന ഒരാള്‍ മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പർ തന്നിരുന്നു. ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല, അതിനു ശേഷം ഞാൻ മെസ്സേജ് അയച്ചു. മെസ്സേജിന് മറുപടിയായി വിന്‍ സി എന്നാണ് വന്നത്. ഞാൻ ഒരുപാട് ആരാധിക്കുന്ന, ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടന്‍ എന്നെ അങ്ങനെ വിളിക്കുമ്പോള്‍ എന്തുകൊണ്ട് എന്റെ പേര് മാറ്റിക്കൂടാ. എനിക്ക് എന്നെ അങ്ങനെ വിളിച്ച് കേള്‍ക്കാനാണ് താല്‍പര്യം. അങ്ങനെയാണ് പേരു മാറ്റിയത്. എന്റെ പേര് അങ്ങനെ എഴുതുന്നത് എനിക്കും ഇഷ്ടമായിരുന്നു. പലരും വിൻ കഴിഞ്ഞു സി എഴുതുമ്പോൾ അതിൽ ഒരു പ്രത്യേകതയുണ്ടല്ലോ, വിജയത്തെ കാണുന്നവൾ അല്ലെങ്കിൽ വിജയത്തിന്റെ കടൽ എന്ന രീതിയിൽ ഞാൻ അർഥം കണ്ടെത്തിയിരുന്നു. എവിടെയും തോറ്റുപോകാതെ നിലനിൽക്കുക എന്നാണ് അതിന്റെ അർഥം. ഏതു മേഖലയായാലും അതിൽ നല്ലനിലയിൽ എത്തണം എന്ന് ഒരു നിശ്ചയദാർഢ്യം ഉണ്ട്. അതുകൊണ്ട് പേര് വിൻസിയിൽ നിന്ന് ‘വിൻ സി’യിലേക്ക് മാറ്റാൻ എനിക്കും താല്പര്യമായിരുന്നു. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം ഫിലിം ഫെയർ അവാർഡിന്റ സമയത്ത് മമ്മൂക്കയെ ഞാന്‍ നേരിട്ട് കണ്ടു. ഞാന്‍ മെസേജ് അയച്ചിട്ടുണ്ടായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് അതിനെ പറ്റി ഒരു ഐഡിയയും ഇല്ല. മമ്മൂക്കയല്ലേ എന്നെ വിന്‍ സി എന്ന് വിളിച്ചതെന്ന് ഞാൻ ചോദിച്ചു. ‘‘അല്ല, എന്‍റെ നമ്പർ വേണമെങ്കില്‍ ജോര്‍ജേട്ടനോട് ചോദിച്ചാല്‍ മതി, ജോര്‍ജേട്ടന്‍ തരും’’ എന്ന് മമ്മൂക്ക പറഞ്ഞു. ഇത്രയും നാള്‍ ഞാന്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കയ്ക്കല്ല എന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നതന്ന് കണ്ടുപിടിച്ചുമില്ല. എങ്കിലും കുഴപ്പമില്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെ ആരൊക്കെയോ ഓർക്കുന്നുണ്ടല്ലോ.