"നാൽപ്പതാമത്തെ ഡ്രാഫ്റ്റ് ആണ് ഷൂട്ട് ചെയ്തത്"; ബിഗ് ബെന്നിലേക്കുള്ള യാത്ര വിവരിച്ച് സംവിധായകൻ ബിനോ അഗസ്റ്റിൻ

"നാൽപ്പതാമത്തെ ഡ്രാഫ്റ്റ് ആണ് ഷൂട്ട് ചെയ്തത്"; ബിഗ് ബെന്നിലേക്കുള്ള യാത്ര വിവരിച്ച് സംവിധായകൻ ബിനോ അഗസ്റ്റിൻ

വെറുതെ ഒരു സിനിമ ചെയ്യാനല്ല താൻ ആഗ്രഹിച്ചതെന്നും, താൻ കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ് താൻ ഒരുക്കിയിരിക്കുന്നത് എന്നും സംവിധയകൻ ബിനോ അഗസ്റ്റിൻ. ബിഗ് ബെൻ എന്ന തന്റെ ആദ്യ ചിത്രത്തിലേക്കുള്ള യാത്ര വിവരിക്കുകയാണ് ബിനോ അഗസ്റ്റിൻ. അനു മോഹൻ അതിഥി രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യു.കെ യിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരുങ്ങിയ ഫാമിലി ത്രില്ലർ ഡ്രാമയാണ് ചിത്രം. ഞാൻ എന്തൊക്കെ തല കുത്തി മറിഞ്ഞിട്ടുണ്ടെന്നു പറഞ്ഞാലും സിനിമയുടെ അവസാന വാക്ക്, അത് നിങ്ങൾ പ്രേക്ഷകരാണ് , എല്ലാ റിവ്യൂ ക്കാരെയും ഞാൻ സ്വാഗതം ചെയ്യുന്നു എന്നും ബിനോ അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

ബിനോ അഗസ്റ്റിൻ കുറിപ്പ്;

സുഹൃത്തുക്കളെ ഞാൻ ബിനോ അഗസ്റ്റിൻ, ഒരു UK പ്രവാസിയാണ് . ഇപ്പൊ നാട്ടിൽ ഒരു സിനിമ ചെയ്തു .'ബിഗ്‌ ബെൻ ' എന്നാണ് പടത്തിന്റെ പേര് .. അതിനു മുൻപായി കുറച്ചു കാര്യങ്ങൾ പറയണമെന്ന് തോന്നി. പ്രതീക്ഷ പോയ ആർക്കെങ്കിലും ഒരു കടുകുമണിയോളം പ്രചോദനമായെങ്കിലോ ?സിനിമകാണുന്നതേ പാപമെന്നു കരുതുന്ന ഒരു orthdox കുടുംബത്തിൽ ഉണ്ടായ ഞാൻ 15 വയസു തൊട്ടു സിനിമ സ്വപ്നം കാണുന്നതിന്റെ പ്രശ്നങ്ങൾ സങ്കല്പിക്കാവുന്നതല്ലേ ..

അങ്ങിനെ 30 വർഷത്തോളം .. ആലോചിച്ചു നോക്കിക്കേ , ഇത്രയും കാലത്തോളം സിനിമയെന്ന സ്വപ്നത്തെ ഉള്ളിലിട്ടു മറ്റുജോലികൾ ചെയ്തു ജീവിക്കുക, അവസാനം വീട്ടുകാരെ മൈൻഡ് ചെയ്യാതെ രണ്ടും കൽപ്പിച്ചു സ്വപ്നങ്ങൾക്കു പിന്നാലെ ഞാൻ ഇറങ്ങാൻ തീരുമാനിക്കുന്നു. കട്ട സപ്പോർട്ടായി ഭാര്യ മാത്രം.. അങ്ങിനെ ഏതാണ്ട് ഒരു ദശാബ്ദക്കാലം സിനിമയെന്ന ചക്രവ്യൂഹത്തിൽ കയറാനായി കൊച്ചിയിലൂടെ തേര പാരാ നടന്നു.. UK യിലൊക്കെ ഭാര്യയും ഭർത്താവും കൂടി ജോലിചെയ്താലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടാണ് .. ആ സമയത്താണ് എന്റെയീ പരിപാടി. അങ്ങിനെ രണ്ടും മൂന്നും ആഴ്ച അവധിയെടുത്തു ഞാൻ വരും , കുറെ പണം ചിലവാകും, ലീവ് തീരും , തിരിച്ചു കേറി പോകും.. ഇത് തന്നെയായീ കൊറേ വർഷത്തെ" ലൂപ്പ്" പരിപാടി .

അങ്ങിനെ സ്വന്തം ജീവിതത്തിന്റെ ഏഴെട്ടു വർഷങ്ങൾ കടന്നു പോയതു ഞാൻ പോലും അറിഞ്ഞില്ല.. uk യിലെ എന്നെ അറിയാവുന്നവർ എന്നെ വട്ടനെന്നും , ങ്ങാ സിനിമയെന്തായെന്നും ചോദിച്ചു ചൊറിഞ്ഞു കൊണ്ടിരുന്നു . മാനസികമായി വിഷമിച്ച സമയമായിരുന്നു.. എന്റെ എല്ലാ പരിശ്രമങ്ങളും നിർത്തുന്നതിനെക്കുറിച്ചു ആലോചിച്ചു.. പത്തു തവണ വായിച്ച ആൽക്കെമിസ്റ് എടുത്തു കത്തിച്ചു കളയാൻ തോന്നിയ നേരം. ജീവിതത്തിൽ എന്തേലുമൊന്നു നേടണമെന്ന് ഒരു സ്വപ്നമോ ആഗ്രഹമോ ഇല്ലാത്തവരെ ഞാൻ സൂഷ്‌മം വീക്ഷിച്ചു.. അവരൊക്കെ എന്ത് ഹാപ്പിയാണ് ..ഞാൻ മാത്രം ഏതോ ലോകത്തു കിളി പോയപോലെ..

എന്റെ മനസ്സിലൂടെ യുദ്ധത്തിൽ തോറ്റ രാജാവ് ഗുഹയിലിരുന്നു വലയുണ്ടാക്കാൻ ചിലന്തി ചാടുന്ന ചാട്ടമൊക്കെ കാണുന്നത് ഓർമവന്നു , ആയിടക്കാണ് സ്വന്തം നാട്ടുകാരനായ സന്തോഷ് കുളങ്ങരയുടെ ഒരു വീഡിയോ കാണുന്നത് . "സ്വന്തം ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒക്കെ കെട്ടിപ്പൂട്ടിവച്ചു മേലേക്ക് ചെന്നിട്ടെന്നാ ചെയ്യാനാ " ഞാനും ചിന്തിച്ചു, നേരാണല്ലോ .. അവിടെ ഭയങ്കര സെറ്റപ്പാന്ന കരകമ്പിയല്ലാതെ അനുഭവിച്ചറിഞ്ഞ ഒരാളേം കണ്ടിട്ടില്ല.. ഞാൻ വീണ്ടും അടുത്ത ലീവിട്ടു .. നേരെ കൊച്ചിക്കു .. ലണ്ടനിലെ കൊടും തണുപ്പത്തുനിന്നും കൊച്ചിയിലെ ചൂടിലെത്തിയ എനിക്കതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു . അങ്ങിനെ ഇത് ഞാൻ ചെയ്തിരിക്കും, ഇല്ലാതെ ഞാൻ പിന്മാറില്ല എന്ന ഒറ്റയാൾ പോരാട്ടത്തിന്റെ ഫലമായി ഞാൻ 2023 ഇൽ മലയാള സിനിമയുടെ ചക്രവ്യൂഹം ഭേദിച്ചു . വലിയ മോട്ടിവേഷനോ ആളായെന്നോ അല്ല , എന്റെ ഒരു അനുഭവമായിട്ടെടുത്താ മതി.

ഇനി സിനിമയ്‍ക്കുറിച്ചു അൽപ്പം. ഡോൾബി അറ്റ്മോസിൽ നിങ്ങക്കിതിന്റെ പശ്ചാത്തല സംഗീതം അനുഭവിക്കാം , അതും ദൃശ്യം , മെമ്മറീസ് , ദൃശ്യം 2 അങ്ങിനെ കൊറേ അധികം സിനിമ ചെയ്ത അനിൽ ജോൺസന്റെ സംഗീത സംവിധാനത്തിൽ . മണിയറയിലെ അശോകന്റെ വിഷ്വൽ ബ്യുട്ടി ഒരുക്കിയ സജാദ് കാക്കുവാന് ക്യാമറ . അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ ജോർജ് ,വിജയ് ബാബു , ജഫാർ ഇടുക്കി , ബിജു സോപാനം ,നിഷ സാരംഗ് കൂടാതെ ഒട്ടനവധി ഹോളിവുഡ് താരങ്ങളും ഉണ്ടാകും. നല്ലോണം കട്ട പണിയെടുത്ത സ്ക്രിപ്റ്റാണ് , കാരണം ചുമ്മാ ഒരു പടം ചെയ്യാനല്ല ഞാൻ ഇക്കണ്ട കാലം അലഞ്ഞത്. ഏകദേശം ഒരു നാപ്പതാമത്തെ ഡ്രാഫ്റ്റ് ആണ് ഷൂട്ട് ചെയ്തത് . ഞാൻ ഒരു സിനിമ എങ്ങിനെ തിയേറ്ററിൽ കാണണമെന്നാഗ്രഹിക്കുന്നുവോ അതാണ് ഞാൻ നിങ്ങൾക്കുവേണ്ടി തരുന്നത്. UK യിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്ത കഥയാണ് . ഇതിൽ കണ്ടന്റാണ് താരം. ഒപ്പം നിങ്ങളിത് വരെ കാണാത്ത UK യുടെ ഭംഗി അനമോർഫിക്ക് ഫ്രെയിമിലൂടെ ഞാൻ കാണിക്കാം. കാരണം നിങ്ങളുടെ കൊച്ചിയാണ് എനിക്കു ലണ്ടൻ . ഞാൻ എന്തൊക്കെ തല കുത്തി മറിഞ്ഞിട്ടുണ്ടെന്നു പറഞ്ഞാലും സിനിമയുടെ അവസാന വാക്ക് , അത് നിങ്ങൾ പ്രേക്ഷകരാണ് ! എല്ലാ റിവ്യൂ ക്കാരെയും ഞാൻ സ്വാഗതം ചെയ്യുന്നു . ഇഷ്ടപെട്ടതു പറയാം , കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കാം .. പടം അടുത്ത തിയേറ്ററുകളിലുണ്ട്.

I assure the content and qulity! നിങ്ങൾ വിദേശത്ത് എന്നേലും പോകാൻ ആഗ്രഹിക്കുന്നവരാണോ, അല്ലേൽ നിങ്ങളുടെ കുടുംബത്തിൽ ആരേലും വിദേശത്തുണ്ടെങ്കിൽ കണ്ടുനോക്ക്.. അതുപോലെ ആര്ടിസ്റ് വാല്യൂ അല്ല, തിരക്കഥയാണ് പടത്തിന്റെ ബാക് ബോൺ എന്ന് ഞാൻ വിശ്വസിക്കുന്നു.

യഥാർത്ഥ സംഭവനത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. യു.കെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് പോലീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജീനും മകളും എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ജൂൺ 28നാണ് തിയറ്ററുകളിലെത്തിയത് .

Related Stories

No stories found.
logo
The Cue
www.thecue.in