'ത്രില്ലർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് എളുപ്പമല്ല, സ്ക്രിപ്റ്റ് ഒരുപാട് പ്രാവശ്യം പൊളിച്ച് എഴുതി'; ​ഗോളത്തെക്കുറിച്ച് സംജാദ്

'ത്രില്ലർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് എളുപ്പമല്ല, സ്ക്രിപ്റ്റ് ഒരുപാട് പ്രാവശ്യം പൊളിച്ച് എഴുതി'; ​ഗോളത്തെക്കുറിച്ച് സംജാദ്

ത്രില്ലർ സിനിമയ്ക്ക് തിരക്കഥ എഴുതുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് സംവിധായകൻ സംജാദ്. ഒരുപാട് തവണ തിരക്കഥ പൊളിച്ചെഴുതിയിരുന്നുവെന്നും ചിത്രത്തിൽ ഒരുപാട് അഭിനേതാക്കളുള്ളത് കൊണ്ട് തന്നെ അവർക്കെല്ലാം തിരക്കഥയിൽ പ്രധാന്യം കൊടുക്കുക എന്നത് വലിയൊരു ഘടകമായിരുന്നുവെന്നും സംജാ​ദ് പറയുന്നു. ത്രില്ലർ ചിത്രം ആയതുകൊണ്ട് തന്നെ സസ്പെൻസ് നിലനിർത്തിക്കൊണ്ട് പ്രേക്ഷകർക്ക് നമ്മൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവും വിധം ട്രെയ്ലർ കട്ട് ചെയ്യാനും പാടുപെട്ടിരുന്നു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംജാദ് പറഞ്ഞു.

സംജാദ് പറഞ്ഞത്:

ഒട്ടും എളുപ്പമായിരുന്നില്ല. ഞങ്ങൾ ഒരുപാട് പ്രാവശ്യം സ്ക്രിപ്റ്റ് പൊളിച്ച് എഴുതിയിരുന്നു. കാരണം ഒരു ഘട്ടത്തിൽ എത്തിക്കഴിഞ്ഞപ്പോൾ നമ്മൾ പറഞ്ഞു പോയ കാര്യങ്ങൾ എവിടെയെങ്കിലും വരുമ്പോൾ റിവീൽ ആയി പോകുന്നുണ്ട്. മാത്രമല്ല ഒരുപാട് അഭിനേതാക്കളുണ്ട് ഈ ചിത്രത്തിൽ അവർക്കെല്ലാവർക്കും പ്രധാന്യം കൊടുക്കുക എന്നുള്ളത് ഒരു വലിയ ഘടകമായിരുന്നു. ദിലീഷേട്ടൻ , സണ്ണി വെയ്ൻ, അലൻസിയറേട്ടൻ ഇതൊന്നും കൂടാതെ രഞ്ജിത് സജീവും. ഇവർക്കെല്ലാം ഏകദേശം കൃത്യവും തുല്യവുമായ പ്രധാന്യം വീതിച്ച് നൽകുക എന്ന് പറഞ്ഞാൽ തന്നെ കുറച്ച് പാടുള്ള കാര്യമാണ്. കൂടാതെ സസ്പെൻസ് നിലനിർത്തി പടത്തിനെ മുന്നോട്ട് കൊണ്ടുപോവുക എന്ന് പറഞ്ഞാൽ അതും കഷ്ടപ്പാടായിരുന്നു. പിന്നെ ട്രെയ്ലർ കട്ട് ചെയ്യാൻ കുറച്ച് പാട് പെട്ടു. കാരണം ത്രില്ലറാണല്ലോ ഒരുപാട് കാര്യങ്ങൾ നമുക്ക് അതിൽ പറയാൻ പറ്റില്ല, എന്നാൽ നമ്മൾ എന്താണ് പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നുള്ളത് കൃത്യമായി കിട്ടുകയും വേണം. അതുകൊണ്ട് തന്നെ അത് പാടുള്ള ഒരു പരിപാടി തന്നെ ആയിരുന്നു.

നവാ​ഗതനായ സംജാദ് സംവിധാനം ചെയ്ത രഞ്ജിത് സജീവ് ദീലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ​ഗോളം. ദിലീഷ് പോത്തന്റെ കഥാപാത്രമായ ഐസക് ജോൺ കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ​ചിത്രത്തിന്റേത്. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്. ജൂൺ 7 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് തിയറ്ററിൽ നിന്നും നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in