'ഏത് സിനിമ തിരഞ്ഞെടുക്കണമെന്നത് എന്റെ മാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്'; ആസിഫ് അലി

'ഏത് സിനിമ തിരഞ്ഞെടുക്കണമെന്നത് എന്റെ മാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്'; ആസിഫ് അലി
Published on

ജീവിതത്തിൽ കൂടുതൽ പക്വതയും അനുഭവവും കൈവന്നപ്പോൾ സിനിമയോടുള്ള തന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ട് എന്ന് നടൻ ആസിഫ് അലി. 15 വർഷം മുമ്പ് ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വരുമ്പോൾ തനിക്ക് ഇരുപത്തിമൂന്ന് വയസ്സായിരുന്നു എന്നും ഒരു പ്രത്യേക പ്രായം വരെ കുടുംബചിത്രങ്ങൾ എന്താണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ആസിഫ് അലി പറയുന്നു. ഇപ്പോൾ ഏത് സിനിമ വരുമ്പോഴും അതിൽ ഏത് സിനിമ തിരഞ്ഞെടുക്കണമെന്നത് തന്റെ മാത്രം സ്വാതന്ത്ര്യമാണെന്നും അത് പരാജയപ്പെട്ടാൽ അത് തന്റെ മാത്രം പ്രവൃത്തിയുടെ ഫലമായി കരുതാനാണ് തനിക്ക് താൽപര്യമെന്നും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

ഋതു എന്ന സിനിമയിലൂടെ 15 വർഷംമുൻപ്‌ വെള്ളിത്തിരയിലേക്ക് വരുമ്പോൾ എനിക്ക് 23 വയസ്സായിരുന്നു. 23-കാരനിൽനിന്ന് 38-കാരനിലേക്കെത്തുമ്പോൾ ഒരു മനുഷ്യനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും എനിക്കും സംഭവിച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രായംവരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ പ്രായവും പക്വതയുമെല്ലാം സ്വാഭാവികമായും എന്റെ ഇഷ്ടങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പക്വതയും അനുഭവവും കൈവന്നപ്പോൾ എന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. ഏത് സിനിമയുടെ ക്ഷണം വന്നാലും അതിൽ ഏത് തിരഞ്ഞെടുക്കണമെന്നത് എന്റെമാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്. അത് മറ്റാർക്കും ഞാൻ നൽകിയിട്ടില്ലാത്തതിനാൽ അത് പരാജയമായാൽ എന്റെമാത്രം പ്രവൃത്തിയുടെ ഫലമാണെന്ന് കരുതാനാണ് എനിക്കിഷ്ടം.

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലെവൽ ക്രോസ്. ചിത്രത്തിൽ ഏകാന്ത ജീവിതം നയിക്കുന്ന രഘു എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം ജിത്തു ജോസഫാണ് അവതരിപ്പിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്.

Related Stories

No stories found.
logo
The Cue
www.thecue.in