മിഥുൻ മുരളിയുടെ കിസ് വാഗണിന് റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ രണ്ടു പുരസ്‌കാരങ്ങൾ

മിഥുൻ മുരളിയുടെ കിസ് വാഗണിന് റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ രണ്ടു പുരസ്‌കാരങ്ങൾ

യുവസംവിധായകനായ മിഥുൻ മുരളിയുടെ "കിസ് വാഗൺ" എന്ന മലയാള ചിത്രത്തിന് റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ രണ്ടു പുരസ്‌കാരങ്ങൾ. അന്താരാഷ്ട്ര ക്രിട്ടിക്കുകളും, ജേര്ണലിസ്റ്റുകളും, ഫെസ്റ്റിവൽ ജൂറിയും വിലയിരുത്തുന്ന സ്പെഷ്യൽ ജൂറി, ഫിപ്രെസ്‌കി എന്നീ സുപ്രധാന പുരസ്‌കാരങ്ങളാണ് ഇന്നലെ നടന്ന ചടങ്ങിൽ ചിത്രം കരസ്ഥമാക്കിയത്. ഫെസ്റ്റിവലിലെ ടൈഗർ മത്സരവിഭാഗത്തിലെ ഏക ഇന്ത്യൻ സിനിമയായിരുന്നു മിഥുന്റെ "കിസ്സ് വാഗൺ".

മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്ലോട്ട്. പാർസൽ ഡെലിവെറിയുടെ ഭാഗമായി നടത്തുന്ന അവളുടെ സാഹസികമായ യാത്ര, ചലനാത്മകമായ ശബ്ദ-ദൃശ്യ അകമ്പടികളോടെ വലിയൊരു കഥാലോകത്തെ തുറന്നു കാട്ടുന്നു. നിഴൽനാടകങ്ങളുടെ (shadow play) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട് കൊണ്ട് രണ്ടായിരത്തോളം കരകൗശലനിർമ്മിതമായ ഷോട്ടുകളുടെയും ഓഡിയോ-വീഡിയോ അകമ്പടികളുടെയും മൂന്നുമണിക്കൂർ നീളുന്ന ഒരു ബൃഹത്തായ മിശ്രിതമാണീ രസകരമായ എപിക് ആഖ്യാനചിത്രം, ആ നിലയ്ക്കും ഒരുപക്ഷെ ആദ്യമായിട്ടാണ് ഇതുപോലൊരു ഫീച്ചർ ഫിലിം ശ്രമം.

"പാരമ്പര്യേതര രീതിയിൽ ഒരു സിനിമ സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ആലോചന. സിനിമ സംവിധായകന്റെ കലയാണെങ്കിലും, സിനിമയെ ഒരു കലാരൂപമായി നിർവചിക്കുന്ന അടിസ്ഥാന ഘടകങ്ങളെ പലപ്പോഴും അവഗണിച്ചുകൊണ്ട് മിക്ക സിനിമാപ്രേമികളും സ്ക്രീനിലെ അഭിനേതാക്കളുടെ പ്രവർത്തനങ്ങളിൽ ഉടക്കിനിൽക്കുന്നു, ഈ ശീലത്തെ മറികടക്കാനുള്ള കൗതുകകരമായ തിരിച്ചറിവാണ് "കിസ് വാഗൺ" എന്ന ചിത്രത്തിലേക്ക് നയിച്ചത്... പരമ്പരാഗത സങ്കൽപ്പങ്ങളെ ആശ്രയിക്കാതെ, മുഖങ്ങളെയോ മറ്റൊന്നും തന്നെയോ ഷൂട്ട് ചെയ്യാതെ ഓരോ ഫ്രയിമും ഡിജിറ്റലി നിർമ്മിച്ചെടുത്തു കൊണ്ട്; രചന, എഡിറ്റിംഗ്, ശബ്ദം, സംഗീതം, ആഖ്യാന ശൈലി, രൂപം, ഘടന തുടങ്ങിയ സിനിമാറ്റിക് ഘടകങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു മിക്സഡ്-മീഡിയ ഫീച്ചർ ഫിലിം അപ്രകാരം വിഭാവനം ചെയ്തു..." മിഥുൻ സമർത്ഥിക്കുന്നു.

"അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ദൃശ്യപരവും, ആകർഷകവുമായ അന്വേഷണം പ്രകടിപ്പിക്കുന്ന മൂന്നു മണിക്കൂർ നീണ്ട ഇതിഹാസതുല്യമായ ചിത്ര"മെന്നാണ് റോട്ടർഡാം ഫെസ്റ്റിവൽ ഡിറക്ടർ ആയ വാന്യ കലുഡ്ജെർസിക് അഭിപ്രായപ്പെട്ടത്. "കിസ് വാഗ"ന്റെ നാല് പ്രദർശനങ്ങൾ ആണ് ഫെസ്റ്റിവലിൽ നടന്നത്

തന്റെ ക്രിയാത്മക - രചനാ സഹായിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവർഷത്തോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ് ഇത്തരമൊരു രസകരമായ പരീക്ഷണ ഫാന്റസിക്ക് തന്റെ കംപ്യൂട്ടറിനുള്ളിൽ മിഥുൻ ജീവൻ നൽകിയത്. അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ തന്നെ. ഡി. മുരളിയാണ് പ്രൊഡ്യൂസർ.

നവാഗത സംവിധായകനും, സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് മിഥുന്റെ ഈ സുപ്രധാന ചിത്രത്തെ റോട്ടർഡാമിൽ അവതരിപ്പിച്ചത്. 2022-ൽ ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ "പ്രാപ്പെട" എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറും റോട്ടർഡാമിൽ ആയിരുന്നു. "പ്രാപ്പെട"യുടെ പോസ്റ്പ്രൊഡക്ഷനിൽ മിഥുൻ മുരളി പങ്കാളിയായിരുന്നു.

ജൂറിയുടെ വാക്കുകൾ

"കിസ് വാഗൺ" സിനിമയ്ക്ക് ഫിപ്രെസ്‌കി പുരസ്‌കാരം നൽകാനുള്ള തീരുമാനം ഐകകണ്ഠേന ആയിരുന്നുവെന്നു ജൂറി പറഞ്ഞു, "ശൈലികൾ, ജോണറുകൾ, തീമുകൾ എന്നിവയുടെ സങ്കീർണ്ണമായ കൊളാഷ്, വിപുലവും വ്യക്തിഗതവുമായ കരകൌശലങ്ങൾ തുടങ്ങിയവയുടെ ഉപയോഗത്താൽ സിനിമ എന്നത് നിരന്തരം പുതുക്കുന്ന പരിധികളിലില്ലാത്ത ഇടമാണെന്ന് ഈ ധീരമായ ചിത്രം നമ്മെ ഓർമ്മിപ്പിച്ചു, ഒപ്പം സ്വാതന്ത്ര്യമില്ലായ്മ, ലിംഗപരമായ അടിച്ചമർത്തൽ എന്നീ ഗുരുതരമായ വിഷയങ്ങളെ നർമ്മവും, അത്ഭുതവും, ഗൂഢാലോചനയും സമന്വയിപ്പിക്കുന്ന രീതിയിൽ സമീപിക്കുന്നതിലെ തീക്ഷ്ണതയും, പുതുമയും ആഘോഷഭരിതമാണ് " എന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in