പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ്, കടുവ, ജന​ഗണമന സിനിമകളുടെ പ്രതിഫലത്തുക സംബന്ധിച്ച്

പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ്, കടുവ, ജന​ഗണമന സിനിമകളുടെ പ്രതിഫലത്തുക സംബന്ധിച്ച്
Published on

നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പ് നോട്ടീസ്. പൃഥ്വിരാജ് നായകനും സഹനിർമ്മാതാവുമായ കടുവ, ജന​ഗണമന, ​ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത വരുത്തുന്നതിനാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് കേന്ദ്രങ്ങളുടെ വിശദീകരണം. സംഘപരിവാറിനെയും ബിജെപിയെയും പ്രകോപിപ്പിച്ച എമ്പുരാൻ എന്ന സിനിമക്ക് പിന്നാലെ പൃഥ്വിരാജിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് സംഘപരിവാർ മുഖപത്രം ഓർ​ഗനൈസറും കേരളത്തിലെ സംഘപരിവാർ ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല‍്‍‍ എമ്പുരാൻ വിവാദമല്ല ഇൻകം ടാക്സ് നോട്ടീസിന് പിന്നിലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.

ഇന്നലെ എമ്പുരാൻ സിനിമയുടെ നിർമ്മാതാവും ​ഗോകുലം ​ഗ്രൂപ്പ് ചെയർമാനുമായ ​ഗോകുലം ​ഗോപാലന്റെ തമിഴ്നാട്ടിലെയും കേരളത്തിലെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. മാർച്ച് 29നാണ് പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നത്, ഏപ്രിൽ 29ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് ആവശ്യം. ​ഗോകുലം ​ഗോപാലൻ ഇന്നലെ രാത്രി ചെന്നൈയിൽ എത്തി ഇഡി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ​ഗോകുലം ​ഗ്രൂപ്പ് എംഡി ബൈജു ​ഗോപാലനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ​കോടമ്പാക്കത്തെകോർപ്പറേറ്റ് ഓഫീസിലും നീലാങ്കരയിലെ ഫാം ഹൗസിലുമായാണ് പുലർച്ചെ വരെ റെയ്ഡ് നടന്നിരുന്നു.

പൃഥ്വിരാജ് സുകുമാരന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ജന​ഗണമന, കടുവ, ​ഗോൾഡ് എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത്. ഈ സിനിമകളിൽ നിന്ന് പൃഥ്വിരാജിന് ലഭിച്ച പ്രതിഫലം, ലാഭവിവിഹിതം എന്നിവ സംബന്ധിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ വിശദീകരണം തേടിയിരുന്നുവെന്നും ഇതിന്റെ സ്വാഭാവികമായ തുടർനടപടി മാത്രമാണ് ഇപ്പോഴത്തേത് എന്നുമാണ് ആദായനികുതി വകുപ്പ് കേന്ദ്രങ്ങളിൽ നിന്ന് നൽകുന്ന വിവരം. ​ആദായനികുതി അന്വേഷണ വിഭാ​ഗം 2022ൽ പൃഥ്വിരാജിന്റെ ഓഫീസിൽ നടത്തിയ പരിശോധനകളിലും കണ്ടെത്തലിലും വ്യക്തത വരുത്തുകയാണ് നീക്കമെന്നാണ് ആദായനികുതി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 2022 ഡിസംബർ 15ന് ആന്റണി പെരുമ്പാവൂര‍്, ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ നിർമ്മാണ വിതരണ കമ്പനികളുടെ കൊച്ചി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in