മലയാള സിനിമാ വ്യവസായത്തിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അതിന് കൂട്ടു നിൽക്കുന്നത് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണെന്നും നിർമാതാവ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ പ്രസ്താവന അനുചിതവും ചട്ടവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ച് സാന്ദ്ര രംഗത്ത് എത്തിയിരുന്നു. തുടർന്ന് ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്നും മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സാന്ദ്ര തോമസ് പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ ഭാരവാഹിയായ ലിസ്റ്റിൻ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ എല്ലാ മാസവും പുറത്തു വിടുന്ന ലാഭ നഷ്ട കണക്കുകൾ ഇൻഡ്സ്ട്രിയെ നശിപ്പിക്കാനുള്ള നീക്കമാണെന്നും സാന്ദ്ര ആരോപിച്ചു. ലിസ്റ്റിൻ ഫണ്ട് ചെയ്യുന്നൊരു സംഘടനയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നും അതിന്റെ ഭാരവാഹികൾ എല്ലാവരും തന്നെ ലിസ്റ്റിനെ പിന്തുണയ്ക്കുന്നവരാണെന്നും ക്യു സ്റ്റുഡിയോയോട് സാന്ദ്ര തോമസ് പ്രതികരിച്ചു.
ഒരു നടന് താക്കീത് നൽകുന്ന തരത്തിൽ പൊതുവേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസംഗം ഒരു അധികാര ഗർവിനെ സൂചിപ്പിക്കുന്നില്ലേ? സിനിമ എന്ന തൊഴിലിടം അത്തരത്തിൽ പ്രവർത്തിക്കേണ്ട ഒരു മേഖലയാണോ?
അല്ല, അതുകൊണ്ട് തന്നെയാണല്ലോ അത് ശരിയായ നടപടി അല്ല എന്ന് ഞാൻ പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ് ലിസ്റ്റിൻ. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ ട്രെഷററും, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും ഇനി അടുത്ത് വരാൻ പോകുന്ന ചേമ്പറിന്റെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന ഒരാളും കൂടിയാണ് അദ്ദേഹം. അത്തരത്തിൽ ഉത്തരവാദിത്തം ഉള്ള ഒരാൾ ഇത്തരത്തിൽ ആയിരുന്നില്ല പ്രതികരിക്കേണ്ടത്. പ്രോട്ടോകോൾ അനുസരിച്ച്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയാൽ അവർ അമ്മ സംഘടനയെ അറിയിക്കും, അമ്മയിൽ നിന്നും തീരുമാനം ആയില്ലെങ്കിൽ അത് ചേമ്പറിലേക്ക് പോകും. അതൊക്കെയാണ് അതിന്റെ രീതികൾ. അതിന് പകരം ഒരു പൊതുവേദിയിൽ വന്നു നിന്ന് എല്ലാ നടന്മാരെയും സംശയ മുനയിൽ ആക്കി ഒരു കാര്യം പറയുക എന്നതിന്റെ ഉദ്ധേശ്യം തന്നെ ഇത് കേരളം മുഴുവൻ ചർച്ച ചെയ്യണം എന്നുള്ളതാണ്. ഒരു കാര്യത്തിന് തുടക്കം കുറിച്ച് വെയ്ക്കുക. അല്ലെങ്കിൽ പരസ്യമായി ഭീഷണിപ്പെടുത്തുക, ബാക്കി കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ എന്ന തരത്തിൽ വിട്ടു കൊടുത്ത് ഫോൺ എടുക്കാതെ മാറി നിൽക്കുക. ഇതൊക്കെകൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. സാധാരണ അസോസിയേഷനിലെ ഒരു അംഗമോ മറ്റാരെങ്കിലുമോ ആണ് ഇത് ചെയ്തതെങ്കിൽ നമുക്ക് അത് മനസ്സിലാക്കാം. പക്ഷേ ഇതൊരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ് ചെയ്തിരിക്കുന്നത്. നമ്മൾ തെരഞ്ഞെടുത്ത് ഒരു സ്ഥാനത്ത് ഇരുത്തിയിരിക്കുന്ന ഒരാളാണ് ലിസ്റ്റിൻ. ആ കസേരയിൽ ഇരിക്കുന്ന കാലത്തോളം അദ്ദേഹത്തിന് കുറച്ച് ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ ആയിരുന്നില്ല ലിസ്റ്റിൻ പെരുമാറേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഞാൻ ഇതല്ല അതിന്റെ ശരിയായ രീതി എന്നു പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നത്.
ലിസ്റ്റിൻ സ്റ്റീഫനെ വട്ടിപലിശക്കാരന്റെ ഏജന്റ് എന്ന് വിളിച്ചതിന് പിന്നിലുള്ള അടിസ്ഥാനം?
അത് ഇൻഡസ്ട്രിയിലുള്ള മറ്റുള്ളവർ സംസാരിക്കട്ടെ, ഞാൻ തന്നെ എല്ലാം കൂടി പറഞ്ഞു കൊണ്ടിരുന്നാൽ എങ്ങനെ ശരിയാവും? ഞാൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെങ്കിൽ ഇവർ പ്രതികരിക്കട്ടെ. ഞാൻ പറഞ്ഞതൊന്നും രഹസ്യമായ കാര്യങ്ങളല്ല. ഈ പറയുന്ന സിനിമകളിലെല്ലാം ഫണ്ട് വന്നിട്ടുണ്ടോ എന്നും അത് എങ്ങനെയാണെന്നും എത്ര രൂപയാണെന്നും എത്ര രൂപ മടക്കി കൊടുത്തിട്ടുണ്ടെന്നും ഒക്കെയുള്ള അന്വേഷണങ്ങൾ വരട്ടെ.
എന്തുകൊണ്ടാണ് ലിസ്റ്റിന്റെ പേര് മാത്രം എടുത്തു പറഞ്ഞത്?
ലിസ്റ്റിൻ എന്റെ അടുത്ത സുഹൃത്ത് ആണ്. ഇതിന് മുമ്പുള്ള എന്റെ അഭിമുഖങ്ങളും അതിൽ ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളും എല്ലാം നോക്കുകയാണെങ്കിൽ ഞാൻ എപ്പോഴും ലിസ്റ്റിനെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവസാനം വരെയും ഞാൻ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആരാണ് എന്ന് ചോദിച്ചാൽ അത് ലിസ്റ്റിൻ ആണെന്ന് ഇതിന് മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്.
എനിക്ക് നല്ലൊരു സുഹൃത്തായിരുന്ന ആളാണ് ലിസ്റ്റിൻ. നല്ല സരസനായ ഒരാളാണ്. നല്ലത് പോലെ സംസാരിക്കാൻ അറിയുന്ന ഒരാളാണ്. ഇതെല്ലാം ആണെങ്കിൽ പോലും നമ്മൾ ഇരിക്കുന്ന കൊമ്പ് വെട്ടുക എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ സാധിക്കില്ല. ഇരിക്കുന്ന കൊമ്പ് വെട്ടുന്ന ആളോട് ഒരു തരത്തിലുമുള്ള സുഹൃത്ത് ബന്ധവും എനിക്ക് കാത്തു സൂക്ഷിക്കാനും താൽപര്യമില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ലിസ്റ്റിന്റെ പേര് പുറത്ത് പറഞ്ഞത്. കാരണം അതിവിടെ പറയാൻ വേറെ ആരും ധൈര്യപ്പെടില്ല എന്ന് എനിക്ക് അറിയാം. ലിസ്റ്റിന്റെ അടിമകളായി നിൽക്കുന്നവരാണ് ബാക്കി എല്ലാവരും.
ലിസ്റ്റിൻ പറയുന്ന പ്രമുഖ നടൻ നിവിൻ പോളിയാണെന്ന തരത്തിൽ ചർച്ചകൾ വരുന്നുണ്ടല്ലോ?
ലിസ്റ്റിൻ വ്യക്തമാക്കണമായിരുന്നു അത് ആരാണ് എന്നുള്ളത്. ഇപ്പോൾ എല്ലാ നടന്മാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പോലെ ആയില്ലേ? മാധ്യമങ്ങൾ അല്ലേ പറയുന്നത് അത് നിവിൻ പോളി ആണെന്ന്. നാളെ ലിസ്റ്റിൻ വന്ന് ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല, സിനിമാ പ്രമോഷന്റെ ഭാഗമായിട്ട് പറഞ്ഞതാണ്, അല്ലാതെ ഒരു നടനെയും ഞാൻ ഇതിൽ ഉദ്ദേശിച്ചിട്ടില്ല എന്നു പറഞ്ഞാൽ നിവിൻ പോളിക്ക് ഈ പറഞ്ഞ മാധ്യമങ്ങൾക്ക് എതിരെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുത്തുകൂടെ? ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്നയാൾ ഇത് എന്തിന് ചെയ്തു എന്നതാണ്.
സിനിമ വ്യവസായം ആണെന്നും അതിൽ ജയപരാജയങ്ങൾ സംഭവിക്കുമെന്നും ഇത്തരത്തിൽ കണക്കുകൾ പുറത്തു വിടുന്നത് 'ഏഭ്യത്തരം' ആണെന്നും മുമ്പ് സന്തോഷ് ടി കുരുവിള തന്നെ പറഞ്ഞിരുന്നു, കേരളത്തിലെ തിയറ്റർ ഷെയർ കൊണ്ട് മാത്രം സിനിമയുടെ ലാഭനഷ്ടത്തെ വിലയിരുത്തുന്നത് മലയാള സിനിമയുടെ പ്രതിഛായ്ക്ക് തന്നെ മങ്ങലേൽപ്പിക്കുകയല്ല? അത് ഈ ലിസ്റ്റ് പുറത്തു വിടുന്ന നിർമാതാക്കൾക്ക് തന്നെ തിരിച്ചടിയല്ലേ?
തീർച്ചയായിട്ടും അതെ. ഇവരെ തെരഞ്ഞെടുത്ത് ഈ ഒരു സ്ഥാനത്ത് ഇരുത്തിയിരിക്കുന്ന എല്ലാ നിർമാതാക്കൾക്കും കൊടുക്കുന്ന തിരിച്ചടിയാണ് ഈ പറയുന്ന ലാഭനഷ്ട കണക്കുകൾ വിളിച്ചു പറയുക എന്നുള്ളത്. ഇവരെ വിശ്വസിച്ച് ഇവർ നമുക്ക് വേണ്ടി പ്രവർത്തിക്കും എന്ന് വിശ്വസിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ ഇവർ പ്രവർത്തിക്കുന്നത് മറ്റ് പലർക്കും വേണ്ടിയാണ്. ഈ ലാഭ നഷ്ട കണക്കുകൾ എന്ന് പറയുമ്പോൾ ലാഭവും നഷ്ടവും കൃത്യമായി പറയാൻ സാധിക്കണം. അതിന് എല്ലാ കാര്യങ്ങളും പറയണം. കേരളത്തിലെ തിയറ്ററുകളുടെ മാത്രം കളക്ഷൻ പറയുന്നത് കൊണ്ട് ഒരു പടം നഷ്ടമാണ് എന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതൽ റവന്യു കിട്ടുന്നത് ഓവർസീസ് മാർക്കറ്റിൽ നിന്നാണ്. അതിനെക്കുറിച്ച് പറയുന്നില്ല, കേരളത്തിന് പുറത്തുള്ള റെവന്യു പറയുന്നില്ല, ഒടിടി പറയുന്നില്ല, അതുപോലെ മ്യൂസിക് റൈറ്റ്സ്, ഡബ്ബിംഗ് റൈറ്റ്സ്, റീമേക്ക് റൈറ്റ്സ് ഇതെല്ലാം വരുമാന മാർഗങ്ങളാണ്. ഇതൊന്നും പറയാതെ ഇതാണ് ഈ സിനിമയുടെ മുടക്ക് മുതൽ, ഇതാണ് ഇതിന്റെ വരുമാനം എന്നു പറഞ്ഞ് കാണിച്ചാൽ എങ്ങനെയാണ് ശരിയാവുന്നത്? അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, സിനിമയെക്കുറിച്ച് വലിയ അറിവ് ഇല്ലാത്ത, എന്നാൽ സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ ഇവിടെ നിന്ന് ഓടിക്കാനേ അതുകൊണ്ട് ഉപകരിക്കുകയുള്ളൂ. ഇത്തരത്തിൽ കണക്ക് പുറത്തു വിടുന്നത് മൂലം ഏതെങ്കിലും ഒരു നടൻ പ്രതിഫലം കുറച്ചതായി ഇവർക്ക് പറയാൻ സാധിക്കുമോ? ഞങ്ങൾ ഇങ്ങനെ ചെയ്തതുകൊണ്ട് ഇങ്ങനെ ഒരു ഗുണം ബാക്കിയുള്ള നിർമാതാക്കൾക്ക് ഉണ്ടാക്കി കൊടുത്തു എന്ന് ഇവർക്ക് പറയാൻ സാധിക്കുമോ? ഇപ്പോൾ ഒരു സിനിമ ഇറങ്ങിയതിന് ശേഷം മാത്രമേ അതിന്റെ സെയിൽസ് നടക്കുകയുള്ളൂ. ഇറങ്ങിക്കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ഇതാണ് ഇതിന്റെ ചെലവ് ഇതാണ് ഇതിന്റെ വരുമാനം എന്നൊക്കെ ഇവർ പറഞ്ഞാൽ എങ്ങനെയാണ്? എന്തുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ ഉടക്കിയത്? അദ്ദേഹത്തിന്റെ ബഡ്ജറ്റ് പുറത്തു വിട്ടത് കൊണ്ടാണ്. ഇത് ഒരോ നിർമാതാവിന്റെയും രഹസ്യമായ കാര്യമാണ്. ഇത് എന്തിനാണ് പബ്ലിക്ക് ആയി പറയുന്നത്? ആ നിർമാതാവിന്റെ സമ്മതം ഇല്ലാതെ എന്തിനാണ് ഇത് പുറത്ത് പറയുന്നത്? ഇവർ ആരാണ് അത് പറയാൻ? എത്ര രൂപ ചെലവാക്കി എത്ര രൂപ കിട്ടി എന്നൊക്കെ പറയേണ്ടത് ആ വ്യക്തി അല്ലേ? അത് ഇവിടെ പറയുന്നത് വഴി പടത്തിന്റെ സെയിൽ ഇവിടെ നടക്കാതെ ആവുകയാണ്. ഇതുകൊണ്ട് ആർക്കാണ് ഇവർ ഗുണം ഉണ്ടാക്കാനായി ശ്രമിക്കുന്നത്? കുറച്ച് പേരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയിട്ട് ചെയ്യുന്ന ഒരു കാര്യമാണ് ഇത്. അല്ലാതെ ഇതൊരിക്കലും നിർമാതാക്കൾക്ക് ഗുണമുള്ള ഒരു കാര്യം അല്ല. സിനിമയെക്കുറിച്ചുള്ള സത്യാവസ്ഥ അറിയിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന സത്യവന്മാരുമല്ല ഇവർ.
ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നല്ലോ? എന്താണ് ആ ലോബി ? അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? പ്രാഥമികമായി എന്താണ് അതിന്റെ ഉദ്ദേശ്യം എന്ന് വ്യക്തമാക്കാമോ?
ഞാൻ ആ പോസ്റ്റിൻ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇനി ബാക്കി കാര്യങ്ങൾ പറയേണ്ടത് ഇവിടെയുള്ള മറ്റുള്ളവരാണ്. ഞാൻ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ഇവിടെ പരസ്യമായ രഹസ്യമാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. പല നിർമാതാക്കളും ഫോൺ സ്വിച്ച്ഡ് ഓഫ് ആക്കി ഒളിഞ്ഞിരിക്കുന്നതിന് പകരം മുന്നോട്ട് വന്നു പറയട്ടേ, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന്. വട്ടി പലിശക്കാർ ഇവിടെ ഇൻഡസ്ട്രിയിൽ വാഴുന്നുണ്ടോ? നിർമാതാക്കളുടെ സംഘടന പറയുന്നത് പോലെ ഈ സിനിമകളെല്ലാം ഇത്രയും നഷ്ടങ്ങളായിരുന്നെങ്കിൽ എന്തിനാണ് അവർ പിന്നെയും സിനിമകൾ എടുക്കുന്നത്? അവർക്ക് ഈ കട പൂട്ടിയിട്ട് വേറെ വല്ല ബിസിനസ്സിനും പോയ്ക്കൂടെ? അവർ പിന്നെയും ഇവിടെ നിന്ന് സിനിമ ചെയ്യുന്നുണ്ടല്ലോ? ഭാര്യയുടെ സ്വർണം പണയം വച്ചു എന്ന് പറയുന്നു, മീൻ വാങ്ങാൻ പണമില്ലെന്ന് പറയുന്നു. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് പിന്നെയും എന്തിനാണ് ഈ സ്ഥാനത്ത് കയറി ഇരുന്നു കൊണ്ട് വെല്ലുവിളികൾ നടത്തുകയും സിനിമകൾ വീണ്ടും ചെയ്യുകയും ചെയ്യുന്നത്. ബാക്കിയുള്ളവരെയെല്ലാം ഓടിച്ച് ഞങ്ങൾ മാത്രം ഇവിടെ സിനിമ ചെയ്യാം എന്നുള്ളൊരു രീതിയാണ് ഇത്.
ലിസ്റ്റിൻ ഇത്തരത്തിൽ ഒരു ആരോപണം പൊതുവേദിയിൽ പറയുന്നു, അതിനെക്കുറിച്ച് വലിയ ചർച്ചകൾ സംഭവിക്കുന്നു, എന്നാൽ ലിസ്റ്റിൻ ആ ചർച്ചകളിൽ നിന്നെല്ലാം മാറി നിൽക്കുന്നു, സത്യത്തിൽ ഇത് ആരെയാണോ ഉദ്ദേശിക്കുന്നത് ആ നടനെ സമ്മർദ്ദത്തിൽ ആക്കുകയല്ലേ?
അതേ അതിന് സംഘടനകളും കൂട്ടു നിന്നു. ആ നടനെ സമ്മർദ്ദത്തിൽ ആക്കാൻ സംഘടനകളും കൂട്ടു നിൽക്കുകയാണ് ചെയ്തത്. ഈ നിമിഷം വരെയും ആരും അത് ഈ നടനാണ് എന്നോ, എന്താണ് കാര്യമെന്നോ ഓഫീഷ്യലി കൺഫേം ചെയ്തിട്ടില്ലല്ലോ? പല മാധ്യമങ്ങളും അത് ഇന്നയാളാണ് എന്ന് എന്നൊക്കെ പറയുന്നത് കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ അങ്ങനെ ഒരു വാർത്ത കൊടുത്തത്? ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ജനങ്ങൾ ഈ പറയുന്ന നടനെ ഉപദ്രവിച്ചോട്ടെ എന്നുള്ള ഉദ്ദേശ്യത്തിലായിരിക്കുമല്ലോ ലിസ്റ്റിൻ ഇത് ചെയ്തിരിക്കുക. അതിന് ശേഷം മിണ്ടാതെ ഇരിക്കുക എന്നു പറയുന്നത് ഭീരുവിന്റെ ലക്ഷണമാണ്. തന്റേടത്തോടെ മുന്നിൽ വന്നു നിന്ന് വ്യക്തതയോടെ കാര്യങ്ങൾ പറയേണ്ടേ?
മുമ്പ് ആന്റണി പെരുമ്പാവൂർ- സുരേഷ് കുമാർ വിഷയത്തിൽ ലിസ്റ്റിൻ തനിയെ പ്രസ്സ് കോൺഫറൻസ് വിളിച്ചു കൂട്ടി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അന്ന് അവിടെ അസോസിയേഷനിലെ മറ്റ് അംഗങ്ങളോ പ്രതിനിധികളോ ഉണ്ടായിരുന്നില്ല. സിനിമാ മേഖല ഒന്നാകെ ലിസ്റ്റിന്റെ കൈപ്പിടിയിൽ ആണ് തോന്നലിന്റേത് ആണോ അത്തരത്തിൽ ഒറ്റയ്ക്ക് പ്രസ്സ് മീറ്റ് നടത്താൽ ലിസ്റ്റിന് തോന്നാൻ കാരണം?
ആയിരിക്കും. അല്ലാതെ ഇങ്ങനെ ചെയ്യില്ലല്ലോ? സംഘടന നടത്തിയ ഒരു പ്രസ്താവനയ്ക്ക് ലിസ്റ്റിൻ ആണ് മറുപടി പറയാനായിട്ട് വരുന്നത്. ഒരു സ്റ്റാന്റ് ഇല്ലാതെ ഒരു അസോസിയേഷനെ പ്രതിനിധീകരിച്ച് വന്നു നിന്ന് പത്ര സമ്മേളനം നടത്തുക എന്നിട്ട് ശേഷം ഒരു നിലപാട് ഇല്ലാതെ അതിനെക്കുറിച്ച് സംസാരിക്കുക ഇതൊന്നും ചോദ്യം ചെയ്യാൻ ഇവിടെയുള്ള ഒരു സംഘടനയ്ക്കും നട്ടെല്ല് ഇല്ല എന്നുള്ളതാണ്.
താങ്കളെ ഒരിക്കൽ നിഷ്കരുണം തള്ളിക്കളയാൻ സാധിച്ച സംഘടനയ്ക്ക് ലിസ്റ്റിനെതിരെ ഒരു എളുപ്പ നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
ലിസ്റ്റിന് ഫണ്ട് ചെയ്യുന്നൊരു സംഘടനയാണ് അത്. ലിസ്റ്റിൻ എന്ന് പറയാൻ സാധിക്കില്ല. ലിസ്റ്റിൻ ഒരു ഏജന്റ് മാത്രമാണ്, ലിസ്റ്റിൻ എന്ന ഏജന്റിലൂടെ പല പലിശക്കാരും ഫണ്ട് ചെയ്യുന്നൊരു സംഘടനയാണ് അത്. സംഘടനയെ മുഴുവനായ പറയാൻ സാധിക്കില്ല. സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ചില വ്യക്തികളാണ് ഇതിന് കൂട്ടു നിൽക്കുന്നത്? അവസാനം ഇറങ്ങിയ സിനിമയിൽ പോലും ലിസ്റ്റിൻ ആണ് അതിന്റെ മേജർ ഫണ്ട് ചെയ്തിരിക്കുന്നത്. ലിസ്റ്റിൻ 25 കോടി രൂപ ആ സിനിമയിൽ മുടക്കിയിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വരുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കേണ്ട കാര്യങ്ങളാണ്.
സംഘടന തലപ്പത്തുള്ളർ ലിസ്റ്റിനെ ഭയക്കുന്നവരാണോ അതോ അദ്ദേഹത്തെ പിന്തുണയക്കുന്നവരാണോ? എന്താണ് അഭിപ്രായം?
സംഘടനയുടെ തലപ്പത്തുള്ളവർ ലിസ്റ്റിനെ പിന്തുണയ്ക്കുന്നവരാണ്. അതിന് കാരണം അവർക്കും നിലനിൽക്കണമെങ്കിൽ പൈസയുടെ ആവശ്യം ഉണ്ട്. ലിസ്റ്റിൻ വഴിയാണ് മലയാള സിനിമയിലേക്ക് അത് വന്നു കൊണ്ടിരിക്കുന്നത്.
സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത് എന്നു പറഞ്ഞിട്ടുണ്ടല്ലോ?
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്. പല സാറ്റ്ലൈറ്റ് ചാനലുകളിലും ഏതെങ്കിലും ഒരു പ്രൊഡ്യൂസർ ഒരു സിനിമ വിൽക്കാനായിട്ട് ശ്രമിക്കുമ്പോൾ ഈ പറയുന്ന ഭാരവാഹികൾ ആയിട്ടുള്ളവർ പ്രത്യേകിച്ച് ലിസ്റ്റിൻ അദ്ദേഹത്തിന്റെ പോകാതെ കിടക്കുന്ന പല സിനിമകളും ലിസ്റ്റിന്റെ സ്വന്തം പേരിലുള്ള സിനിമകൾ മാത്രമല്ല, അദ്ദേഹം പലിശയ്ക്ക് കൊടുക്കുന്ന സിനിമകൾ അടക്കം ഇതുപോലെ ഒരുമിച്ച് കൊണ്ടു കൊടുക്കുമ്പോൾ മറ്റ് നിർമാതാക്കൾക്ക് ഇവിടെ സ്വതന്ത്രമായി നിന്ന് സിനിമ ചെയ്യാനോ വിൽക്കാനോ സാധിക്കാത്ത അവസ്ഥ വരും. അങ്ങനെ വന്നിട്ടുണ്ട്. അത് ശരിയായ കാര്യമല്ലല്ലോ? ലിസ്റ്റിനെ പോലെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആൾ മറ്റ് നിർമാതാക്കളെ എല്ലാം കുഴിയിൽ ചാടിക്കുന്ന പോലെ ഒരു പ്രവൃത്തി ചെയ്യാൻ പാടില്ല. അയാൾ പടം വിറ്റോട്ടെ അയാൾ പടം വിൽക്കേണ്ട എന്നു ഞാൻ പറയുന്നില്ല. അയാളുടെ ഒന്നോ രണ്ടോ പടം വിൽക്കുക. അയാൾ സ്വന്തമായി ചെയ്ത പടം വിൽക്കുക. അയാൾ ഫണ്ട് ചെയ്ത പടങ്ങൾ എല്ലാം കൊണ്ടു കൊടുക്കുമ്പോൾ ബാക്കിയുള്ള നിർമാതാക്കൾക്ക് ഒന്നും ഇവിടെ സ്പേയ്സ് ഇല്ലാതെ ആവുകയാണ്. സെയിൽ നടക്കുന്നില്ല എന്ന് പറയുന്നത് വലിയ കാര്യമാണ്. ജനങ്ങൾക്ക് തന്നെ സിനിമയോടുള്ള താൽപര്യം കുറഞ്ഞു വരുന്നു. ഇങ്ങനെയുള്ള വിവാദങ്ങളും മറ്റ് കാര്യങ്ങളും വരുമ്പോൾ സിനിമ കാണാനായിട്ടുള്ള ഇഷ്ടം തന്നെ പ്രേക്ഷകർക്ക് നഷ്ടപ്പെടുന്നു. അതിൽ ഒരു മാറ്റം വരണം.
സിനിമാ വ്യവസായത്തിൽ മോണോപോളി സാധ്യമാണോ?
തീർച്ചയായിട്ടും സാധ്യമാകുന്ന ഒന്നാണ്. അത് ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്.