
'എആർഎം'ന് ശേഷം ടൊവിനോ തോമസും 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രം ഐഡന്റിറ്റിയുടെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആക്ഷൻ ഇവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിൽ ഇതിനോടകം ഒരുപാട് ക്രൈം-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും 'ഐഡന്റിറ്റി'യെ അവയിൽ നിന്നും മാറ്റി നിർത്തുന്നത് ചിത്രത്തിന്റെ കഥ പറച്ചിൽ രീതിയും ദൃശ്യാവിഷ്ക്കാരവുമായിരിക്കുമെന്ന് ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധായകർ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ്- അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഐഡന്റിറ്റി'യുടെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. 2025 ജനുവരി രണ്ടിന് ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
ഒരു പ്രൊഫഷണൽ സ്കെച്ച് ആർട്ടിസ്റ്റായ ഹരൺ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൃഷയുടെ കഥാപാത്രത്തെ കുറിച്ച് യാതൊരു സൂചനയും ട്രെയിലർ നൽകുന്നില്ല. നീണ്ട ഇടവെളക്കൊടുവിൽ തെന്നിന്ത്യൻ നായിക തൃഷ മലയാളത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണിത്. 2018 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ്-നിവിൻ പോളി ചിത്രം 'ഹേയ് ജൂഡ്'ലൂടെയാണ് തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 6 വർഷത്തിന് ശേഷം താരം മറ്റൊരു മലയാള ചിത്രത്തിൽ വേഷമിടുകയാണ്. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കോളിവുഡിലെ ഹിറ്റ് താരം വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ അർച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.