
ടൊവിനോ തോമസ് - തൃഷ കോമ്പിനേഷനിൽ പുറത്തുവന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി'ക്ക് തമിഴ്നാട്ടിലെ കളക്ഷനിൽ കുതിപ്പ്. ജനുവരി 2ന് പ്രദർശനം ആരംഭിച്ച ചിത്രം ഇതുവരെ 31.80 കോടിയാണ് ആഗോള തലത്തിൽ സ്വന്താമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിൽ ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഉടനെ പുറത്തിറങ്ങും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്. മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത് ആകാംക്ഷഭരിതമായ ഒരു ത്രില്ലറിലേക്കാണ്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻവെസ്റ്റിഗേഷനുമാണ് ഐഡന്റിറ്റിയുടെ പ്രമേയം. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലൻ ജേക്കബും നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പൊലീസ് സ്‍കെച്ച് ആർട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേർപിരിയിലിനാൽ കർക്കശക്കാരൻ അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന ഹരൺ ഒരു പെർഫക്ഷൻ ഒബ്‍സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന അലീഷയിലൂടെയാണ് മുന്നോട്ട് പോവുന്നത്.
സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.
ഐഡന്റിറ്റിയുടെ ഷൂട്ടിംഗിന് ശേഷം തന്റെ ബോഡി ലാംഗ്വേജ് തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് നടൻ ടൊവിനോ തോമസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐഡന്റിറ്റിയിലെ കഥാപാത്രം ഒരു റോബോട്ടിനെപ്പോലെയാണ് നടക്കുന്നത് എന്നും ഒരു ഡിസംബർ മുതൽ അടുത്ത ജൂലൈ വരെ ക്യാമറയുടെ മുന്നിൽ അങ്ങനെ നടന്നു ശീലിച്ചതിന് ശേഷം അതിൽ നിന്നും പുറത്തു കടക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു.