പ്രമുഖ സിനിമാ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ 2025 ലെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തി ടൊവിനോ ചിത്രം ഐഡന്റിറ്റി. 'ഫോറെൻസിക്' എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലെത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രാം ചരണിനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയും മറികടന്നാണ് ഐഡന്റിറ്റി ഐഎംഡിബിയുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്. ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയർച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റിൽ ഇടം പിടിച്ച തമിഴ്, തെലുങ്ക് സിനിമകൾ.
ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ഐഡന്റിറ്റിയുടെ ഇതിവൃത്തമെന്നാണ് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലർ നൽകുന്ന സൂചന. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. അതേ സമയം ഐഡന്റിറ്റിയുടെ അവസാന നാൽപത് മിനുട്ട് ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ളതായിരിക്കുമെന്ന് മുമ്പ് ചിത്രത്തിന്റെ സംവിധായകൻ അഖിൽ പോൾ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫോറൻസിക്കിനെ അപേക്ഷിച്ച് കൂടുതൽ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും അഖിൽ പോൾ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
അഖിൽ പോൾ പറഞ്ഞത്:
ഇൻവെസ്റ്റിഗേറ്റീവ് ട്രാക്കിൽ നിൽക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് ടൊവിയും വിനയ്യും തൃഷയും ചെയ്യുന്നത്. അന്വേഷണം ആയതുകൊണ്ടു തന്നെ അതിന്റേതായ സസ്പെൻസുകളും സിനിമയിലുണ്ട്. ഫോറൻസിക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി. ഐഡന്റിറ്റിയുടെ അവസാനത്തെ 40 മിനിറ്റ് മലയാളത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണ്. ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഐഡന്റിറ്റിയിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.