'ഷൂട്ട് ചെയ്തത് അമ്മയും ഞാനും കണ്ട ശേഷം ഇനി അഭിനയിക്കാമെന്ന് പറഞ്ഞു'; ഷെയ്നിന് എതിരെ ഉള്ള പരാതിയിലെ ഉള്ളടക്കം

'ഷൂട്ട് ചെയ്തത് അമ്മയും ഞാനും കണ്ട ശേഷം ഇനി അഭിനയിക്കാമെന്ന് പറഞ്ഞു';   ഷെയ്നിന് എതിരെ ഉള്ള പരാതിയിലെ ഉള്ളടക്കം

നടന്‍ ഷെയ്ൻ നിഗമിനെതിരെ ആര്‍ ഡി എക്‌സ് നിര്‍മ്മാതാവ് സോഫിയ പോള്‍ കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന് നല്‍കിയ പരാതി പുറത്ത്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഷെയ്ൻ നിഗത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെ ഭാഗത്തുനിന്നും തനിക്കും തന്റെ ടീമിനും ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റങ്ങള്‍ ആണ് ഉണ്ടായതെന്ന് കത്തില്‍ പറയുന്നു. ഷൂട്ട് ചെയ്ത മെറ്റീരിയല്‍ മുഴുവന്‍ അദ്ദേഹവും അമ്മയും കണ്ട ശേഷം അദേഹത്തിന്റെ സിനിമയില്‍ ഉള്ള പ്രധാന്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിംഗില്‍ പങ്കെടുക്കുകയുള്ളു എന്ന് ഷെയ്ൻ നിഗം ആവശ്യപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു.

നേരത്തെ ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷെയ്ൻ നിഗം സോഫിയ പോളിന് അയച്ച കത്ത് പുറത്ത് വന്നിരുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട ഷെയ്‌ന് ഷൂട്ടിംഗ് ആദ്യം പറഞ്ഞതിനേക്കാള്‍ നീണ്ടുപോകുന്നെന്നും അതില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

സോഫിയ പോള്‍ നല്‍കിയ പരാതിയില്‍ ആന്റണി വര്‍ഗീസിനുണ്ടായ അപകടത്തെ തുടര്‍ന്ന് ഷൂട്ടിംഗ് റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നിരുന്നെന്നും പറയുന്നുണ്ട്.

സോഫിയ പോളിന്റെ പരാതി

2022 സെപ്റ്റംബര്‍ അഞ്ച് മുതലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തത്. എന്നാല്‍ സെറ്റ് വര്‍ക്കുകളും പര്‍ച്ചേസുകളും നടത്തി, അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനും അഡ്വാന്‍സ് നല്‍കി ഡേറ്റുകള്‍ ബ്ലോക്ക് ചെയ്തതുകഴിഞ്ഞപ്പോഴാണ് ചിത്രത്തിലെ പ്രധാന അഭിനേതാവായ ആന്റണി വര്‍ഗീസിന് അപകടം സംഭവിക്കുന്നത്. ആന്റണിക്ക് കുറച്ചു നാള്‍ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് കുറച്ചു നാളേക്ക് മാറ്റി റീഷെഡ്യൂള്‍ ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഷെയ്ൻ നിഗത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ഭാഗത്തുനിന്നുണ്ടായത്. ഷൂട്ട് ചെയ്ത മറ്റീരിയല്‍ മുഴുവന്‍ അദ്ദേഹവും അമ്മയും കണ്ട ശേഷം അദേഹത്തിന്റെ സിനിമയില്‍ ഉള്ള പ്രധാന്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിംഗില്‍ പങ്കെടുക്കുകയുള്ളു എന്നതായിരുന്നു ഷെയ്ൻ നിഗത്തിന്റെ ആവശ്യമെന്ന് പരാതിയില്‍ പറയുന്നു.

സിനിമയിലെ പ്രധാന നടന്‍ എന്ന നിലയില്‍ ഷെയ്നിനെ സിനിമ കാണിക്കാം, പക്ഷേ കൂടെ ഉള്ളവരെ കാണിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട് എന്ന നിലപാട് എടുക്കുകയും കുറെ സമയത്തെ ചര്‍ച്ചകള്‍ കഴിഞ്ഞ് അത് ഭാഗികമായി മാത്രം ഷെയ്ൻ നിഗം അംഗീകരിച്ചു. എന്നാല്‍ പുതിയ ഡിമാന്റുകളുമായി എന്റെ പ്രൊഡക്ഷന്‍ കമ്പനിയിലേക്ക് അദ്ദേഹം ഒരു മെയില്‍ അയക്കുകയും അതിനു മറുപടി ഡയറക്ടര്‍ ഒപ്പിട്ടു കൊടുത്ത ശേഷം മാത്രം സിനിമയില്‍ തുടരാം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സിനിമ കഴിഞ്ഞുള്ള പ്രമോഷനിലും മറ്റും പൂര്‍ണമായും ഇടപെടാന്‍ അദ്ദേഹത്തിന് അവകാശമുള്ളതായും അദ്ദേഹത്തിന്റെ അംഗീകാരമില്ലാതെ പോസ്റ്ററുകള്‍ പുറത്തിറക്കരുതെന്നും ഒക്കെയായിരുന്നു ഷെയ്ൻ അയച്ച പരാതിയില്‍ പറയുന്നത്.

എന്നാല്‍ അത് ചിത്രത്തിന്റെ മാര്‍ക്കറ്റിംങ് സാധ്യതകളെ വിപരീതമായി ബാധിക്കുമെന്ന് മനസ്സിലാക്കിയതുകൊണ്ട് ഉടന്‍ അസ്സോസിയേഷനുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ശ്രീ. ബി ഉണ്ണികൃഷ്ണന്‍ സെറ്റില്‍ എത്തി ഷെയ്ൻ നിഗവുമായി ചര്ച്ച നടത്തുകയും ചെയ്ത ശേഷമാണ് ഷൂട്ടിംഗ് തടസമില്ലാതെ പോകുമെന്ന് ഉറപ്പിക്കാനായത് എന്ന് സോഫിയ പോള്‍ പരാതിയില്‍ പറയുന്നു. ഡബ്ബിംഗ് പ്രമോഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ എനിക്കു അദ്ദേഹത്തിന്റെ സഹകരണം ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കത്തില്‍ സോഫിയ പോള്‍ ചൂണ്ടികാണിക്കുന്നു.

ഷൂട്ടിംഗ് പാക്കപ്പ് ആകുന്നതിനോടടുത്ത് ഒരു ചാമ്പ്യന്‍ഷിപ്പ് ഷൂട്ട് ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുഴുവന്‍ കാത്തു നില്‍ക്കുമ്പോഴും ഷെയ്ൻ അടക്കമുള്ള പ്രധാന ആര്‍ടിസ്റ്റുകള്‍ പറഞ്ഞ സമയവും, മണിക്കൂറുകളും കഴിഞ്ഞ് എത്തിച്ചേര്‍ന്നില്ല. ആ ലൊക്കേഷന്‍ പൂര്‍ണ്ണമായും ക്യാന്‍സല്‍ ചെയ്തുകൊണ്ട് ഷെഡ്യൂള്‍ അനുസരിച്ചു ഉച്ചക്കുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി എന്നും പരാതിയിലുണ്ട്. പല ദിവസങ്ങളിലും ലൊക്കേഷനില്‍ എത്താന്‍ സംവിധായകനും ടീമും കൊടുക്കുന്ന സമയം പാലിക്കാന്‍ തയ്യാറാല്ലാത്ത ഷെയ്ൻ നിഗത്തിന്റെ നിഷേധ നിലപാടുകള്‍ മൂലവും അദ്ദേഹത്തിന്റെ കടുംപിടുത്തങ്ങളും നിസ്സഹകരണങ്ങളും മൂലവും ഒട്ടേറെ അനാവശ്യ ബ്രേക്കുകള്‍ ആണ് സിനിമയ്ക്ക് ഉണ്ടായത്. ഇതിലൂടെ തനിക്കും തന്റെ പ്രൊഡക്ഷന്‍ ഹൌസിനും വലിയ നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ചിത്രീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സിനിമാ സംഘടനകള്‍ ഷെയ്‌നിനെ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഷെയ്‌നെതിരെയുള്ള പരാതി പുറത്ത് വന്നിരിക്കുന്നത്.

ആര്‍.ഡി.എക്സ് എന്ന സിനിമയുമായി തന്നോട് സംസാരിക്കുമ്പോള്‍ താനാണ് പ്രധാന കഥാപാത്രമെന്നും ഒപ്പം രണ്ട് സഹതാരങ്ങളുമാണ് ഉണ്ടാവുക എന്നുമായിരുന്നു പറഞ്ഞിരുന്നതെന്നാണ് ഷെയ്‌ന് സോഫിയ പോളിന് അയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ ചിത്രീകരണ സമയത്ത് പ്രധാന കഥാപാത്രം ആയിട്ടു കൂടെ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്ന പോലെ തോന്നുന്നില്ല എന്നും, അതിന് വ്യക്തത തരണമെന്നും ഷെയ്ന്‍ നിഗം കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രീകരണം അത് തന്റെ പ്രൊഫഷണല്‍ ലൈഫിനെ ബാധിക്കുമെന്നും ചിത്രീകരണം വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നീണ്ടുപോയെന്നും ഷെയ്‌ന് പറയുന്നു. തന്റെ കഥാപാത്രത്തിന് മാര്‍ക്കറ്റിങും, പ്രൊമോഷനും, ബ്രാന്‍ഡിങും ചെയ്യുന്ന സമയത്ത് തനിക്ക് പ്രാധാന്യം നല്‍കണം എന്നും കത്തില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in