'എമ്പുരാന്റെ ലൊക്കേഷനായി മാത്രം ഒന്നരവർഷം മാറ്റിവച്ചു'; ആളുകൾ പ്രതീക്ഷിക്കുന്ന സിനിമയാണോ ഞാൻ എടുക്കുന്നതെന്ന് അറിയില്ലെന്നും പൃഥ്വിരാജ്

'എമ്പുരാന്റെ ലൊക്കേഷനായി മാത്രം ഒന്നരവർഷം മാറ്റിവച്ചു'; ആളുകൾ പ്രതീക്ഷിക്കുന്ന സിനിമയാണോ ഞാൻ എടുക്കുന്നതെന്ന് അറിയില്ലെന്നും പൃഥ്വിരാജ്

തന്റെ കരിയറിൽ ലൊക്കേഷൻ കണ്ടുപിടിക്കുന്ന കർത്തവ്യത്തിനായി ഒന്നര വർഷക്കാലം മാറ്റിവച്ച സിനിമ എമ്പുരാനാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. എമ്പുരാനിലും തിരുവനന്തപുരവും, വണ്ടിപെരിയാറും, എറണാകുളമൊക്കെ ഉണ്ട്. പക്ഷേ ഒരു ഫ്രാൻഞ്ചൈസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് എന്ന നിലയിൽ എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്. പക്ഷെ അത് മാത്രമല്ല സിനിമ. നമ്മുടെ നാടിന്റെ കഥ തന്നെയാണ് ഇത്. എന്നാലും ആളുകൾ പ്രതീക്ഷിക്കുന്ന സിനിമ തന്നെയാണോ താൻ എടുക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത് :

എമ്പുരാനിലും തിരുവനന്തപുരവും, വണ്ടിപെരിയാറും, എറണാകുളമൊക്കെ ഉണ്ട്. പക്ഷേ ഒരു ഫ്രാൻഞ്ചൈസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് എന്ന നിലയിൽ എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്. ഇപ്പോഴും ഇന്ത്യൻ സിനിമകളിൽ അത്തരം കാര്യങ്ങൾ നമ്മൾ കൺസീവ് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്റെ റിയൽ റിസൾട്ട് കിട്ടാറില്ല. അതുകൊണ്ട് തന്നെ ശരിക്കുമുള്ള ലൊക്കേഷനുകളിൽ പോയി ഷൂട്ട് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ കരിയറിൽ ലൊക്കേഷൻ കണ്ടുപിടിക്കുന്ന കർത്തവ്യം ഒരു ഒന്നര വർഷക്കാലം നീണ്ട് നിന്ന സിനിമ എമ്പുരാനാണ്. ലൊക്കേഷൻ എല്ലാം കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കുകയും അവിടെ പോയി ഷൂട്ട് ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷെ അത് മാത്രമല്ല സിനിമ. നമ്മുടെ നാടിന്റെ കഥ തന്നെയാണ് അത്. ആളുകൾ പ്രതീക്ഷിക്കുന്ന സിനിമ തന്നെയാണോ ഞാൻ എടുക്കുന്നതെന്ന് എനിക്ക് അറിയില്ല.

എമ്പുരാന്റെ ഇരുപത് ശതമാനം മാത്രമാണ് ഇതുവരെ ഷൂട്ട് ചെയ്തതെന്നും മോഹൻലാൽ മുണ്ടും മടക്കിക്കുത്തി ഒരു അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ അടിച്ചിടുന്നതൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല. അങ്ങനെയൊരു സിനിമയല്ല ചിത്രമെന്നും പൃഥ്വിരാജ് മുൻപ് വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in