ഇന്ദിരാഗാന്ധി ശക്തയാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ അവരെക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലായി അവർ വളരെ ദുർബലയായിരുന്നുവെന്ന്: കങ്കണ റണൗട്ട്

ഇന്ദിരാഗാന്ധി ശക്തയാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ അവരെക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലായി അവർ വളരെ ദുർബലയായിരുന്നുവെന്ന്: കങ്കണ റണൗട്ട്
Published on

എമർജൻസി എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് ഇന്ദിര ​ഗാന്ധി വളരെ ശക്തയായ ഒരു വ്യക്തിയാണെന്നാണ് താൻ കരുതിയിരുന്നതെന്ന് നടി കങ്കണ റണൗട്ട്. അടിയന്തരാവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് എമര്‍ജന്‍സി. എമർജൻസി എന്ന ചിത്രത്തിന് വേണ്ടി ഇന്ദിര ​ഗാന്ധിയെക്കുറിച്ച് ആഴത്തിൽ പഠിച്ചപ്പോഴാണ് താൻ ചിന്തിച്ചതിൽ നിന്നും നേർ വിപരീതമാണ് ഇന്ദിരയെന്ന് തനിക്ക് മനസ്സിലായത് എന്ന് കങ്കണ പറയുന്നു. ഇന്ദിര ​ഗാന്ധി വളരെ ദുർബലയായ ഒരു വ്യക്തിയായിരുന്നുവെന്നും അവർ പലരെയും വളരെയധികം ആശ്രയിച്ചിരുന്നുവെന്നും കങ്കണ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കങ്കണ റണൗട്ട് പറഞ്ഞത്:

എമർജൻസിക്ക് മുമ്പ് ഇന്ദിര ​ഗാന്ധി വളരെ ശക്തയായ ഒരു വ്യക്തിയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. അവർ പെട്ടെന്ന് ഒരു ദിവസം എഴുന്നേറ്റ് വന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഞാൻ അതിനെക്കുറിച്ച് ​ഗവേഷണം നടത്തുകയും ഇന്ദിര ​ഗാന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്തപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ വിചാരിച്ചതിൽ നിന്നും വിപരീതമാണ് അവർ എന്ന്. നിങ്ങൾ എത്രത്തോളം ദുർബലരാണോ അത്രത്തോളം നിയന്ത്രണം നിങ്ങൾക്ക് ആവശ്യമായി വരും എന്ന എന്റെ വിശ്വാസത്തെക്കൂടിയാണ് അത് ഊട്ടിയുറപ്പിച്ചത്. അവർ വളരെ ദുർബലയായ വ്യക്തിയായിരുന്നു. സ്വന്തം കാര്യത്തിൽ പോലും ഉറപ്പില്ലാതിരുന്ന ഒരാളാണ് അവർ. അവർക്ക് ചുറ്റം അവരെ താങ്ങാനായി ആളുകൾ ഉണ്ടായിരുന്നു, കൂടാതെ പലരെയും അവർ വളരെയധികം ആശ്രിയിച്ചിരുന്നു. അതിലൊരാളായിരുന്നു സഞ്ജയ് ​ഗാന്ധി.

1975ലെ അടിയന്തരാവസ്ഥ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ജനുവരി ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിൽ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെയാണ് കങ്കണ റണൗട്ട് അവതരിപ്പിക്കുന്നത്. എമർജൻസി കാണുവാനായി താൻ പ്രിയങ്ക ​ഗാന്ധിയെ ക്ഷണിച്ചുവെന്നും ഇതേ അഭിമുഖത്തിൽ കങ്കണ റണൗട്ട് വെളിപ്പെടുത്തി. മണികര്‍ണ്ണികയ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമര്‍ജന്‍സി. കങ്കണയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ മണികര്‍ണ്ണിക ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in