'മണിപ്പൂരിൽ സ്ത്രീകൾ ജീവനും,സ്വാഭിമാനത്തിനും വേണ്ടി പോരാടുന്നു': അവാർഡിൽ എത്ര സന്തോഷിക്കുന്നോ അത്രയും ദുഖിക്കുന്നെന്ന് ശ്രുതി ശരണ്യം

'മണിപ്പൂരിൽ സ്ത്രീകൾ ജീവനും,സ്വാഭിമാനത്തിനും വേണ്ടി പോരാടുന്നു': അവാർഡിൽ എത്ര സന്തോഷിക്കുന്നോ അത്രയും ദുഖിക്കുന്നെന്ന് ശ്രുതി ശരണ്യം

'ബി 32 മുതൽ 44' വരെ എന്ന സിനിമക്ക് ലഭിച്ച അംഗീകാരത്തിൽ എത്രമാത്രം സന്തോഷിക്കുന്നോ അത്രയും തന്നെ മണിപ്പൂരിലെ അപമാനിതരായ സഹോദരിമാരെക്കുറിച്ചോർത്ത് ദുഃഖിക്കുകയും ചെയ്യുന്നെന്ന് സംവിധായിക ശ്രുതി ശരണ്യം. സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രേത്യേക ക്യാറ്റഗറിയിലാണ് ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചത്. സംസ്ഥാന സർക്കാർ ഇവിടെ സ്ത്രീകൾക്ക് സിനിമ ചെയ്യാനൊരു ഫണ്ടൊരുക്കിയതുകൊണ്ടും, ഒരുപറ്റം നല്ല മനുഷ്യർ കൂടെ നിന്ന് രാവും പകലും അധ്വാനിച്ചതുകൊണ്ടും ബി എന്ന ചിത്രമുണ്ടായി. എന്നാൽ മണിപ്പൂരിൽ ഒരു വിഭാഗം അദൃശ്യരായ സ്ത്രീകൾ തങ്ങളുടെ ജീവനും, സ്വാഭിമാനത്തിനും വേണ്ടി പോരാടുകയാണെന്നും ശ്രുതി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ശ്രുതി ശരണ്യത്തിന്റെ ഫേസ്ബുക് പോസ്റ്റ് :

ബി 32 മുതൽ 44 വരെയ്ക്ക് ഇന്ന് ലഭിച്ച ഈ അംഗീകാരത്തിൽ എത്രമാത്രം ഞാൻ സന്തോഷിക്കുന്നോ ഒരുപക്ഷേ, അത്രമാത്രം തന്നെ മണിപ്പൂരിലെ അപമാനിതരായ സഹോദരിമാരെക്കുറിച്ചോർത്ത് ദുഃഖിക്കുകയും ചെയ്യുന്നു.. സംസ്ഥാന സർക്കാർ ഇവിടെ സ്ത്രീകൾക്ക് സിനിമ ചെയ്യാനൊരു ഫണ്ടൊരുക്കിയതുകൊണ്ടും, ഒരുപറ്റം നല്ല മനുഷ്യർ കൂടെ നിന്ന് രാവും പകലും അധ്വാനിച്ചതുകൊണ്ടും ബി എന്ന ചിത്രമുണ്ടായി. കൂടെ നിന്ന ഒരുപാട് നല്ല ചലച്ചിത്ര കുതുകികളുടെയും, സൊസൈറ്റി പ്രവർത്തകരുടെയും, മാധ്യമപ്രവർത്തകരുടെയും പ്രവർത്തനങ്ങളാലും, ദയയാലും ഈ ചിത്രം പൊതുജനങ്ങളിലേയ്ക്ക് കുറച്ചെങ്കിലുമെത്തി. സ്ത്രീ-സിനിമകൾക്കും സ്ത്രീ - സംവിധായകർക്കുമായുള്ള പ്രത്യേക കാറ്റഗറി നിലനിൽക്കുന്നതുകൊണ്ട് ബി യ്ക്ക് അവാർഡും ലഭിച്ചു. ഇതേ സമയം, മണിപ്പൂരിൽ ഒരു വിഭാഗം അദൃശ്യരായ സ്ത്രീകൾ തങ്ങളുടെ ജീവനും, സ്വാഭിമാനത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്നുള്ളതും അവരുടെ പോരാട്ടങ്ങൾ എവിടെയും അടയാളപ്പെടാതെ പോകുന്നു എന്നുള്ളതും അത്രമേൽ വേദനയോടെ ഓർക്കട്ടെ, ഈ പോരാട്ടത്തിൽ എനിക്കും ഒരു ശബ്ദമുണ്ടെന്ന് എനിക്ക് ശക്തമായി തോന്നുന്നു.

സംസ്ഥാന സര്‍ക്കാരിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി. നിര്‍മിച്ച ബി 32 മുതൽ 44' വരെയിൽ രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരിക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ കാമറയ്ക്ക് മുന്നിലും പിന്നിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സുദീപ് ഇളമണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുദീപ് പലനാട് സംഗീതവും നിര്‍വഹിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, രാഹുല്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in