'ദെെവമില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയും, പക്ഷേ പ്രേക്ഷകരില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയില്ല' ; കമൽ ഹാസൻ

'ദെെവമില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയും, പക്ഷേ പ്രേക്ഷകരില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയില്ല' ; കമൽ ഹാസൻ

പ്രേക്ഷകരില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് നടൻ കമൽ ഹാസൻ. ജീവിതത്തിൽ ദെെവമില്ലാതെ ജീവിക്കാൻ പറ്റും എന്ന് താൻ കണ്ടെത്തിയിട്ടുണ്ട് എന്നും കഴി‍ഞ്ഞ അമ്പത് വർഷമായി അത്തരത്തിലാണ് താൻ ജീവിക്കുന്നത് എന്നും കമൽ ഹാസൻ പറയുന്നു.ഉറങ്ങുന്ന ഏട്ട് മണിക്കൂറിൽ പ്രേക്ഷകരില്ലാതെ തനിക്ക് നിലനിൽക്കാൻ സാധിക്കുമായിരിക്കും അപ്പോഴും താൻ സ്വപ്നം കാണുന്നത് പോലും പ്രേക്ഷകരെയായിരിക്കുമെന്നും അവരില്ലാതെ തനിക്ക് അതിജീവിക്കാൻ സാധിക്കില്ല എന്നും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞു.

കമൽ ഹാസൻ പറഞ്ഞത്:

എനിക്ക് ദെെവമില്ലാതെ ജീവിക്കാൻ പറ്റും എന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷമായി വ്യക്തമായി ഞാൻ അത് കൈകാര്യം ചെയ്യുന്നുമുണ്ട്. എന്റെ സുഹൃത്തുക്കൾ ചിലപ്പോൾ ഇത് എതിർക്കുകയോ അം​ഗീകരിക്കുകയോ ചെയ്തേക്കാം. പക്ഷേ എനിക്ക് ഇത് ഉറപ്പ് തരാൻ കഴിയും എനിക്ക് ആളുകളില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന്. ചിലപ്പോൾ ഒരു എട്ട് മണിക്കൂർ എനിക്ക് അത് കഴിച്ചുകൂട്ടാൻ പറ്റിയേക്കും, ഞാൻ ഉറങ്ങുന്ന സമയം. പക്ഷേ ആ സമയത്തും ഞാൻ അവരെക്കുറിച്ച് സ്വപ്നം കാണുകയായിരിക്കും. ദെെവമില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയും പക്ഷേ മനുഷ്യരില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയില്ല. ഇത് ഒരു ​പൊങ്ങച്ച പ്രസ്താവനയൊന്നുമല്ല. ഇത് വളരെ വിനീതമായ തരത്തിലുള്ള യാഥാർത്ഥ്യത്തിന് മുന്നിൽ മുട്ടുകുത്തുന്ന എന്റെ പ്രസ്താവനയാണ്. ഇതിന് അഭിനയവുമായി ബന്ധമില്ല.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയാണ് ഏറ്റവും ഒടുവിലായി കമൽ ഹാസന്റേതായി തിയറ്ററിലെത്തിയ ചിത്രം. കമൽ ഹാസനൊപ്പം പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സുപ്രീം യാഷ്കിൻ എന്ന കഥാപാത്രമായാണ് കമൽ ഹാസൻ എത്തിയത്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമൽ ഹാസന്റെ അടുത്ത ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in