ഞാന്‍ മനുഷ്യശരീരം ഒബ്ജക്റ്റിഫൈ ചെയ്യുന്നതിന്റെ ഭാഗമാകില്ല: ഡാന്‍സ് നമ്പറുകളോടുള്ള വിയോജിപ്പിനെ കുറിച്ച് രജിഷ വിജയന്‍

ഞാന്‍ മനുഷ്യശരീരം ഒബ്ജക്റ്റിഫൈ ചെയ്യുന്നതിന്റെ ഭാഗമാകില്ല: ഡാന്‍സ് നമ്പറുകളോടുള്ള വിയോജിപ്പിനെ കുറിച്ച് രജിഷ വിജയന്‍

മനുഷ്യ ശരീരത്തെ ഒബ്ജക്റ്റിഫൈ ചെയ്യുന്ന ഒരു കാര്യത്തിന്റെയും ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നടി രജിഷ വിജയന്‍. എന്തുകൊണ്ടാണ് തനിക്ക് ഡാന്‍സ് നമ്പറുകളോട് വിയോജിപ്പ് എന്ന വിശദീകരിക്കുകയായിരുന്നു രജിഷ. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സിനിമയില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നോ, ചില പ്രത്യേക വസ്ത്രം ധരിക്കില്ലെന്നോ താന്‍ പറയുന്നില്ല. വള്‍ഗര്‍ അല്ലാത്ത രീതിയില്‍ ശരീരത്തിന് ചേരുന്ന ഏത് വസ്ത്രവും താന്‍ ധരിക്കും. പക്ഷെ അത് ഭംഗിയായും സൗന്ദര്യാത്മകമായും സിനിമയില്‍ ചിത്രീകരിക്കുകയാണെങ്കില്‍ മാത്രമായിരിക്കുമെന്നും രജിഷ പറയുന്നു.

രജിഷ വിജയന്‍ പറഞ്ഞത്:

ഗ്ലാമറസ് റോളുകള്‍ ചെയ്യില്ല ഒരു പ്രത്യേക വേഷം ധരിക്കില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നെ കണ്ടാല്‍ വള്‍ഗര്‍ അല്ലാത്ത രീതിയില്‍ എന്റെ ശരീരത്തിന് ചേരുന്ന വേഷമാണെങ്കില്‍ ഞാന്‍ അത് ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്ന പ്രശ്‌നങ്ങളൊന്നും എനിക്കില്ല. ജൂണില്‍ ഞാന്‍ കാണിച്ചിട്ടുണ്ട്. അതിനൊന്നും എനിക്ക് പ്രശ്‌നമില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുകയാണെങ്കില്‍ കുഴപ്പമില്ല. മറിച്ച് അത് ഒബ്ജക്റ്റിഫിക്കേഷന്‍ ആക്കുമ്പോഴാണ് എനിക്ക് പ്രശ്‌നം.

ഐറ്റം ഡാന്‍സിലേക്ക് വരുമ്പോള്‍ എന്റെ പ്രശ്‌നം, അതിന്റെ പാട്ട്, പാട്ടിന്റെ വരികള്‍, ഡാന്‍സ് മൂവ്‌സ്, ക്യാമറയുടെ ആങ്കിള്‍, പിന്നെ സൂം ചെയ്ത് വയറും കയ്യുമെല്ലാം കാണിക്കുന്നത് അതെല്ലാം പ്രധാനമാണ്. കാരണം ഇതാണ് ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത്. അത് ആണോ പെണ്ണോ. മനുഷ്യ ശരീരത്തെ ഒബ്ജക്റ്റിഫൈ ചെയ്യുന്ന ഒരു കാര്യത്തിന്റേയും ഭാഗമാകാന്‍ എനിക്ക് താത്പര്യമില്ല. അല്ലാതെ അവിടെ വിഷയം എന്റെ കോണ്‍ഫിഡന്‍സ് അല്ല.

Related Stories

No stories found.
logo
The Cue
www.thecue.in