എത്ര നയൻതാരമാർ ഉണ്ട് നമുക്ക്? ഒന്ന് മാത്രം മതിയോ? ഇപ്പോഴും അവർ പോരാടിക്കൊണ്ടിരിക്കുകയാണ്: പാർവതി തിരുവോത്ത്

എത്ര നയൻതാരമാർ ഉണ്ട് നമുക്ക്? ഒന്ന് മാത്രം മതിയോ? ഇപ്പോഴും അവർ പോരാടിക്കൊണ്ടിരിക്കുകയാണ്: പാർവതി തിരുവോത്ത്
Published on

തുല്യവേതനത്തെക്കുറിച്ച് ന്യായമായ സംഭാഷണങ്ങളുണ്ടാകണമെങ്കിൽ അതിന് ആദ്യം തുല്യമായ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് നടി പാർവതി തിരുവോത്ത്. പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ടുവരാനുള്ള മാർക്കറ്റ് വാല്യു തങ്ങൾക്കുണ്ടെന്ന് തെളിയിക്കാനുള്ള അവസരം കിട്ടാത്ത പക്ഷം എങ്ങനെയാണ് തുല്യവേതനത്തെക്കുറിച്ച് കൃത്യമായി സംസാരിക്കാൻ സാധിക്കുക എന്ന് പാർവതി ചോ​​ദിക്കുന്നു. ഒരു നയൻതാരയെ മാത്രം ചൂണ്ടിക്കാണിച്ച് തന്റെ ചോദ്യത്തെ സാധൂകരിക്കാൻ സാധിക്കില്ലെന്നും ആയിരക്കണക്കിന് നയൻതാരമാർ നമുക്കുണ്ടാവണം എന്നും പാർവതി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാർവതി തിരുവോത്ത് പറഞ്ഞത്:

തുല്യമായ അവസരങ്ങൾ നമുക്കുണ്ടായാൽ മാത്രമേ തുല്യവേതനത്തെക്കുറിച്ച് നമുക്ക് സംസാരിക്കാൻ സാധിക്കൂ. നമ്മുടെ അവസരങ്ങൾ അന്യായമായി ഇല്ലാതെയാകുമ്പോൾ എങ്ങനെയാണ് നമുക്ക് തുല്യവേതനത്തെക്കുറിച്ച് ന്യായമായ ഒരു സംഭാഷണം നടത്താൻ സാധിക്കുന്നത്. എനിക്ക് പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ടു വരാനുള്ള മാർക്കറ്റുണ്ടെന്ന് സ്വയം തെളിയിക്കാൻ ഒരു അവസരം കിട്ടാതെ എങ്ങനെയാണ് മറ്റേയാൾക്ക് കിട്ടുന്ന അതേ വേതനം എനിക്കും കിട്ടണം എന്ന് ഞാൻ പറയുക? മാർക്കറ്റബിളിറ്റി ഒരു തട്ടിപ്പാണെന്നൊന്നും ഞാൻ പറയില്ല. എനിക്ക് അതിനുള്ള അവസരം കിട്ടുന്നുണ്ടോ എന്നതാണ്. എനിക്ക് അത് കിട്ടുന്നുണ്ടെങ്കിൽ ഞാൻ അത്രമാത്രം ഹൊറിബിൾ ആക്ടർ ആയിരിക്കണം, ഞാൻ അങ്ങനെയാണോ എന്നുള്ളതിൽ എനിക്ക് സംശയമുണ്ട്. എന്നാൽ ഞാൻ ഒരു മോശം ആക്ടർ ആണെങ്കിൽ എനിക്ക് മനസ്സിലാകും എനിക്ക് എന്തുകൊണ്ട് അവസരങ്ങൾ കിട്ടുന്നില്ല എന്ന്. പക്ഷേ എനിക്ക് പരിമിതമായ സിനിമകൾ മാത്രം കിട്ടുകയും ഒപ്പം നിങ്ങൾക്ക് മാർക്കറ്റ് വാല്യു ഇല്ല എന്നവർ കുറ്റപ്പെടുത്തുകയും ചെയ്താലോ? എത്ര നയൻതാരമാർ നമുക്കുണ്ട്? ഒന്ന് മാത്രം മതിയോ നമുക്ക്? നയൻതാരയ്ക്ക് ഇന്ന് കാണുന്ന മാർക്കറ്റ് വാല്യു ഉണ്ടാക്കി എടുക്കാൻ എത്ര വർഷം വേണ്ടി വന്നു. നിങ്ങൾ പറയുന്നത് ആ ഒരു ഒറ്റ വ്യക്തിയെ നോക്കി അവരെങ്കിലും ഉണ്ടല്ലോ എന്നു കരുതി ഞങ്ങൾ സന്തോഷിക്കണം എന്നാണോ? ഏതൊരു പുരുഷതാരവും ചെയ്യുന്ന അതേ ജോലി വർഷങ്ങളോളം ചെയ്തിട്ടും ഇപ്പോഴും അവർ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ശരിയല്ല. എല്ലാവർക്കും തോന്നാം ഇതില്ലേ? ഇതിൽ സന്തോഷിച്ചു കൂടെ എന്നൊക്കെ. ഞങ്ങൾക്ക് വേണ്ടത് ആയിരക്കണക്കിന് നയൻതാരമാരെയാണ്. അതുകൊണ്ട് തന്നെ തുല്യവേതനത്തെക്കുറിച്ച് നമുക്ക് സംസാരിക്കണമെങ്കിൽ നിങ്ങൾക്ക് നയൻതാര ഇല്ലേ എന്ന തരത്തിലുള്ള പോയിന്റുകൾ ഉണ്ടാകാതിരിക്കുകയാണ് ആദ്യം വേണ്ടത്

Related Stories

No stories found.
logo
The Cue
www.thecue.in