ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമം, ആസ്വദിക്കുന്നത് കൊണ്ടല്ല പ്രതികരിക്കാത്തത്: ഹണി റോസ്

ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമം, ആസ്വദിക്കുന്നത് കൊണ്ടല്ല പ്രതികരിക്കാത്തത്: ഹണി റോസ്
Published on

ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി ഒരു വ്യക്തി തന്നെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ്. താന്‍ പോകുന്ന ചടങ്ങുകളിലും സ്ഥലങ്ങളിലും മനപൂര്‍വം വരികയും കഴിയുന്ന ഇടങ്ങളിലെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തന്റെ പേര് സമൂഹമാധ്യമങ്ങളിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നുവെന്നും ഹണി റോസ് പറയുന്നു. ഇത്തരം കാര്യങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും പ്രതികരിക്കാത്തത് അയാള്‍ പറയുന്നതെല്ലാം ആസ്വദിക്കുന്നതോ അംഗീകരിക്കുന്നതോ കൊണ്ടല്ലെന്നും തനിക്ക് പ്രതികരണശേഷി ഇല്ല എന്നതല്ല അതിന്റെ അര്‍ത്ഥമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹണി പറഞ്ഞു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കുക എന്നതാണ് തന്റെ രീതി എന്നും ഹണി റോസ് വ്യക്തമാക്കി.

ഹണി റോസിന്റെ പോസ്റ്റ്:

നമസ്‌കാരം,

ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനഃപൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവൃത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല.

Related Stories

No stories found.
logo
The Cue
www.thecue.in