ഹോളിവുഡ് സ്തംഭിക്കുന്നു; തിരക്കഥാകൃത്തുക്കൾക്ക് പിന്തുണയുമായി അഭിനേതാക്കൾ, അറുപത് വർഷത്തിന് ശേഷമുള്ള വലിയ സമരം

ഹോളിവുഡ് സ്തംഭിക്കുന്നു; തിരക്കഥാകൃത്തുക്കൾക്ക് പിന്തുണയുമായി അഭിനേതാക്കൾ, അറുപത് വർഷത്തിന് ശേഷമുള്ള വലിയ സമരം

കഴിഞ്ഞ അറുപത് വർഷത്തിനിടെ ആദ്യമായി ഹോളിവുഡിൽ അരങ്ങേറുന്ന തിരക്കഥാകൃത്തുക്കളുടെ അടച്ചു പൂട്ടൽ സമരത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ഹോളിവുഡ് താരങ്ങൾ. പതിനൊന്ന് ആഴ്ചയായി തുടരുന്ന ഹോളിവുഡ് സിനിമ ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കൾ കഴിഞ്ഞ രാത്രിയാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏകദേശം 160,000 കലാകാരന്മാർ അർദ്ധരാത്രിയിൽ ജോലി അവസാനിപ്പിക്കും. ഇതോടെ അമേരിക്കയിലെ ബഹുഭൂരിപക്ഷം ചലച്ചിത്ര-ടിവി പ്രൊഡക്ഷനുകളും നിലയ്ക്കും. റിലീസിനിനൊരുങ്ങുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്മറിന്റെ ലണ്ടൻ പ്രീമിയറിൽ നിന്ന് കിലിയൻ മർഫിയും എമിലി ബ്ലണ്ടും അടക്കമുള്ള താരങ്ങൾ ഇന്നലെ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് തിരിച്ച് പോയിരുന്നു. 1960 ൽ നടനും പിന്നീട് പ്രസിഡന്റുമായ റൊണാൾഡ് റീഗൻ നേതൃത്വം നൽകിയ ഹോളിവുഡ് സമരത്തിന് ശേഷം ഹോളിവുഡിൽ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകളും ഒരേസമയം പണിമുടക്കുന്നത് ഇതാദ്യമാണ്.

വാൾട്ട് ഡിസ്‌നി കമ്പനി, നെറ്റ്ഫ്‌ലിക്‌സ് ഇൻക് എന്നിവയുൾപ്പെടെയുള്ള സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആന്റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സുമായി ഒരു പുതിയ തൊഴിൽ കരാറിൽ ഏർപ്പെടുന്നതിനുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഏകദേശം 160,000 കലാകാരന്മാർ ഉൾപ്പെടുന്ന സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടത്തുക, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പതിനൊന്ന് ആഴ്ച മുൻപ് ഹോളിവുഡിലെ എഴുത്തുകാർ സമരം ആരംഭിച്ചത്. ഈ സമരത്തിനെ പിന്തുണച്ചു കൊണ്ടാണ് ഇപ്പോൾ ഹോളിവുഡ് അഭിനേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. അഭിനേതാക്കളുടെ സമരം യൂണിയനുകളുമായി ബന്ധമില്ലാത്ത സ്വതന്ത്ര പ്രൊഡക്ഷനുകൾ ഒഴികെ വൻ സ്റ്റുഡിയോകളുടെ അടക്കം സിനിമകളുടെയും ടെലിവിഷൻ ഷോകളുടെ നിർമ്മാണങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആന്റ് റേഡിയോ ആർട്ടിസ്റ്റ് അഥവാ SAG-AFTRA ആണ് സമരത്തില്‍ പങ്കുചേരുന്നത്‌. അഭിനേതാക്കളെ റിപ്ലേയ്‌സ് ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് മുഖങ്ങളും ശബ്ദങ്ങളും ഉപയോഗിക്കില്ലെന്ന ഉറപ്പും ഇവർ ആവശ്യപ്പെടുന്നുണ്ട്.

നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ ഇപ്പോൾ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക ഭാഷാ കണ്ടന്റുകളാണ് പുതുതായി ഇറക്കുന്നത്. അതായത് ഹോളിവുഡ് പ്രൊഡക്ഷൻസ് വരുന്നില്ല. യുഎസ് വിനോദ വ്യവസായത്തിലെ ഉപഭോക്തൃ ചെലവിന്റെ 90% വും ടിവിക്കും ഡിജിറ്റൽ സബ്സ്‌ക്രിപ്ഷനുകൾ വഴിയാണ് ലഭിക്കുന്നത് എന്നതിനാൽ വൻ വരുമാന നഷ്ടമാണ് സമരത്താൽ ഉണ്ടാകാൻ പോകുന്നത് എന്നാണ് മുന്നറിയിപ്പ്.

ഞങ്ങളുടെ ടിവി ഷോകൾക്കും സിനിമകൾക്കും ജീവൻ നൽകുന്ന പ്രകടനക്കാരില്ലാതെ സ്റ്റുഡിയോകൾക്ക് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ സമരം തീർച്ചയായും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ഫലമല്ലെന്നും സിനിമ വ്യവസായത്തെ ആശ്രയിക്കുന്ന എണ്ണമറ്റ ആയിരക്കണക്കിന് ആളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു പാത ഖേദപൂർവ്വം യൂണിയൻ തിരഞ്ഞെടുത്തു എന്നും സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ്, അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് അഥവാ എ.എം.പി.റ്റി.പി തീരുമാനത്തെ അപലപിച്ചു.

സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡിൽ ടോം ക്രൂസ്, ആഞ്ജലീന ജോളി, ജോണി ഡെപ്പ് എന്നിങ്ങനെയുള്ള എ-ലിസ്റ്റ് താരങ്ങൾ ഉൾപ്പെടെ 160,000 കലാകാരന്മാർ ഉൾപ്പെടുന്നു. മെറിൽ സ്ട്രീപ്പ്, ബെൻ സ്റ്റില്ലർ, കോളിൻ ഫാരൽ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ സമരത്തിന് അനുകൂലമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ഈ സമരത്തിൽ മുൻ നിര താരങ്ങളുടെ സാമ്പത്തിക കരാർ ബാധകമല്ല. സാധാരണ എ-ലിസ്റ്റ നടന്മാർക്ക് സ്റ്റുഡിയോകളുമായി വ്യക്തിഗത കരാറാണ്. എന്നാൽ ഈ വൻ താരങ്ങൾ സമരത്തിന് പിന്തുണ നൽകുന്നത്. സമരം തീർക്കാനുള്ള ചർച്ചകളിൽ സ്റ്റുഡിയോകൾക്ക് വലിയ സമ്മർദ്ദമാകും.

സ്‌ട്രൈഞ്ചർ തിംഗ്‌സ്, ദ ഹാന്റ്‌മെയിഡ് ടെയിൽ തുടങ്ങിയ ജനപ്രിയ പരമ്പരകളുടെ നിർമ്മാണം സമരം മൂലം ബാധിച്ചിട്ടുണ്ട്. പണിമുടക്കുകൾ തുടർന്നാൽ ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വൻകിട ചിത്രങ്ങളുടെ റിലീസ് വയ്ക്കും എന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in