ടൊവിനോയ്ക്കൊപ്പം ഡി.ഐ.ജി ആർ കേശവദാസ് ആയി ചേരൻ, 'നരിവേട്ട'യിലെ ക്യാരക്ടർ പോസ്റ്റർ

ടൊവിനോയ്ക്കൊപ്പം ഡി.ഐ.ജി ആർ കേശവദാസ് ആയി ചേരൻ, 'നരിവേട്ട'യിലെ ക്യാരക്ടർ പോസ്റ്റർ
Published on

നരിവേട്ടയിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ടൊവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഡി.ഐ.ജി ആർ കേശവദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്. ഒരു പൊളിറ്റിക്കൽ ഡ്രാമയായി ഒരുങ്ങുന്ന ചിത്രമാണ് നരിവേട്ട. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിയ്ക്കുന്ന ചിത്രമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് ചേരൻ തന്റെ സംവിധാന ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാള ചലച്ചിത്ര സംവിധായകനായ ഹെൻ‌റിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു. മനുഷ്യബന്ധങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ സംവിധാനം ചെയ്ത ചേരൻ തുടക്കത്തിൽ തന്നെ കരിയറിൽ മുന്നേറ്റം നടത്തുകയും ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടുകയും ചെയ്തു. ആഗോളവൽക്കരണം ഇന്ത്യൻ മധ്യവർഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങൾ കൂടി അദ്ദേഹം പിന്നീട് സിനിമയുടെ ഭാഗമാക്കി. ഓട്ടോഗ്രാഫ് (2004), തവമൈ തവമിരുന്നു (2005), പിരിവോം സന്തിപ്പോം (2008), യുദ്ധം സെയ് (2011) തുടങ്ങിയവയാണ് ചേരന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങൾ. വെട്രി കൊടി കാട്ട്, ഓട്ടോഗ്രാഫ്, തവമൈ തവമിരുന്ധു എന്നീ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് മൂന്ന് തവണ ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു.

വലിയ കാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, ചേരൻ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിജയ് ആണ് എഡിറ്റിം​ഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in