'ചെകുത്താന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവന്‍ വരും'; എമ്പുരാന്‍ തിരക്കഥ പൂര്‍ത്തിയായി

'ചെകുത്താന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവന്‍ വരും'; 
എമ്പുരാന്‍ തിരക്കഥ പൂര്‍ത്തിയായി

മുരളി ഗോപിയുടെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന 'എമ്പുരാന്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിന്റെ ആദ്യഭാഗം ലൂസിഫര്‍ തന്നെയാണ് ആ കാത്തിരിപ്പിന് കാരണം. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായ സൂചനകള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുകയാണ്.

ചിത്രത്തിന്റെ തിരക്കഥയുടെ ചിത്രം പങ്കുവെച്ച് ലോഞ്ചിന് റെഡിയായെന്നായിരുന്നു മുരളിഗോപി ഫേസ്ബുക്കിൽ കുറിച്ചത്. ആ മുരളിഗോപിയുടെ പോസ്റ്റിന് കീഴെ 'കലാപമുയരുമ്പോള്‍ ഇരുള്‍ വീഴുമ്പോള്‍ ചെകുത്താന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവന്‍ വരും' എന്ന് പൃഥ്വിരാജും കമന്റ് ചെയ്തു.

മോഹന്‍ലാലിന്റെ 62-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് അടുത്ത വര്‍ഷം വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമുണ്ടാകുമെന്ന് തന്നെയാണ് സൂചന. നേരത്തെ ചിത്രത്തിന്റെ ഓപ്പണിംഗ് ഷോട്ട് മുതല്‍ മനസിലുണ്ടെന്ന് പൃഥ്വി 'ദ ക്യു' അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തിയത്. വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായിരുന്നു.

ഖുറേഷി എബ്രഹം എന്ന് പേരുള്ള രാജ്യാന്തര സ്വാധീനമുള്ള ഡോണ്‍ ആണ് സ്റ്റീഫന്‍ എന്ന് പറഞ്ഞുവച്ചാണ് ലൂസിഫര്‍ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ സീക്വലായ എമ്പുരാന്‍ പ്രഖ്യാപനം സമയം മുതലെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രവുമാണ് എമ്പുരാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in