'ചന്ദ്രമുഖിയിലേക്ക് സജസ്റ്റ് ചെയ്യുന്നത് രജിനി സാറാണ്'; മണിച്ചിത്രത്താഴ് ചെയ്യാൻ ഒരു നിവൃത്തിയുമില്ലായിരുന്നുവെന്ന് വിനീത്

'ചന്ദ്രമുഖിയിലേക്ക് സജസ്റ്റ് ചെയ്യുന്നത് രജിനി സാറാണ്'; മണിച്ചിത്രത്താഴ് ചെയ്യാൻ ഒരു നിവൃത്തിയുമില്ലായിരുന്നുവെന്ന് വിനീത്

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിൽ അഭിനയിക്കാൻ കഴിയാതായി പോയതിനെക്കുറിച്ച് പറഞ്ഞ് നടൻ വിനീത്. തുടർച്ചയായി സിനിമകൾ ചെയ്യുന്ന സമയമായിരുന്നതിനാൽ ചിത്രം ചെയ്യാൻ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. തമിഴിൽ ചിത്രം റീമേക്ക് ചെയ്യുന്ന സമയത്ത് രജിനികാന്ത് ആണ് തന്നെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത് എന്നും വിനീത് ദ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'മണിച്ചിത്രത്താഴ്' ചിത്രീകരണം ചെയ്യുന്ന സമയത്ത് ഹരിഹരൻ സംവിധാനം ചെയ്ത 'പരിണയ'വും ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും, ആദ്യം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾക്ക് മുൻഗണന കൊടുക്കുകയെന്നതിനാലാണ് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ പോയത് എന്നും വിനീത് പറയുന്നു.

വിനീത് പറഞ്ഞത്;

അന്ന് ഞാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. പിന്നെ ആദ്യം കമ്മിറ്റ് ചെയ്ത സിനിമക്ക് മുൻഗണന കൊടുക്കുക എന്നതെയുള്ളൂ. എന്നും സംവിധായകരോട് മറ്റൊരു ചിത്രം ഉണ്ട് ഡേറ്റ്‌സ് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിക്കാനുള്ള സാധ്യതയുണ്ട്. എന്റെ കാര്യത്തിലൊക്കെ അത് ഒരുപാട് തവണ നടന്നിട്ടുണ്ട്. പക്ഷേ മണിച്ചിത്രത്താഴ് ചെയ്യാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. പാച്ചിക്ക ലാലേട്ടന്റെയും, സുരേഷേട്ടന്റെയും ഡേറ്റ് കിട്ടാൻ വേണ്ടി പല സംവിധായകരോട് കൂടെ ചേർന്ന് രണ്ട് യൂണിറ്റ് ആയാണ് സിനിമ ചെയ്തു കൊണ്ടിരുന്നത്. ഈ കഥാപാത്രത്തെ മുഴുവൻ സമയം വേണമായിരുന്നു. എന്നാൽ ഇപ്പുറത്ത് 'പരിണയ'ത്തിൽ തിലകൻ ചേട്ടന്റെയും അമ്പിളി ചേട്ടന്റെയും കോമ്പിനേഷൻ ആയിരിന്നു. ഹരൻ സർ ശ്രമിച്ചതാണ്. ഞാൻ ചോദിച്ചിരുന്നു. പക്ഷെ ആ സമയം 'കളിപ്പാട്ട'ത്തിന്റെ ഒക്കെ ഡേറ്റ്‌സ് ആയി ക്ലാഷ് ആയതാണ്. ചന്ദ്രമുഖിയിലേക്ക് സജസ്റ്റ് ചെയ്യുന്നത് രജിനി സാറാണ്. മുഖ്യമന്ത്രി ജയലളിത അമ്മയെ അഭിനന്ദിക്കുന്ന ഒരു പരിപാടിയിൽ ഓപ്പണിങ് ചെയ്യുന്നത് ഞാനായിരുന്നു. അന്ന് രജിനി സർ അവിടെയുണ്ടായിരുന്നു. അന്നായിരിക്കണം സർ ശ്രദ്ധിച്ചത്.

അഖിൽ സത്യന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തിയ 'പാച്ചുവും അത്ഭുതവിളക്കു'മെന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വിനീത് സംസാരിച്ചത്. ചിത്രം മെയ് 26 മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്. അഞ്ജന ജയപ്രകാശ്, മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഞാൻ പ്രകാശൻ' എന്ന സിനിമക്ക് ശേഷം ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in