മോഹന്‍ലാലും മമ്മൂട്ടിയും ആ സെറ്റുകളില്‍ തന്ന കോണ്‍ഫിഡന്‍സ് അപാരമായിരുന്നു: ഹരിശ്രീ അശോകന്‍

മോഹന്‍ലാലും മമ്മൂട്ടിയും ആ സെറ്റുകളില്‍ തന്ന കോണ്‍ഫിഡന്‍സ് അപാരമായിരുന്നു: ഹരിശ്രീ അശോകന്‍
Published on

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും കൂടെ അഭിനയിക്കുമ്പോള്‍ അവര്‍ തരുന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ് എന്ന് ഹരിശ്രീ അശോകന്‍. അന്‍വര്‍ റഷീദ് ചിത്രം അണ്ണന്‍ തമ്പിക്ക് ഇടയില്‍ മമ്മൂട്ടിയും വി.എം. വിനു ചിത്രം ബാലേട്ടന്‍ നടക്കുമ്പോള്‍ മോഹന്‍ലാലും വലിയ ഡയലോഗുകള്‍ പറയുമ്പോള്‍ സഹായിച്ചത് എങ്ങനെയാണ് എന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് ഹരിശ്രീ അശോകന്‍.

ഹരിശ്രീ അശോകൻ്റെ വാക്കുകൾ

പൊള്ളാച്ചിയിൽ മമ്മൂക്കയുടെ കൂടെ ഷൂട്ട് നടക്കുകയായിരുന്നു. മമ്മൂക്ക ഡബിൾ റോളിൽ ആയിരുന്നു. ഒരാൾക്ക് സംസാരിക്കാൻ സാധിക്കില്ല. അണ്ണൻ തമ്പി സിനിമയുടെ ലൊക്കേഷൻ. ഒരു മമ്മൂക്കയുടെ കൂടെ ഞാനും ഉണ്ട്. വലിയൊരു മീറ്റിംഗ് നടക്കുകയാണ്. എനിക്ക് കുറച്ച് നീളമുള്ള ഡയലോഗ് ആണ്. ഒരു തവണ പറഞ്ഞു, തെറ്റി. രണ്ടാമതും പറഞ്ഞു, തെറ്റി. മമ്മൂക്ക ക്യാമറയുടെ പുറകിൽ എന്തോ ലാപ്ടോപ്പിൽ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. മൂന്നാമത്തെ ടെയ്ക്കിന് മുമ്പ് പുള്ളി അവിടെ നിന്നും വിളിച്ചു പറഞ്ഞു, അശോകാ, ആ ഡയലോഗ് രണ്ടായി മുറിച്ച് പറ, ഇടയിൽ ഒരു പൗസ് ഇട്ടു പറ എന്ന്. ഞാൻ അതുപോലെ ചെയ്തു, ടേയ്ക് ഓകെ ആയി. ഇതെല്ലാം നമുക്കും ഒരു പുതിയ അറിവ് ആണല്ലോ.

ഇത് പോലെ തന്നെയായിരുന്നു ബാലേട്ടൻ സിനിമയുടെ സെറ്റിൽ മോഹൻലാൽ എന്നെ രക്ഷിച്ചത്. അന്ന് ഷൂട്ടിന് ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കാണാനും ഒരുപാട് പേർ വന്നിരുന്നു. തലേ ദിവസം വലിയൊരു ഡയലോഗ് ഞാൻ എളുപ്പത്തിൽ പറഞ്ഞിരുന്നു. പക്ഷേ ആ ദിവസം അതിനു സാധിച്ചില്ല. വെറുതെ തെറ്റിച്ചു കൊണ്ടിരുന്നു. അപ്പൊ ലാലേട്ടൻ വന്നു ചോദിച്ചു, ഇതിലും വലിയ ഡയലോഗ് ഇന്നലെ പറഞ്ഞതനല്ലോ, ഇന്ന് എന്തു പറ്റി എന്ന്. ഞാൻ പറഞ്ഞു, വലിയ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ട്, മോശമായി പോകുമോ എന്ന പേടി ഉള്ളതുകൊണ്ട് ആണ് എന്ന് പറഞ്ഞു. ലാലേട്ടൻ എൻ്റെ ചെവിയിൽ വന്നു പറഞ്ഞു, ഇവിടെ നമ്മൾ ആണ് സൂപ്പർ സ്റ്റാർ എന്ന് മനസിൽ കരുതി പെർഫോം ചെയ്യ് എന്ന്. അടുത്ത ടെയ്ക്ക് ഓകെ ആയി.

Related Stories

No stories found.
logo
The Cue
www.thecue.in