
മമ്മൂട്ടിയുമായി അഭിനയിക്കുമ്പോൾ വലിയ എനർജിയാണ് ലഭിക്കാറെന്ന് നടൻ ഹരിശ്രീ അശോകൻ. പല സെറ്റുകളിലും താൻ അത് അനുഭവിച്ചിട്ടുണ്ട്. രാക്ഷസരാജാവിന്റെ സെറ്റിലേക്ക് ഞാൻ വരുമ്പോൾ തന്നെ കളിയാക്കിക്കൊണ്ട് അവിടേക്ക് സ്വാഗതം ചെയ്തത് മമ്മൂട്ടിയാണ്. അന്ന് നടന്ന രസരകരമായ സംഭവം ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ.
ഹരിശ്രീ അശോകന്റെ വാക്കുകൾ
രാക്ഷസരാജാവിലാണ് മമ്മൂട്ടിയുമായി ആദ്യമായി ഇത്ര കോമ്പിനേഷൻ സീനുകൾ ഞാൻ അഭിനയിക്കുന്നത്. അപ്പോൾ മറ്റൊരു സിനിമയുടെ കണ്ടിന്വിറ്റി ഉള്ളതുകൊണ്ട് താടി വടിക്കാൻ സാധിക്കില്ല. പക്ഷെ, ഇതിൽ പൊലീസുകാരനായി റോളുമുണ്ട്. ഞാൻ ഇക്കാര്യം സംവിധായകൻ വിനയനോട് പറഞ്ഞു. എന്തെങ്കിലും മാർഗം കണ്ടുപിടിക്കാം എന്ന് അദ്ദേഹവും പറഞ്ഞു. മമ്മൂക്കയോട് പറഞ്ഞുനോക്കാം എന്നായിരുന്നു അടുത്ത മറുപടി. പിന്നെയാണ് ബ്ലേഡ് അലർജിയാണ് തുടങ്ങിയ കാര്യങ്ങൾ ആഡ് ഓൺ ആകുന്നത്.
രാക്ഷസരാജാവിന്റെ ഷൂട്ടിനായി ഉദയ സ്റ്റുഡിയോയിൽ എത്തുമ്പോൾ മരത്തിന് ചോട്ടിൽ മമ്മൂക്കയും കുറച്ച് കൂട്ടുകാരും കൂടി ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നെ കണ്ടതും എഴുന്നേറ്റ് നിന്ന് വണങ്ങി. സെറ്റിലേക്ക് വരുമ്പോൾ താടി മാത്രമായിരുന്നില്ല, കുറച്ച് മുടി കൂടി ഉണ്ടായിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു, എന്തായാലും താടി കളയുന്നില്ല, ആ മുടിയെങ്കിലും കുറച്ച് വെട്ടിക്കൂടേ, പൊലീസുകാരനാണ് എന്ന്. ഞാൻ പറഞ്ഞു, മറ്റൊരു പടത്തിന്റെ കണ്ടിന്വിറ്റി ആയതുകൊണ്ടാണ് എന്ന്. പിന്നെ പോയി കുറച്ച് മുടി വെട്ടിക്കളഞ്ഞ് അഭിനയിച്ചു. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ നമുക്ക് ഭയങ്കര എനർജിയാണ്. അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല.