
സിനിമ ജീവിതത്തിന്റെ നാൽപ്പതാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ തന്റെ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അടുത്തൊരു സിനിമ കിട്ടുമെന്ന് തോന്നിയിരുന്നില്ല എന്ന് പറയുകയാണ് നടൻ ഹരിശ്രീ അശോകൻ. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ നിന്നാണ് തുടങ്ങിയത്. അന്ന് ആ വേഷം ചെയ്തതിന് ശേഷം ഹരിശ്രീ എന്ന ട്രൂപ്പ് നോക്കേണ്ട ചുമതലയും തനിക്കുണ്ടായിരുന്നുവെന്നും അതിനോട് അത്രമാത്രം ആത്മാർത്ഥതയുണ്ട് എന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഹരിശ്രീ അശോകന്റെ വാക്കുകൾ
അന്ന് നമുക്ക് നമുക്ക് പലതും നമ്മുടെ തോന്നൽ ആണല്ലോ. എപ്പോഴും അങ്ങനെത്തന്നെ ആണല്ലോ. അന്ന് മിമിക്രി എന്ന കലയെ കൊണ്ടുനടന്നവരിൽ യൂണിവേഴ്സിറ്റി വിന്നർ ആയാൽ അത് വലിയ സംഭവമായി മാറും. അന്ന് പത്താം ക്ലാസ് കഴിഞ്ഞ് സാഹചര്യങ്ങൾ കൊണ്ട് എനിക്ക് കോളെജിൽ പോകാൻ സാധിച്ചില്ല. എനിക്ക് പോണം എന്ന് തോന്നാൻ കാരണം, കേളേജിൽ പഠിച്ച് എനിക്ക് മിമിക്രിയിലോ മോണോ ആക്ടിലോ യൂണിവേഴ്സിറ്റി വിന്നർ ആകണം എന്ന ആഗ്രഹമായിരുന്നു. പിന്നീട് സിനിമയിലേക്ക് വന്നപ്പോഴാണ് മനസിലായത്, നമ്മൾ ആഗ്രഹിച്ച ഒരു കാര്യം നടന്നില്ലെങ്കിൽ, അവിടെ നിൽക്കരുത്, അടുത്ത വഴി വെട്ടിക്കോളണം.
അപ്പോഴും മിമിക്രി കൊണ്ട് നല്ല നിലയിലെത്തണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. സിനിമ സ്വപ്നത്തിൽ മാത്രമായിരുന്നു. പക്ഷെ, എങ്ങനെയോ എത്തിപ്പെട്ടു. പപ്പൻ പ്രിയപ്പെട്ട പപ്പനായിരുന്നു ആദ്യത്തെ സിനിമ. ശരിക്കും പറയുകയാണെങ്കിൽ, നാൽപ്പതാമത്തെ വർഷത്തിലേക്ക് വരികയാണ്. ആദ്യ സിനിമയിൽ ഒന്നും ചെയ്യാൻ ഇല്ലായിരുന്നെങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം അത് വലിയ വേഷമാണ്. അവിടന്ന് സിനിമ ജീവിതം തീർന്നും എന്നുതന്നെയാണ് കരുതിയത്. കാരണം, അപ്പോഴും ഈ ഹരിശ്രീയെ കൊണ്ടുനടക്കുന്നത് ഞങ്ങളാണ്. അത്രയ്ക്ക് ഇഷ്ടമാണ്, ആത്മാർത്ഥതയാണ് ട്രൂപ്പും സ്റ്റേജുമെല്ലാം.