
ആദ്യ കാലങ്ങളിൽ തനിക്കായി ഡബ്ബ് ചെയ്തിരുന്നത് മദ്രാസിൽ ഉണ്ടായിരുന്ന ഒരു മൊട്ട ശങ്കർ ആയിരുന്നുവെന്ന് ഹരിശ്രീ അശോകൻ. തൂമ്പയെടുത്ത് കിളയ്ക്കുന്ന സമയത്തും സമയം കിട്ടിയാൽ അപ്പോൾ തന്നെ സ്റ്റേജിലേക്ക് ഓടും എന്ന് പണ്ട് ഞാൻ പറഞ്ഞത് സത്യമാണ്. ആളുകൾ നമ്മെ തിരിച്ചറിയാൻ തുടങ്ങിയപ്പോഴാണ് സിനിമ കൊള്ളാവുന്ന പരിപാടിയാണല്ലോ എന്ന് തോന്നി തുടങ്ങിയതെന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഹരിശ്രീ അശോകന്റെ വാക്കുകൾ
തൂമ്പയെടുത്ത് കിളയ്ക്കുന്ന സമയത്തും സമയം കിട്ടിയാൽ അപ്പോൾ തന്നെ സ്റ്റേജിലേക്ക് ഓടും എന്ന് പണ്ട് ഞാൻ പറഞ്ഞത് സത്യമാണ്. തുടക്ക കാലത്തും മുന്നോട്ട് നയിച്ചത് സിനിമ മാത്രമാണ്. ഒരുപാട് വേഷങ്ങൾ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു വേഷത്തിൽ ശ്രദ്ധിക്കപ്പെടുമ്പോഴാണ് ആ പാഷൻ കുറച്ചുകൂടി കൂടുന്നത്. കാരണം ആളുകൾ നമ്മളെ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ, ഇത് നല്ല പരിപാടിയാണല്ലോ എന്ന് തോന്നി തുടങ്ങി. പക്ഷെ, അപ്പോഴും എന്റെ മറുവശം എന്നുപറയുന്നത് ഹരിശ്രീ എന്ന ട്രൂപ്പാണ്. അതിനെ കൈവിടാൻ ഞാൻ തയ്യാറല്ല. ഞാനും കൂടി ഇറങ്ങിയിരുന്നെങ്കിൽ, അന്ന് അത് അവസാനിപ്പിച്ചേനേ. എൻ.എഫ്. വർഗീസ് സിനിമയിലേക്ക് വന്നു, സിദ്ദിഖ് ലാൽ പോയി, ഞങ്ങളൊക്കെ കൂടിയാണ് ഹരിശ്രീ തുടങ്ങിയത്. അപ്പോൾ ഞാനും കൂടി പോയാൽ അതിന്റെ അവസ്ഥ എന്താകും എന്നൊരു വേദന മനസിൽ ഉണ്ടായിരുന്നു. അതുകൊണ്ട് കുറേക്കാലം അതിൽത്തന്നെ പിടിച്ച് നിന്നു.
തുടക്ക കാലത്തെല്ലാം എനിക്ക് ഡബ്ബ് ചെയ്തുകൊണ്ടിരുന്നത് മൊട്ട ശങ്കർ എന്ന ശങ്കറാണ്. അന്ന് കൂടുതലും ഡബ്ബിങ് മഡ്രാസിലായിരുന്നു. പിന്നീട് ഞാൻ സ്വന്തമായി ഡബ്ബ് ചെയ്യാൻ തുടങ്ങിയപ്പോൾ ശങ്കർ പറഞ്ഞിട്ടുണ്ട്, നിങ്ങൾ ഭയങ്കര സ്പീഡ് ആയാണ് സംസാരിക്കാറ്, ഡബ്ബ് ചെയ്യാൻ ഭയങ്കര പാടാണ് എന്ന്. കാരണം, ഞാനൊരു മിമിക്രി കലാകാരനാണ്. സ്വാഭാവികമായും ആ സ്പീഡ് അഭിനയത്തിലും ഉണ്ടാകുമല്ലോ.